കാടുമൂടി ദേശീയപാത; അപകടങ്ങളും തുടര്‍ക്കഥ
മീനങ്ങാടി: ദേശീയപാതയുടെ ഇരുവശവും കാടുമൂടിയതിനാല്‍ വാഹനങ്ങളും കാല്‍നട യാത്രക്കാരും അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമാകുന്നു. എതിരേ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തവിധം റോഡിലേക്ക് കാട് വളര്‍ന്നിരിക്കുകയാണ്. പൊലിസും മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും ഇതു സംബന്ധിച്ച് ദേശീയപാത അതോരിറ്റിക്ക് പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. റോഡിനോട് ചേര്‍ന്ന് സംരക്ഷണത്തിനായി നിര്‍മിച്ച ട്രാഷ് ബാരിയറുകള്‍ കാണാന്‍ കഴിയാത്തവിധം കാടുമൂടിയിരിക്കുകയാണ്. അപകടങ്ങള്‍ തുടര്‍ക്കഥയായ കൊളഗപ്പാറ, പാതിരിപ്പാലം, കൃഷ്ണഗിരി, മീനങ്ങാടി എഫ്.സി.ഐക്ക് സമീപം, സുധിക്കവല, കാക്കവയല്‍, മുട്ടില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കാല്‍ നടയാത്രക്കു പോലും കഴിയാത്തവിധം റോഡിലേക്ക് കാട് വളര്‍ന്നത്. മുന്‍പ് തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി കാട് വെട്ടിയിരുന്നെങ്കിലും ഇപ്പോള്‍ തൊഴിലുറപ്പില്‍ കാര്‍ഷിക മേഖലയിലെ പണികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇതിനാല്‍ കാട് വെട്ടാന്‍ ദേശീയ പാത അതോറിറ്റിയെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അസൈനാര്‍ പറയുന്നു.
വളവും തിരിവും ഉള്ള പാതയില്‍ അപകടമുന്നറിയിപ്പുകള്‍ നല്‍കുവാന്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ മിക്കവയും കാട് വളര്‍ന്ന് എവിടെയാണെന്ന് പോലും അറിയാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. ഇവിടെ അപകടം പതിവാണ് താനും. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ ദേശീയപാത അതോറിറ്റി ഓഫിസുമായി ബന്ധപ്പെടുമ്പോള്‍ തുടര്‍ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന ആക്ഷേപമുയരുകയാണ്.
റോഡിനിരുവശവും കാട് വളര്‍ന്നത് കാരണം സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പടെയുള്ള കാല്‍നട യാത്രക്കാര്‍ക്ക് റോഡിലൂടെ നടക്കേണ്ട അവസ്ഥയാണുള്ളത്. ഇത് അപകടത്തിനിടയാക്കുന്നുമുണ്ട്. അപകടങ്ങള്‍ പതിവായി നടക്കുന്ന ദേശീയപാതയില്‍ അതോരിറ്റിയുടെ നിരുത്തരവാദപരമായ ഇടപെടലിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."