എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത തിരൂര്‍ സ്വദേശിക്കെതിരേ മുന്‍പും കേസുണ്ടെന്ന് പൊലിസ്
തിരൂര്‍: കണ്ണൂരിലെ പാനൂര്‍ പെരിങ്ങത്തൂരിനടുത്ത കനകമലയില്‍ നിന്ന് ഐ.എസ് ബന്ധം ആരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തില്‍പ്പെട്ട തിരൂര്‍ പൊന്‍മുണ്ടം സ്വദേശി സഫ്‌വാനെതിരേ മുന്‍പും കേസുണ്ടെന്ന് പൊലിസ്. 2007ല്‍ കോട്ടക്കല്‍ പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലും സഫ്‌വാന്‍ പ്രതിയാണെന്ന് പൊലിസ് വ്യക്തമാക്കി. എന്നാല്‍ ടൂര്‍ പോകാനെന്നു പറഞ്ഞാണ് കഴിഞ്ഞദിവസം സഫ്‌വാന്‍ പോയതെന്ന് മാതാവ് പറഞ്ഞു. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച വൈകിട്ടാണ് പൊന്മുണ്ടം സ്വദേശി പൂക്കാട്ടില്‍ വീട്ടില്‍ സഫ്‌വാനെ (30)യും കൂട്ടുകാരെയും പിടികൂടിയത്. രാജ്യദ്രോഹ കുറ്റം അടക്കം ഒന്‍പതു വകുപ്പുകള്‍ ചുമത്തിയാണ് സഫ്‌വാനെയും മറ്റു അഞ്ചുപേരെയും എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.
ഭീകര സംഘടനയായ ഇസ്‌ലാമിക്ക് സ്റ്റേറ്റു (ഐഎസ്) മായുള്ള ബന്ധമാരോപിച്ചാണ് എന്‍.ഐ.എ അറസ്റ്റ്. എന്നാല്‍ സംശയകരമായ രീതിയിലുള്ള പെരുമാറ്റം ഇതുവരെയും സഫുവാനില്‍ നിന്നും ഉണ്ടായിട്ടില്ലെന്നാണ് മാതാവ് പറയുന്നത്. മകനെ അറസ്റ്റ് ചെയ്‌തെന്ന വിവരം ഞായറാഴ്ച രാത്രി പൊലിസുകാര്‍ റെയ്ഡിന് എത്തിയപ്പോയാണ് അറിഞ്ഞതെന്നും വീട്ടില്‍ പൊലിസുകാര്‍ പരിശോധന നടത്തിയതായും മാതാവ് വ്യക്തമാക്കി.
സഫ്‌വാന്റെ പിതാവ് ചെറുപ്പത്തിലേ മരണപ്പെട്ടതാണ്. മാതാവും ഏക സഹോദരി, ഭാര്യ ചെറിയ രണ്ട് കുട്ടികള്‍ എന്നിവര്‍ക്കൊപ്പം വൈലത്തൂര്‍ പൊന്‍മുണ്ടത്താണ് സഫ്‌വാന്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോഴിക്കോട് ഒരു ദിനപത്രത്തില്‍ ഡിസൈനറായി ജോലിചെയ്തു വരികയാണ്. ഞായറാഴ്ച രാത്രിയില്‍ പൊലിസിന്റെ സഹായത്തോടെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ സഫ്‌വാന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.
സഫ്‌വാന്‍ ഉപയോഗിച്ചിരുന്ന പെട്ടി, അലമാര എന്നിവയും ടാബ്ലെറ്റും പുസ്തകങ്ങളും പരിശോധിച്ചു. ഇന്നലെ രാവിലെ കല്‍പകഞ്ചേരി പൊലിസെത്തി വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയതായി മാതാവ് പറഞ്ഞു. സഫ്‌വാന്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡിപി.ഐ പ്രവര്‍ത്തകനാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."