പ്രവാസി ഭാരതീയ കേന്ദ്രം ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്കു വേണ്ടി ഡല്‍ഹിയില്‍ നിര്‍മിച്ച പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ (പി.ബി.കെ) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ രാവിലെ 11.30നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ അധ്യക്ഷതയിലാണു ചടങ്ങു നടന്നത്.
ഇന്ത്യയുമായി സഹകരിക്കാനുള്ള മറ്റു രാജ്യങ്ങളുടെ താല്‍പര്യം കൂടിവരികയാണെന്നു കേന്ദ്രം ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികമേഖലയ്ക്കു മികച്ച സംഭാവന നല്‍കുന്ന പ്രവാസികളെ മറക്കാനാകില്ല.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദേശത്തെ സംഘര്‍ഷഭരിതമായ സ്ഥലങ്ങളില്‍ നിന്നു നിരവധി ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. സംഘര്‍ഷത്തില്‍ കുടുങ്ങിയ മറ്റു രാജ്യക്കാരെയും രക്ഷിക്കാന്‍ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡല്‍ഹി ചാണക്യപുരിയില്‍ ജീസസ് ആന്‍ഡ് മേരി കോളജിനു സമീപം രണ്ടര ഏക്കര്‍ സ്ഥലത്ത് 90 കോടി രൂപയോളം ചെലവിട്ടാണു പ്രവാസി ഭാരതീയ കേന്ദ്രം പണികഴിപ്പിച്ചത്.
2004ലെ പ്രഥമ പ്രവാസിദിന സമ്മേളനത്തില്‍ പ്രധാനമന്ത്രി എ.ബി വാജ്‌പെയ് ആണു കേന്ദ്രം പ്രഖ്യാപിച്ചത്. 2011ല്‍ വയലാര്‍ രവി പ്രവാസികാര്യ മന്ത്രിയായിരിക്കെ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കെട്ടിടത്തിനു തറക്കല്ലിട്ടു.
അടുത്തവര്‍ഷം ജനുവരി ഏഴു മുതല്‍ ബംഗളൂരുവില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനു മുന്നോടിയായാണു കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. 2015 ജനുവരിയിലെ പ്രവാസി സമ്മേളനത്തിനു മുന്‍പായി കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുമെന്നു നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നെങ്കിലും അതു നീണ്ടുപോകുകയായിരുന്നു. നിര്‍മാണപ്രവൃത്തികള്‍ തീരാതെ ധൃതിപിടിച്ചാണു കേന്ദ്രത്തിന്റെ ഉദ്ഘാടനമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."