രാസവളങ്ങള്‍ക്ക് അമിതവില; ഹരിതസേന പ്രക്ഷോഭത്തിന്
കല്‍പ്പറ്റ: രാസവളങ്ങള്‍ക്ക് എം.ആര്‍.പി നിരക്കിനേക്കാള്‍ കൂടുതല്‍ വില ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് ഹരിതസേന ഈ മാസം നാലിന് കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. എം.ആര്‍.പി നിരക്കിലേ സാധനങ്ങള്‍ വില്‍ക്കാന്‍ പാടുള്ളുവെന്ന ഉപഭോക്ത സംരക്ഷണനിയമം ജില്ലയിലെ രാസവള കച്ചവടക്കാരില്‍ പലരും പാലിക്കുന്നില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചു. എം.ആര്‍.പി 284 രൂപ വിലയുള്ള യൂറിയ 325 രൂപയ്ക്കും 384 രൂപയുള്ള സൂപ്പര്‍ ഫോസ്‌ഫേറ്റ് 425 രൂപയ്ക്കും 550 രൂപയുള്ള പൊട്ടാഷ് 580 രൂപയ്ക്കുമാണ് പല കടകളിലും വില്‍ക്കുന്നത്.
മുട്ടില്‍, മീനങ്ങാടി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ വില്‍പന നടത്തുന്ന ഒരു സ്ഥാപനത്തില്‍ ഇത്തരത്തില്‍ നിരവധി കര്‍ഷകരാണ് വഞ്ചിതരാകുന്നത്. അമിതവില ചോദ്യം ചെയ്യുമ്പോള്‍ കൃഷി ഉദ്യോഗസ്ഥന്റെ സമ്മതത്തോടെയാണ് ഞങ്ങള്‍ ഇതു ചെയ്യുന്നതെന്നാണ് മറുപടി. നടപടി സ്വീകരിക്കേണ്ട കൃഷിവകുപ്പ് അധികൃതര്‍ നിസംഗത പാലിക്കുകയാണ്. കാര്‍ഷിക ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കുക, കര്‍ഷകര്‍ക്ക് ശമ്പളം അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം സുരേന്ദ്രന്‍, പി.എന്‍ സുധാകരസ്വാമി, എം.കെ ജെയിംസ്, കെ മാധവന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."