ഗ്രാമീണ ഡാക് സേവക്മാര്‍ക്ക് കഞ്ഞി കുമ്പിളില്‍തന്നെ
കോഴിക്കോട്: തപാല്‍ ഡിപ്പാര്‍ട്ട്‌മെന്റിനുകീഴിലുള്ള ഗ്രാമീണ ഡാക് സേവക്മാരോട് കേന്ദ്രസര്‍ക്കാറിന്റെ കടുത്ത അവഗണന. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായ ഇവരുടെ ശമ്പളം പോസ്റ്റുമാന് 4,220 രൂപയും പോസ്റ്റ് മാസ്റ്റര്‍ക്ക് 4,575 രൂപയുമാണ്. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് എക്‌സ്ട്രാ ഡിപ്പാര്‍ട്ട്‌മെന്റല്‍ ജീവനക്കാര്‍(ഇ.ഡി) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇവര്‍ ശമ്പളക്കമ്മിഷന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ഗ്രാമീണ ഡാക് സേവക് എന്ന പേരിലേക്കു മാറിയത്. സംസ്ഥാനത്താകെ 12,000ത്തോളം ജീവനക്കാരാണ് ഈ വിഭാഗത്തിലായി ജോലി ചെയ്യുന്നത്. രാജ്യത്താകമാനമുള്ള ആറുലക്ഷത്തിലധികം വരുന്ന തപാല്‍ ജീവനക്കാരില്‍ മൂന്നു ലക്ഷത്തോളം പേര്‍ ഗ്രാമീണ ഡാക് സേവക് വിഭാഗത്തല്‍പ്പെടുന്നവരാണ്. ഒരു യൂനിഫോം പോലുമില്ല എന്നതാണ് ഇവരുടെ മറ്റൊരു പ്രത്യോകത.
ഓഫിസ് തുറക്കുന്ന സമയത്തെത്തി കത്തുകളും മറ്റും ശേഖരിച്ച് അഞ്ചും ആറും മണിക്കൂര്‍ ജോലി ചെയ്യുന്ന ഇവര്‍ക്കു മാസത്തില്‍ തുച്ഛമായ ഇന്‍ക്രിമെന്റാണ് ലഭിക്കുന്നത്. മൂന്നു വര്‍ഷം കൂടുമ്പോള്‍ പ്രഹസനമെന്നോണം സര്‍ക്കാര്‍ ഓരോ കുടയും ഒരു ജോഡി ചെരുപ്പും നല്‍കുന്നുണ്ട്. ഓഫിസ് മെയ്ന്റനന്‍സ് അലവന്‍സ് എന്ന പേരില്‍ മാസത്തില്‍ നൂറുരൂപ ലഭിക്കുന്നുണ്ടെങ്കിലും തികയാതെ വരുന്നത് ഇവര്‍ സ്വന്തം കൈയില്‍ നിന്നും ചിലവാക്കുകയാണ് ചെയ്യന്നത്. വര്‍ഷത്തില്‍ ഇവര്‍ക്കു ലഭിക്കുന്നത് ഇരുപത് അംഗീകൃത ലീവാണ്. എന്നാല്‍ ഈ ദിവസങ്ങളില്‍ ജോലി ചെയ്യാനുള്ള പകരം ജീവനക്കാരെയും ഇവര്‍ തന്നെ കണ്ടെത്തണം. പോസ്റ്റ് ഓഫിസുകളില്‍ ഒഴിവു വരുന്നതിനനുസരിച്ച് 18 വയസിനും 30 വയസിനും ഇടയിലുള്ള എസ്.എസ്.എല്‍.സിക്ക് ഉന്നത വിജയം നേടിയവരെയാണു തപാല്‍ വകുപ്പ് ഈ വിഭാഗത്തിലേക്കു നിയോഗിക്കുന്നത്. പുതിയ ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെ നടപ്പിലാക്കിയിട്ടും തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഉദാസീന നിലപാട് സ്വീകരിക്കുന്ന അധികൃതരുടെ നിലപാടിനെതിരേ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. എന്‍.എഫ്.പി.ഇ ഉള്‍പ്പെടെയുള്ള തപാല്‍ രംഗത്തെ സര്‍വിസ് സംഘടനകള്‍ സമരപരിപാടികളുമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."