തെരുവുനായ്ക്കള്‍ക്കെതിരേ വളര്‍ത്തുനായയുമായി പ്രതിഷേധം
കോഴിക്കോട്: തെരുവുനായ ശല്യത്തിനെതിരേ സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂനിയന്‍ (എസ്.എ.ടി.യു) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുപ്പിച്ചത് വളര്‍ത്തുനായ്ക്കളെ. 'മനുഷ്യ ജീവനേക്കാള്‍ പ്രാധാന്യം തെരുവുനായകള്ക്കോ' എന്ന ചോദ്യം ഉന്നയിച്ചാണ് ഇന്നലെ 11ഓടെ തൊഴിലാളികള്‍ കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. തെരുവുനായ്ക്കള്‍ക്കെതിരേ നടത്തിയ പ്രതിഷേധത്തില്‍ വളര്‍ത്തുനായ്ക്കളെ പിടിച്ചുകെട്ടി കൊണ്ടുവന്നത് കാഴ്ചക്കാരില്‍ ചിരിയുണര്‍ത്തി.
റെയില്‍വേ ലിങ്ക് റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ച് നഗരസഭാ കവാടത്തില്‍ അവസാനിച്ചു. തെരുവുനായ്ക്കളെ പിടിച്ചുകെട്ടി മാര്‍ച്ച് നടത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും സമരക്കാരുടെ ഇഷ്ടത്തിന് നിന്നുകൊടുക്കാന്‍ ഇവയെ കിട്ടാത്തതിനെത്തുടര്‍ന്ന് വളര്‍ത്തുനായ്ക്കളെ കൊണ്ടുവന്ന് പ്രതിഷേധസമരം സംഘടിപ്പിക്കുകയായിരുന്നു. സമരത്തില്‍ പങ്കെടുത്തവര്‍ മേനകാ ഗാന്ധിയുടെ കോലവും കത്തിച്ചു. മാര്‍ച്ച് ജോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രശാന്ത്കുമാര്‍ അധ്യക്ഷനായി. പി.ടി ഹരിദാസ്, ശ്രീജിത്ത്കുമാര്‍, മന്‍സൂര്‍ അഹ്മദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."