കൃഷിഭവന്‍ വിതരണം ചെയ്യുന്നത് ഗുണമേന്‍മ ഇല്ലാത്ത സാധനങ്ങള്‍
മാനന്തവാടി: കൃഷിഭവനില്‍ നിന്നും വിതരണം ചെയ്യുന്ന ഡോളമെറ്റ്, വേപ്പിന്‍ പിണ്ണാക്ക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഗുണമേന്‍മയില്ലാത്തതും കൃഷിക്ക് ദോഷം വരുത്തുന്നതുമാണെന്ന് ആരോപണം. കൃഷിഭവന്‍ വിതരണം ചെയ്ത ഡോളമെറ്റും വേപ്പിന്‍ പിണ്ണാക്കുമിട്ട വള്ളികള്‍ മുഴുവനായും ഉണങ്ങി നശിച്ച് പോവുകയാണ്. മില്ലിലെ വേസ്റ്റും, കാപ്പി തൊണ്ടും 30 ശതമാനം കറിയുപ്പും ചേര്‍ത്ത് വേപ്പെണ്ണ സ്‌പ്രേ ചെയ്ത് കമ്പനി പുറത്തിറക്കുന്ന സാധനമാണ് വിതരണം ചെയ്യുന്നത്. ഇതിന് കമ്പനി വില കിലോക്ക് 14 രൂപയും സര്‍ക്കാര്‍ നല്‍കുന്നത് 22 രൂപയുമാണ്.
ഡോളമെറ്റ് കാത്സ്യം അടങ്ങിയിട്ടില്ലാത്ത പാറപ്പൊടി കമ്പനി ചാക്കില്‍ നിറച്ച് വരുന്നതാണ്. 75 ശതമാനം കാത്സ്യം അടങ്ങിയിട്ടുള്ള ഡോളമെറ്റ് കിലോക്ക് രണ്ട് രൂപ 60 പൈസക്ക് വലിയ തോട്ടങ്ങളില്‍ കമ്പനികള്‍ നേരിട്ട് ഇറക്കി കൊടുക്കുന്നുണ്ട്. ഡോളമെറ്റിന് സര്‍ക്കാര്‍ കൊടുക്കുന്നത് 5 രൂപ 50 പൈസയാണ്. സൂഡോമോണസ്സും ടെക്കോഡര്‍മയും കാര്‍ഷിക ഗവേഷണകേന്ദ്രം സ്വകാര്യ കമ്പനികള്‍ക്ക് നിര്‍മിക്കാന്‍ കരാര്‍ കൊടുക്കലാണ്. നിറം ചേര്‍ത്ത ഗുണമേന്മയില്ലാത്ത സൂഡോമോണസ്സിന് ലിറ്ററിന് 400 രൂപ വിലയാണ്. ഒരു വര്‍ഷം ഏകദേശം മൂന്നു കോടി രൂപയുടെ ഇത്തരം സാധനങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കീശയിലാക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതൊടൊപ്പം ഉപ്പും പാറപ്പൊടിയും കുരുമുളക് വള്ളികള്‍ നശിക്കാനും കാരണമായി തീരുന്നു.
വയനാട്ടിലെ മണ്ണില്‍ അമ്ലം കുടുതലാണ്. ഇതിനുള്ള പ്രതിവിധിയാണ് ഡോളമെറ്റും വേപ്പിന്‍ പിണ്ണാക്കും എന്നാണ് കൃഷി വകുപ്പിന്റ അവകാശവാദം. എട്ടു വര്‍ഷമായി ഇതേ സാധനങ്ങള്‍ കര്‍ഷകര്‍ക്ക് സ്ഥിരം കൊടുത്ത് കൊണ്ടിരിക്കുന്ന കമ്പനികളില്‍ കര്‍ഷക സംഘടനകള്‍ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ തട്ടിപ്പിനെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.
കുരുമുളക് പുനരുദ്ധാരണം, വികസനം, സോയില്‍ അമിലിയോറന്റ് ഈ പേരുകളിലൊക്കെയാണ് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യം കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടനിലക്കാരായി നിന്ന് തട്ടിയെടുക്കുന്നത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."