സിറിയയില്‍ വിവാഹ ചടങ്ങിനിടെ ചാവേര്‍ സ്ഫോടനത്തില്‍ 32 മരണം
ഹസാകെ: സിറിയയില്‍ വിവാഹ ചടങ്ങിനിടയിലുണ്ടായ ചാവേറാക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വടക്കുകിഴക്കന്‍ സിറിയയില്‍ ഹസാകെ പ്രവിശ്യയിലെ താല് താവില്‍ ഗ്രാമത്തില്‍ കുര്‍ദ് വിഭാഗത്തിന്റെ വിവാഹത്തിനിടെ തിങ്കളാഴ്ച രാത്രിയാണ് ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. മെഷിന് ഗണ്ണും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഐ.എസ് അവകാശവാദം. 40 പേര് കൊല്ലപ്പെട്ടുവെന്നും ഐ.എസ് പറയുന്നു. ഐ.എസ് വിരുദ്ധ പോരാട്ടത്തിന് സിറിയയില്‍ യു.എസ് സൈന്യത്തിന് പിന്തുണ നല്‍കുന്നത് കുര്‍ദ് സൈന്യമാണ്.
വിവാഹചടങ്ങിനിടയിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹാളില്‍ വിവാഹ ചടങ്ങ് നടന്നുകൊണ്ടിരിക്കെ കറുത്ത ജാക്കറ്റ് ധരിച്ചെത്തിയ അപരിചിതനായ ഒരാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന അഹ്്മദ് പറഞ്ഞു. 100 ലേറെ പേര്‍ക്കു സ്ഫോടനത്തില്‍ പരുക്കേറ്റു.
സ്ഫോടനത്തില്‍ വധൂവരന്മാര്ക്ക് നിസാരമായ പരുക്കേറ്റിട്ടുണ്ടെന്നും വരന്റെ പിതാവും സഹോദരനും കൊല്ലപ്പെട്ടതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ വടക്കന്‍ സിറിയയിലെ കുര്‍ദ്ദിഷ് ഭരണകൂടം അപലപിച്ചു.
ഹസാകെ പട്ടണം കുര്‍ദ്ദിഷ് സേനയുടെ കീഴിലാണെങ്കിലും സിറിയയുടെ വടക്കന്‍ മേഖലയില്‍ സിറിയന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍ ഹസാകെ പട്ടണത്തില്‍ ഐ.എസ് പലതവണകളിലായി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് വിവാഹ വേദിയിലുണ്ടായ ചാവേറാക്രമണം. മാസങ്ങള്‍ക്ക് മുമ്പും ഹസാകെയില്‍ കുര്‍ദ് വിവാഹപാര്‍ട്ടിക്കിടെ സ്ഫോടനം നടന്നിരുന്നു. അതിനിടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹമ നഗരത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ രണ്ടു ചാവേറുകള്‍ പൊട്ടിത്തെറിച്ച് മൂന്നു പേര് കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."