ഓപ്പറേഷന്‍ അനന്ത വ്യാപിപ്പിക്കുന്നു
ഒറ്റപ്പാലം: നഗരത്തിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഗതാഗതം സുഗമമാക്കാന്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ അനന്ത റവന്യൂ ഡിവിഷണല്‍ പരിധിയിലേക്കും വ്യാപിപ്പിക്കുന്നു. ഒറ്റപ്പാലം നഗരത്തിന് പുറമെ ഒറ്റപ്പാലം ചെര്‍പ്പുളശേരി, ഒറ്റപ്പാലം മണ്ണാര്‍ക്കാട്, പട്ടാമ്പി പാലക്കാട് സംസ്ഥാന പാതകളിലേക്ക് കൂടി ഓപ്പറേഷന്‍ അനന്ത വ്യാപിപ്പിക്കും. മണ്ണാര്‍ക്കാട് നഗരത്തില്‍ നടപ്പിലാക്കിയ ഓപ്പറേഷന്‍ അനന്ത ഒറ്റപ്പാലം നഗരത്തിലും നടപ്പിലാക്കാന്‍ തുടങ്ങിയിരുന്നു. നഗരത്തിന് പുറമെ മറ്റ് റവന്യൂ ഡിവിഷനുകളിലേക്ക് കൂടി ഓപ്പറേഷന്‍ അനന്ത നടപ്പിലാക്കുന്നത് വഴി സുഗമമായ യാത്രക്കും സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാനും കഴിയുമെന്നാണ് കരുതുന്നത്.
അനധിക്യത കൈയേറ്റങ്ങള്‍ കണ്ടെത്തിയ ഇടങ്ങളിലെ റോഡിന് ഇരുവശവും സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും റോഡിലേക്ക് ഇറക്കി കെട്ടിയ നിര്‍മിതികളും ഈ മാസം 15 നകം പൊളിച്ചു മാറ്റിയിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് സബ് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്കിടി പേരൂര്‍, അമ്പലപ്പാറ, പട്ടാമ്പി, ഓങ്ങല്ലൂര്‍, ഷൊര്‍ണൂര്‍, വാണിയംകുളം, തൃക്കടീരി, ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപ്പുരം, കരിമ്പുഴ, മണ്ണാര്‍ക്കാട്, എന്നിവിടങ്ങളിലെ വില്ലേജ് ഓഫിസര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അനുവദിച്ച സമയത്തിനുള്ളില്‍ കൈയേറ്റങ്ങള്‍ ഒഴിയാത്ത പക്ഷം റവന്യൂ വകുപ്പ് തന്നെ ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകും. ഇതിന്റെ ചെലവ് കൈയ്യേറ്റക്കാരില്‍ നിന്ന് തന്നെ ഈടാക്കും. സര്‍ക്കാര്‍ ഭൂമി കൈയേറിയവര്‍ക്കെതിരേ കേരള ഭൂ സംരക്ഷണടപിട നിയമപ്രകാരം മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവോ. 50,000 മുതല്‍ രണ്ടു ലക്ഷം വരെ പിഴയോ അടക്കമുള്ള കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."