പ്രധാന അധ്യാപകനെ കുറ്റവിമുക്തനാക്കി അന്വേഷണ റിപ്പോര്‍ട്ട്
കൊല്ലം: സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്താന്‍ വിളിച്ചു വരുത്തിയശേഷം ദലിത് വിഭാഗത്തില്‍പ്പെട്ട വനിതാ പഞ്ചായത്തു പ്രസിഡന്റിനെ പ്രധാന അധ്യപകന്‍ അപമാനിച്ചെന്ന കേസ് വഴിത്തിരുവില്‍. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘം പ്രധാന അധ്യാപകനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധം വ്യാപകമായി. പ്രതിഷേധം ദേശീയതലത്തിലേക്കുയര്‍ത്താന്‍ വിവിധ ദലിത് സംഘടനകള്‍ നീക്കവും തുടങ്ങി.
കൊട്ടാരക്കര ഉമ്മന്നൂര്‍ ഗവണ്‍മെന്റ് എല്‍.പി.എസില്‍ ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലായിരുന്നു സംഭവം. ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഗീതാ കേശവന്‍കുട്ടിക്കാണ് അപമാനം നേരിട്ടത്.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ഉയര്‍ത്താന്‍ പ്രധാന അധ്യാപകന്‍ വിക്ടര്‍ ജെയിംസിന്റെ ക്ഷണപ്രകാരമാണ് വാര്‍ഡ് മെമ്പര്‍ സബിനൊപ്പം ഗീതാ കേശവന്‍കുട്ടി സ്‌കൂളിലെത്തിയത്. പതാക ഉയര്‍ത്തുന്നതിന് മുന്‍പ് ഗീത പ്രസംഗിച്ചിരുന്നു.
തുടര്‍ന്നു പതാക ഉയര്‍ത്താന്‍ സമയമായപ്പോള്‍ ഗീതയുടെ കൈയില്‍ നിന്നും പതാക പിടിച്ചു വാങ്ങുകയും 'പട്ടികജാതിക്കാരി പതാക ഉയര്‍ത്തേണ്ടെ'ന്ന് പറഞ്ഞു പ്രധാനാധ്യാപകന്‍ തന്നെ ഉയര്‍ത്തുകയും ചെയ്‌തെന്നായിരുന്നു പരാതി.
ഗീത ഇതുസംബന്ധിച്ച ് വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിരുന്നു. പരാതി അന്വേഷിക്കാനെത്തിയ വെളിയം എ.ഇ.ഒ ഏകപക്ഷീയമായി അന്വേഷണം നടത്തുകയും പരാതി നിലനില്‍ക്കില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി പ്രധാനാധ്യാപകനെ കുറ്റവിമുക്തനാക്കുകയായിരുന്നെന്നു ഗീത 'സുപ്രഭാത'ത്തോടു പറഞ്ഞു.
അതേസമയം സ്‌കൂള്‍ പി.ടി.എ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നല്‍കിയ വേറൊരു പരാതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് വെളിയം എ.ഇ.ഒ പറയുന്നത്.
പഞ്ചായത്തുപ്രസിഡന്റിന്റെ പരാതി ലഭിച്ചെന്നും ഇക്കാര്യത്തില്‍ വേണ്ടിവന്നാല്‍ അന്വേഷണം നടത്തുമെന്നുമാണ് കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടര്‍ ശ്രീകല കെ.എസ് പറഞ്ഞു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."