കയ്പമംഗലവും ദേശമംഗലവും ഇനി തെരഞ്ഞെടുപ്പ് ചൂടില്‍
കയ്പമംഗലം: ഒക്‌ടോബര്‍ 21 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമ നിര്‍ദേശ പത്രിക സമര്‍പ്പണം കഴിഞ്ഞു.ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷന്‍ യു.ഡി.എഫ്.സ്വതന്ത്ര സ്ഥാനാര്‍ഥിയായി അഡ്വ: ഒ.എസ്.നഫീസയും എല്‍.ഡി.എഫ്.സ്ഥാനാര്‍ഥിയായി എ.ഐ.എസ്.എഫ്.ജില്ലാ പ്രസിഡന്റ് ബി.ജി.വിഷ്ണുവും ബി.ജെ.പി.സ്ഥാനാര്‍ഥിയായി മുന്‍ സി.പി.എം നേതാവും പെരിഞ്ഞനം ഗ്രാമപഞ്ചായത്തംഗവുമായിരുന്ന കെ.ബി.അജയ്‌ഘോഷും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി റഷീദ് പൊന്നാത്തുമാണ് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എ.കൗശിഗന്‍ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസ് വെള്ളൂര്‍, ഡി.സി.സി ജന: സെക്രട്ടറിമാരായ കെ.എഫ്.ഡൊമിനിക്, സി.സി.ബാബുരാജ്, പി.എം.എ.ജബ്ബാര്‍, മുസ്‌ലിംലീഗ് ജില്ലാ ജന: സെക്രട്ടറി ഇ.പി.ഖമറുദ്ദീന്‍, മണ്ഡലം പ്രസിഡന്റ് പി.ബി.താജുദ്ദീന്‍ എന്നിവര്‍ക്കൊപ്പമാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ: നഫീസ പത്രിക സമര്‍പ്പിക്കാനെത്തിയത്.
സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, സെക്രട്ടറി പി.ബാലചന്ദ്രന്‍, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.പി സന്ദീപ്, സെക്രട്ടറി ടി.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബി.ജി വിഷ്ണുവിനൊപ്പം പത്രിക സമര്‍പ്പിക്കാനെത്തിയിരുന്നു. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എ.രാജേഷ്, മണ്ഡലം പ്രസിഡന്റ് ടി.എസ്.അനില്‍കുമാര്‍, ആര്‍.ആര്‍.രാധാകൃഷ്ണന്‍ എന്നിവരോടൊപ്പമാണ് ബി.ജെ.പി.സ്ഥാനാര്‍ഥി കെ.ബി.അജയ്‌ഘോഷ് പത്രിക സമര്‍പ്പിക്കാനെത്തിയത്.
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.കെ.ഷാജഹാന്‍, സെക്രട്ടറി ഹംസ എളനാട്, മണ്ഡലം സെക്രട്ടറി കെ.എസ്.നിസാര്‍ തുടങ്ങിയ നേതാക്കള്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി റഷീദ് പൊന്നാത്തിനൊപ്പം സന്നിഹിതരായിരുന്നു. പി.ഡി.പി.സ്ഥാനാര്‍ഥിയായി കെ.കെ.അബ്ബാസും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എല്‍.ഡി.എഫ്, യു.ഡി.എഫ്.ഡമ്മി സ്ഥാനാര്‍ഥികളടക്കം ആകെ ഏഴു പത്രികകളാണ് വരണാധികാരി മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളത്. ആറാം തിയ്യതിയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. അതിനു ശേഷമേ ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷനിലേക്ക് മത്സരിക്കുന്ന യഥാര്‍ഥ സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമാവുകയൊള്ളൂ.
നാമ നിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതിനാല്‍ സ്ഥാനാര്‍ഥികള്‍ ഇനി ജന സമക്ഷത്തിലേക്കിറങ്ങാനുള്ള പടപ്പുറപ്പാടിലാണ്. വിവിധ പഞ്ചായത്തുകളിലായി വാര്‍ഡ് കണ്‍വന്‍ഷനുകള്‍ മുന്നണികള്‍ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ വോട്ടഭ്യര്‍ഥനയുമായി സ്ഥാനാര്‍ഥികള്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങുന്നതോടെ കയ്പമംഗലം വീണ്ടുമൊരു വീറുറ്റ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സാക്ഷ്യം വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."