ഗാന്ധിജയന്തി വാരാചരണം ജില്ലാതല ഉദ്ഘാടനം
പാലക്കാട് : ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുമുതല്‍ എട്ടുവരെ നടക്കുന്ന വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതുശ്ശേരി കൈലാസ് നഗര്‍ റിക്രിയേഷന്‍ ക്ലബ്ബില്‍ നടന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് വാരാചരണം നടത്തുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്. അലിക്കുഞ്ഞ് വാരാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. പുതുശ്ശേരി പഞ്ചായത്ത് അംഗം പാലാഴി ഉദയകുമാര്‍ അധ്യക്ഷനായി.
ചടങ്ങിനോടനുബന്ധിച്ച് പുതുശ്ശേരി ബസ് സ്റ്റോപ്പില്‍ നിന്നും കൂട്ടയോട്ടവും സംഘടിപ്പിച്ചു. ഫ്രാപ്പ് പ്രസിഡന്റ് പി. ഗോപിനാഥന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗാന്ധിയന്‍ പേരൂര്‍ പി. രാജഗോപാലന്‍, കലാകാരന്‍മാരായ പ്രണവം ശശി, രാമസ്വാമി പുലവര്‍ എന്നിവരെ ആദരിച്ചു.
കോളനി ട്രഷറര്‍ പി. ജനാര്‍ദ്ദനന്‍ ഗാന്ധി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് പ്രണവം ശശിയുടെ നേതൃത്വത്തില്‍ നാടന്‍ പാട്ടുകളും രാമസ്വാമി പുലവരുടെ തോല്‍പ്പാവക്കൂത്തും അരങ്ങേറി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ മൂന്ന്, നാല്, അഞ്ച്, എട്ട് തിയതികളില്‍ യഥാക്രമം നിയമം, പേവിഷബാധ പ്രതിരോധം, ആരോഗ്യ വിദ്യാഭ്യാസം, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തും. ഒക്ടോബര്‍ ആറിന് ഗാന്ധിയന്‍ സെമിനാറും ഏഴിന് സൗജന്യ പ്രമേഹരോഗ പരിശോധനാ ക്യാംപും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."