ടൂറിസത്തിന്റെ അനന്ത സാധ്യതകളുമായി കാവുഞ്ചിറ തുരുത്ത് 7.9 കോടിയുടെ പദ്ധതി നടപ്പാക്കും
ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് രൂപരേഖ സമര്‍പ്പിച്ചു
ചെറുവത്തൂര്‍: മടക്കര തുറമുഖത്തോടു ചേര്‍ന്നുള്ള കാവുഞ്ചിറ തുരുത്തിനെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനു ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിന്റെ പദ്ധതി. 7.9 കോടി രൂപ ചെലവു കണക്കാക്കുന്ന പദ്ധതിയുടെ രൂപരേഖ സര്‍ക്കാറിനു സമര്‍പ്പിച്ചു. പദ്ധതി നടപ്പായാല്‍ ജില്ലയിലെ ഹൗസ് ബോട്ട് ടൂറിസത്തിന് അതു പുത്തനുണര്‍വാകും. നിലവില്‍ തേജസ്വിനിയില്‍ അച്ചാംതുരുത്തി, കോട്ടപ്പുറം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പതിനഞ്ചിലധികം ഹൗസ് ബോട്ടുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ബോട്ടുകളില്‍ യാത്രചെയ്യുന്നവര്‍ക്ക് ഇടത്താവളം എന്ന രീതിയില്‍ തുരുത്തിനെ മാറ്റിയെടുക്കാനാണു പദ്ധതി. പ്രകൃതിദത്തമായി പുഴയില്‍ രൂപപ്പെട്ട തുരുത്താണിത്. മടക്കര ബോട്ടു ചാല്‍ ഒരുക്കുമ്പോള്‍ നീക്കം ചെയ്യുന്ന മണല്‍ കൂടി നിക്ഷേപിച്ചു ഇതിന്റെ വിസ്തൃതി കൂട്ടും. അരികുകള്‍ കെട്ടി സംരക്ഷണം ഏര്‍പ്പെടുത്തും. തുരുത്തില്‍ ലഘുഭക്ഷണശാലകളും വിനോദോപാധികളും സ്ഥാപിക്കും.
ഇവിടെ നിന്ന് അഴിത്തലയിലേക്കുള്ള കാഴ്ച വശ്യമനോഹരമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് വിസ്തൃതമായ തുരുത്തായിരുന്നു ഇതെന്നും വീടുകള്‍ പോലും തുരുത്തില്‍ ഉണ്ടായിരുന്നുവെന്നും പ്രദേശത്തുള്ളവര്‍ പറയുന്നു. എന്നാല്‍ അനധികൃത മണലൂറ്റലിനെ തുടര്‍ന്നു തുരുത്തിന്റെ വിസ്തൃതി കുറഞ്ഞുവരികയായിരുന്നു.
തേജസ്വിനിയില്‍ നിന്നാരംഭിച്ചു കവ്വായി പുഴയിലൂടെ തീരദേശത്തിന്റെ സൗന്ദര്യം ആസ്വദിച്ചു കടന്നു പോകാവുന്ന തരത്തിലാണ് ഇവിടെ ഹൗസ് ബോട്ടുകള്‍ സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്. ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നിരവധി വിദേശ വിനോദ സഞ്ചാരികളും വലിയ പറമ്പ്, കോട്ടപ്പുറം, അച്ചാംതുരുത്തി എന്നിവിടങ്ങളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
കാവുഞ്ചിറ തുരുത്തില്‍ പദ്ധതി നടപ്പിലായാല്‍ കൂടുതല്‍ പേരെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണു കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."