കശ്മിരിലെ പുല്‍വാമയില്‍ മുന്‍ സര്‍പഞ്ചിനെ തീവ്രവാദികള്‍ വധിച്ചു യുവാക്കള്‍ക്കായുള്ള റെയ്ഡിനിടെ പൊലിസ് വീടുകളും കെട്ടിടങ്ങളും തകര്‍ത്തതായി ആരോപണം
ശ്രീനഗര്‍: കശ്മിരില്‍ മുന്‍ ഗ്രാമത്തലവനെ തീവ്രവാദികള്‍ വധിച്ചു. ദക്ഷിണ കശ്മിരിലെ പുല്‍വാമാ ജില്ലയിലാണു സംഭവം.
പ്രതിപക്ഷ പാര്‍ട്ടിയായ നാഷനല്‍ കോണ്‍ഫറന്‍സുമായി ബന്ധമുള്ള മുന്‍ സര്‍പഞ്ച് ഫയാസ് അഹ്മദ് ബട്ടാണു കൊല്ലപ്പെട്ടത്. 30 വയസായിരുന്നു. കകാപൊറ മേഖലയിലെ കാന്തിസാല് ഗ്രാമത്തിലെ സ്വവസതിയില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം അദ്ദേഹത്തെ പരുക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിലെ യഥാര്‍ഥ പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അക്രമികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും പൊലിസ് പറഞ്ഞു.
അതിനിടെ, ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് 86 ദിവസമായി താഴ്വരയില് നിലനില്‍ക്കുന്ന അശാന്തിക്കിടെ ഇന്നലെ തെക്കന്‍ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ആക്രമങ്ങള്‍ നടന്നു. കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേന നടത്തിയ റെയ്ഡിനിടെ താമസസ്ഥലങ്ങളും മറ്റു കെട്ടിടങ്ങളും തകര്‍ത്തതായി നാട്ടുകാര്‍ ആരോപിച്ചു. പശുതൊഴുത്തുകളും വൈക്കോല്‍ കൂനകളും പൊലിസ് തീവച്ചു നശിപ്പിച്ചെന്നും നാട്ടുകാര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്നു നാട്ടുകാര്‍ തെരുവിലിറങ്ങി സൈന്യത്തിനെതിരേ പ്രതിഷേധിച്ചു. കുല്‍ഗാം പൊലിസ് സൂപ്രണ്ട് ശ്രീധര്‍ പട്ടേല്‍ വാര്‍ത്ത നിഷേധിച്ചു. സൈന്യത്തിനു നേരെ കല്ലെറിഞ്ഞ ഒന്‍പതു പേരെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നതിനിടെ സൈന്യത്തിനു നേരെ ഒരുകൂട്ടം യുവാക്കള്‍ കല്ലെറിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.
കശ്മിരില്‍ തെക്കന്‍, കിഴക്കന്‍ മേഖലകളില്‍ തീവ്രവിഭാഗങ്ങളുമായി ബന്ധമുള്ള യുവാക്കള്‍ക്കായി പൊലിസും പാരാമിലിറ്ററിയും സംയുക്തമായി രാത്രി സമയങ്ങളില്‍ റെയ്ഡ് തുടരുകയാണ്. ഇതെ തുടര്‍ന്നു പ്രദേശത്തെ മിക്ക യുവാക്കളും ഒളിവിലാണുള്ളത്. മേഖലയില്‍ ദിവസങ്ങളായി വ്യാപാര സ്ഥാപനങ്ങളും കടകമ്പോളങ്ങളും സ്കൂളുകളും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതവും നിലച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."