വനംവകുപ്പും പൊലിസും രണ്ടുതട്ടില്‍; മാവോവാദികളെ കണ്ടെത്താനാകാതെ അധികൃതര്‍
കരുളായി: മാവോവാദികള്‍ നിലമ്പൂര്‍ വനമേഖല വിട്ടുപോയിട്ടില്ലെന്ന് പൊലിസ് തന്നെ വ്യക്തമാക്കുമ്പോഴും അവരെ പിടികൂടാന്‍ പൊലിസിനാകുന്നില്ല. പൊലിസും വനം വകുപ്പും വേര്‍തിരിഞ്ഞ് വനത്തില്‍ പരിശോധന ശക്തമാക്കുന്നുണ്ടെങ്കിലും ഈ രണ്ടുവകുപ്പുകളും ഏകോപിപ്പിച്ചു പരിശോധന നടത്താന്‍ തയാറായിട്ടില്ല. ഇത് മാവോയിസ്റ്റുകള്‍ക്ക് ഏറെ സൗകര്യമാകുന്നു. കാടുമായി ഏറെ ബന്ധമുള്ള വനപാലകരെ പൊലിസിനൊപ്പം തെരച്ചിലില്‍ പങ്കെടുപ്പിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. നിലമ്പൂര്‍ കാടുകളില്‍ വച്ച് പൊലിസും മാവോവാദികളും നേര്‍ക്കുനേര്‍ കാണുകയും പരസ്പരം വെടിയുതിര്‍ക്കുകയും ചെയ്യുന്നത് ആദ്യസംഭവമാണ്. പൊലിസിന്റെ മൂക്കിന്‍തുമ്പില്‍ നിന്നു രക്ഷപ്പെട്ട മാവോവാദികളെ കണ്ടെത്താനോ, കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനോ പൊലിസിനായിട്ടില്ല.
സര്‍ക്കാര്‍ കോടികള്‍ മുടക്കി തണ്ടര്‍ബോള്‍ട്ട്, ആന്റി നക്‌സല്‍ സ്‌ക്വാഡ് തുടങ്ങിയ പ്രത്യേകം പരിശീലനം നല്‍കിയ സേനകളെയും പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ മലയോര സ്റ്റേഷനുകളിലെ എസ്.ഐ, സി.ഐമാരെയും മേഖലയില്‍ വിന്യസിപ്പിച്ചിട്ട് പോലും ഫലമുണ്ടായിട്ടില്ല. മവോവാദി പരിശോധനക്കായി 25 ലക്ഷം രൂപ മുടക്കി വാങ്ങിയ അമേരിക്കന്‍ നിര്‍മിത പൊളാരിസ് എന്ന പ്രത്യേക വാഹനവും ഇന്ന് കട്ടപ്പുറത്താണ്. മാവോവാദി പരിശോധനകള്‍ക്കായി കോടിക്കണക്കിന് രൂപ ഈ ഇനത്തില്‍ ചെലവഴിച്ചു കഴിഞ്ഞുവെന്നാണ് കണക്ക്. പല സ്റ്റേഷനുകളിലെയും എസ്.ഐമാര്‍ ഇന്ന് ഈ കാരണം പറഞ്ഞ് ഇരട്ടിശമ്പളവും കൈപ്പറ്റുന്നുണ്ട്.
കഴിഞ്ഞദിവസം മുണ്ടക്കടവില്‍ പൊലിസുമായി നടത്തിയ വെടിവെപ്പിന് ശേഷം ചില മാധ്യമപ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചു ആദ്യം വെടിയുതിര്‍ത്തവര്‍ ഞങ്ങള്‍ തന്നെയെന്ന് മാവോവാദികള്‍ പറഞ്ഞിരുന്നു. അക്ബര്‍ എന്ന പേരില്‍ മാവോവാദി വക്താവാണ് ഇത്തരത്തില്‍ ഫോണില്‍ സംഭാഷണം നടത്തിയത്. എന്നാല്‍ കോളനികളില്‍ എത്തുന്ന മാവോവാദി സംഘത്തില്‍ ഒരു മലയാളി മാത്രമാണുള്ളതെന്നാണ് ആദിവാസികള്‍ പറയുന്നത്. അത് സോമനാണ് താനും.
അങ്ങനെയെങ്കില്‍ മാധ്യമ പ്രവര്‍ത്തകരുമായി ഫോണില്‍ മലയാളത്തില്‍ സംസാരിക്കുന്നത് സോമന്‍ തന്നെയാണെന്നും പൊലിസിന് സംശയമുണ്ട്. സാധാരണ ഗതിയില്‍ മാവോവാദികള്‍ കോളനിയിലുണ്ടെന്ന വിവരം പൊലിസിന് ലഭിച്ചാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് പൊലിസ് കാട്ടിലേക്ക് പോവാറ്. കഴിഞ്ഞ വെടിവെപ്പ് നടന്ന ദിവസം മാത്രമാണ് പൂക്കോട്ടുംപാടം എസ്.ഐയുടെ നേതൃത്വത്തില്‍ പൊലിസ് ഉടന്‍ തന്നെ വനത്തിനുള്ളില്‍ കയറിയത്. നിലവില്‍ മലപ്പുറം ജില്ലയില്‍ ഏഴ് കേസുകളാണ് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളത്. വനത്തിലുള്ളില്‍ ആയുധധാരികളെ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസുകള്‍ എടുത്തിട്ടുള്ളത്.
ഈ വര്‍ഷം പൂക്കോട്ടുംപാടത്തെ ടി.കെ കോളനി പൂന്തോട്ടം കടവിലെ വനം ഔട്ട് പോസ്റ്റ് തീയിട്ടതും വാച്ചര്‍മാരെ തട്ടിക്കൊണ്ടുപോയതും പ്രധാന സംഭവങ്ങളാണ്. കഴിഞ്ഞവര്‍ഷം ഇതേ സ്ഥലത്തെ വാച്ചര്‍മാര്‍ക്ക് നേരെ വെടിയുതിര്‍ത്തതും വനംവകുപ്പിന് നേരെ നടത്തിയ മാവോവാദി ആക്രമണങ്ങളാണ്. അതിന് ശേഷം മുണ്ടക്കടവില്‍ പൊലിസിന് നേരെയും വെടിവെപ്പു നടന്നു. കേന്ദ്ര സേനയുടെ സഹായത്താല്‍ വനമേഖലയില്‍ ശക്തമായ പരിശോധന നടത്തിയാല്‍ ഇവരെ പിടികൂടാന്‍ കഴിയുമെന്നിരിക്കേ അതിനുള്ള നടപടികളൊന്നുമുണ്ടാകുന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."