മലയാളികളടക്കമുള്ള 15 യുവതികള്‍ സഊദിയില്‍ ദുരിതത്തില്‍
നാടുകടത്തല്‍ കേന്ദ്രത്തില്‍ കനിവുകാത്തു ഒന്‍പതുപേര്‍
ദമാം: ഏജന്റുമാരുടെ കൊടിയ വഞ്ചനയെത്തുടര്‍ന്നു സഊദിയിലെത്തി ശമ്പളമില്ലാതെ പതിനഞ്ചു യുവതികള്‍ ദുരിതത്തില്‍. ഇവരില്‍ ആറുപേര്‍ നാടുകടത്തല്‍ കേന്ദ്രത്തിലെത്തി. മാസങ്ങളായി ക്യാംപില്‍ കഴിഞ്ഞിരുന്ന ഇവര്‍ പുറത്തിറങ്ങിയപ്പോഴാണ് പൊലിസ് പിടികൂടി നാട് കടത്തല്‍ കേന്ദ്രമായ തര്‍ഹീലില്‍ എത്തിച്ചത്. എന്നാല്‍ ഒന്‍പതുപേരുടെ മോചനത്തിനുള്ള ഫൈനല്‍ എക്‌സിറ്റിനായി സാമൂഹികപ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണ്.
ആറു പേര്‍ അഞ്ചു ദിവസം മുന്‍പാണ് താമസ രേഖയില്ലാത്തതിനെ തുടര്‍ന്ന് പരിശോധനയില്‍ കുടുങ്ങിയത്. നാല് മലയാളികള്‍ ഉള്‍പ്പടെയുള്ള ആറുപേരും പൊലിസ് പിടിയിലാകുകയായിരുന്നു. കൊല്ലം ചാത്തന്നൂര്‍ വിജി വിമല്‍, സരോജിനി സുരേന്ദ്രന്‍, അഞ്ചല്‍ വിളക്കുപാറ രമ്യ ശോഭന, രജി ശോഭന, എന്നീ മലയാളികളും ഹൈദരാബാദ് സ്വദേശിനികളായ അനീസ ബീഗം ഖാന്‍, ആരിഫാബീഗം എന്നിവരാണ് നാടുകടത്തല്‍ കേന്ദ്രത്തിലുള്ളത്. മലയാളികളായ മെര്‍ലിന്‍ വര്‍ഗീസ്, സൂസമ്മ രാജമ്മ, ബിന്ദു സുനില്‍കുമാര്‍, സുമ ജോഷി, റസിയാബി അഷ്‌റഫ്, തഞ്ചാവൂര്‍ സ്വദേശിനി ജ്യോതി, ഹൈദരാബാദ് സ്വദേശിനികളായ ബല്‍ക്കീസ്, ഷമീന ബീഗം, നാസിയ ബീഗം എന്നിവരാണ് ഇഖാമയും മറ്റു രേഖകളുമില്ലാതെ ക്യാംപില്‍ ദുരിതത്തിലുള്ളത്.
എറണാകുളത്തെ സബ് ഏജന്റ് മുഖേനയാണ് മുംബൈയിലെ റിക്രൂട്ട്‌മെന്റ് കമ്പനി യുവതികളെ കൊണ്ടുവന്നത്. ആശുപത്രി ശുചീകരണത്തിനെന്ന പേരില്‍ യാതൊരു തൊഴില്‍ കരാറും നല്‍കാതെയാണ് ഇവരെ റിയാദില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയുള്ള അല്‍ ഹസയിലെത്തിച്ചത്. താമസരേഖ നല്‍കാതെ തൊഴിലെടുപ്പിച്ചു. അഞ്ചുമാസത്തിനു ശേഷം ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ഇവര്‍ കമ്പനി അധികൃതരെ സമീപിച്ചു. തുടര്‍ന്ന് ആറു പേരെ റിയാദിലേക്ക് തിരിച്ചയച്ചു. ശമ്പളം ചോദിച്ചപ്പോള്‍ ബാക്കിയുള്ളവരെയും റിയാദിലേക്ക് എത്തിച്ചു. തുടര്‍ന്നു ബന്ധുക്കള്‍ നാട്ടില്‍ നിന്നും ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഇവരുടെ മോചനത്തിനായി രംഗത്തത്തിയത്.
ഈ ആഴ്ച തന്നെ ലേബര്‍ ഓഫിസില്‍ പരാതി നല്‍കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."