കൃഷിവകുപ്പിലെ സ്ഥലംമാറ്റം; ജീവനക്കാര്‍ക്കിടയില്‍ അതൃപ്തി
കല്‍പ്പറ്റ: ജില്ലയില്‍ കൃഷി വകുപ്പിലെ സ്ഥലം മാറ്റത്തില്‍ ജീവനക്കാര്‍ക്കിടയില്‍ വ്യാപകമായ അതൃപ്തി. കൃഷിവകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയോട് അനുഭാവമുള്ള സംഘടനയുടെ നേതാക്കള്‍ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന നടപടികള്‍ സംഘടനക്ക് ആളെ കൂട്ടാനാണെന്നും വ്യക്തിവൈരാഗ്യം തീര്‍ക്കാനാണെന്നും സി.പി.എമ്മിന്റെ ജീവനക്കാരുടെ സംഘടനകള്‍ക്കു പോലും അഭിപ്രായമുണ്ട്. കൃഷി അസിസ്റ്റന്റുമാര്‍, അഡ്മിനിസ്‌ട്രേറ്റിവ് ജീവനക്കാര്‍ തുടങ്ങിയവരുടെ സ്ഥലം മാറ്റമാണ് വിവാദമായിരിക്കുന്നത്. മന്ത്രിയുടെ ഓഫിസിന്റെ പേരിലാണ് പല ഇടപെടലുകളും നടപടികളും ഉണ്ടായത്. എന്നാല്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് മന്ത്രി പ്രതികരിച്ചതെന്നറിയുന്നു. ജില്ലാ കൃഷി ഓഫിസില്‍ ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും സംബന്ധിച്ച തസ്തികകള്‍ കൈകാര്യം ചെയ്യുന്നത് സി.പി.ഐയുടെ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളാണ്. ഭരണമാറ്റമുണ്ടായതിനെ തുടര്‍ന്നാണ് ഈ തസ്തികകളില്‍ ആളുകളെ മാറ്റി നിയമിച്ചത്. അടുത്തിടെ കൃഷി അസിസ്റ്റന്റുമാരുടെ യോഗം ചില നേതാക്കള്‍ വിളിച്ചു കൂട്ടിയിരുന്നു.
ഈ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് ഇഷ്ടപ്പെട്ട ലാവണങ്ങളിലേക്ക് സ്ഥലംമാറ്റം കിട്ടി. പങ്കെടുക്കാത്തവരുടെ അപേക്ഷ പരിഗണിക്കാതെ ദൂരെ സ്ഥലങ്ങളിലേക്ക് മാറ്റിയെന്നാണ് ആക്ഷേപം. തൊട്ടടുത്ത സ്ഥലങ്ങളില്‍ ഒഴിവുണ്ടായിട്ടും ജീവനക്കാരെ ദൂരെ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ കൃഷി അസിസ്റ്റന്റുമാര്‍ക്ക് പ്രത്യേക സംഘടനയില്ല. പുതുതായി കൃഷി അസിസ്റ്റന്റുമാരുടെ സംഘടനയുണ്ടാക്കുകയാണ് നേതാക്കളുടെ ലക്ഷ്യം.
ജില്ലാ കൃഷി ഓഫിസിലെ മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്കായ സി.ഒ ബേബിയുടെ സ്ഥലം മാറ്റമാണ് മറ്റൊരു വിവാദ വിഷയം. വികലാംഗനായ ബേബി ഹൃദ്‌രോഗി കൂടിയാണ്. മൂന്നു തവണ സ്‌ട്രോക്ക് സംഭവിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകനായ ബേബിയെ കല്‍പ്പറ്റ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. അവശത അനുഭവിക്കുന്ന ബേബിയെ മാനുഷിക പരിഗണന വച്ച് സ്ഥലം മാറ്റരുതെന്ന് കൃഷി ഓഫിസിലെ ജീവനക്കാര്‍ ഒന്നടങ്കം രാഷ്ട്രീയ ഭേദമന്യേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭരണാനുകൂല സംഘടനയില്‍ അംഗത്വമെടുക്കാത്തതിന്റെ പേരില്‍ ഇയാളെ സ്ഥലംമാറ്റിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ബേബി ഹൃദ്‌രോഗിയും വികലാംഗനുമായതിനാല്‍ മുമ്പ് വിവിധ സര്‍ക്കാരുകള്‍ ഭരിച്ചപ്പോഴൊക്കെ ഇയാളെ ജില്ലാ ഓഫിസില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. കൂടുതല്‍ ജോലി ഭാരമുള്ള തസ്തികയിലേക്ക് സ്ഥലംമാറ്റിയെന്നറിഞ്ഞ് ശാരീരിക നില വഷളായ ബേബി ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ചാണ് ബേബിയെ സ്ഥലം മാറ്റാന്‍ മേലുദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തിയത്. ബേബിക്കു വേണ്ടി ചിലര്‍ വകുപ്പ് മന്ത്രിയെ കണ്ട് കാര്യം ധരിപ്പിച്ചപ്പോള്‍ താന്‍ ആര്‍ക്കുവേണ്ടിയും അങ്ങനെ വിളിച്ചിട്ടില്ലെന്നാണ് അദേഹം അറിയിച്ചത്. പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തി മേലുദ്യോഗസ്ഥരെ പോലും മാനസികമായി പീഡിപ്പിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ജീവനക്കാര്‍ക്ക് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."