ദിവസക്കൂലിക്കാരെ പിരിച്ചു വിടാന്‍ ഉത്തരവ്
പാലക്കാട്: കൃഷി വകുപ്പിലെ ദിവസക്കൂലിക്കാരെ ഒഴിവാക്കണമെന്ന ഉത്തരവ് നിലവില്‍ വന്നെങ്കിലുംവിവിധ പ്രോജക്റ്റുകളില്‍ ഉയര്‍ന്ന തസ്തികകളില്‍ കരാര്‍ നിയമനം നല്‍കിയവര്‍ ഇപ്പോഴും അതതു തസ്തികകളില്‍ തുടരുകയാണ്. ആത്മ, സീഡ് അതോറിറ്റി, ലീഡ്‌സ്, പച്ചക്കറി വികസനം, ഹെല്‍ത്ത് ക്രോപ് പ്രോജക്ടുകളുടെ നടത്തിപ്പ് ചുമതലയുള്ളവരെയാണ് വകുപ്പ് ഇപ്പോഴും നില നിര്‍ത്തികൊണ്ടിരിക്കുന്നത്. ഇവരെല്ലാം കൃഷി വകുപ്പിലെ ഉന്നത തസ്തികകളില്‍ ജോലി ചെയ്തു പിരിഞ്ഞു 50000 രൂപ മുതല്‍ ഒരു ലക്ഷം വരെ പെന്‍ഷന്‍ വാങ്ങിക്കുന്നവരാണ്.
അഡി. ഡയറക്ടര്‍, ജോ.ഡയറക്ടര്‍, ഡെ.ഡയറക്ടര്‍, യൂനിവേഴ്‌സിറ്റിലെ ശാസ്തജ്ജന്‍ എന്നി തസ്തികളില്‍നിന്നും വിരമിച്ചവരാണ് മിക്കവരും. ഇവര്‍ക്ക് പെന്‍ഷനായി ലഭിക്കുന്നത് 50000 മുതല്‍ 100000 രൂപ വരെയാണ്. കൃഷിവകുപ്പില്‍ കരാറുജീവനക്കാരായി റിട്ടയര്‍ ചെയ്ത അതെ വകുപ്പിലെ ജീവനക്കാരെ ഒഴിവാക്കണമെന്നാണ് പൊതുചട്ടം. ഒരാള്‍ക്ക് ഒരു സര്‍ക്കാര്‍ ശമ്പളം അല്ലെങ്കില്‍ ആനുകൂല്യം എന്ന തത്വത്തെ വിരമിച്ച ജവാന്മാര്‍ക്ക് നല്‍കിയ നിയമന ഇളവിന്റെ മറവില്‍ ദുരുപയോഗം ചെയ്യുകയാണ്. കേരളത്തില്‍ ഇടതു വലതു സര്‍ക്കാറുകള്‍ മാറി വന്നാലും കൃഷിവകുപ്പിലെ ഇവരുടെ നിയമനത്തില്‍ ആരും ഇടപെടാറില്ല . എന്നാല്‍ ഉത്തരവ് നടപ്പിലാക്കേണ്ടത് ഒഴിവാക്കപ്പെടേണ്ട ഉദ്യോഗസ്ഥര്‍ തന്നെയെന്നത് നടപടിയില്ലാതാക്കുന്നു.
ഇപ്പോള്‍ ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങുന്ന 15തോളം വരുന്ന വിരമിച്ചവര്‍ വിവിധ പദ്ധതികളിലായി എല്ലാത്തിന്റെയും തലപ്പത്തുണ്ട്. ഇവരില്‍ 70 വയസ് പ്രായമായവര്‍ വരെയുണ്ട്. സീഡ് അതോറിറ്റിയില്‍ രണ്ടു പേര്‍, ലീഡ്‌സ് പദ്ധതിയില്‍ നാലു പേര്‍, ആത്മ പദ്ധതിയില്‍ നാലു പേര്‍, സമഗ്രപച്ചക്കറി വികസനപദ്ധതിയില്‍ മോണിറ്ററിങ് സെല്ലിലും ഇറിഗേഷന്‍ പ്ലാനിങ് സെക്ഷനിലുമായി രണ്ടു പേര്‍, ക്രോപ്പ് ഹെല്‍ത്ത് എന്ന പദ്ധതിയില്‍ മൂന്നു പേര്‍ എന്നിങ്ങനെ എല്ലാ കൃഷിവകുപ്പ് പ്രൊജക്റ്റിന്റെയും തലപ്പത്ത് വിരമിച്ചവരുടെ നിയന്ത്രണമാണിപ്പാഴും. കൂടാതെ ജില്ലകളുടെ തലപ്പത്തുമാകുമ്പോള്‍ കൃഷി വകുപ്പ് വിരമിച്ചവരുടെ സുഖവാസ കേന്ദ്രമായിമാറുന്നു. നിലവിലെ ജീവനക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാതെ പ്രൊജക്ക്റ്റിലെ കരാര്‍ ജീവനക്കാര്‍ക്ക് വാഹനവും യാത്രബത്തയും ഭക്ഷണച്ചിലവും താമസവും നല്‍കുന്നുണ്ട്.
കൂടാതെ പഠനക്ലാസുകളും, യാത്രകളുടെയും പേരില്‍ കണക്കുകള്‍ നിരത്തി ലക്ഷങ്ങള്‍ നേടിയെടുക്കുന്നു. സംസ്ഥാന അവാര്‍ഡുകള്‍ നേടി കഴിവ് തെളിയിച്ച പുതിയ തലമുറയില്‍ പെട്ടവര്‍ക്ക് ഒരവസരം ഒരുക്കുക എന്ന ലക്ഷ്യം സാധ്യമാകണമെങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥരെ ഒഴിവാക്കിയേ മതിയാകൂ. അത്യാവശ്യമെങ്കില്‍ അവരെ കണ്‍സള്‍റ്റസി സര്‍വീസിന് ഉപയോഗിക്കാം. കാര്‍ഷിക സര്‍വ്വകലാശാലകളിലെയും സര്‍വീസിലുള്ള സാങ്കേതിതമായി കഴിവുള്ള ഉദ്യോഗസ്ഥരെ കൊണ്ടുവരേണ്ടതാണ്.
ദിവസക്കൂലിക്ക് നിയമിച്ച എല്ലാരേയും പിരിച്ചു വിടാന്‍ ഉത്തരവ് ഇറക്കിയതിനു പിന്നാലെ പുതിയവരെ നിയമിക്കാനും ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇത് ഭരണകക്ഷിയിലുള്ളവരെ തിരുകി കയറ്റാനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."