ചാക്ക് ആയുധമാക്കി സപ്ലൈകോയും മില്ലുടമകളും; നെല്ലിന്റെ വിലയിടിക്കാന്‍ പുതിയ നീക്കം
ആലപ്പുഴ: നെല്ലുനിറയ്ക്കാനുള്ള ചാക്കിനെ ചൊല്ലിയുള്ള തര്‍ക്കം സംസ്ഥാനത്തെ നെല്ലുസംഭരണത്തെ പ്രതിസന്ധിയിലാക്കുന്നു. ചാക്കിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് സപ്ലൈകോയും സ്വകാര്യമില്ലുടുമകളും തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണ് സംഭരണം വീണ്ടും പ്രതിസന്ധിയിലാക്കിയത്. തര്‍ക്കത്തെ തുടര്‍ന്ന് 50 മില്ലുടമകളും നെല്ലുസംഭരണ കരാറില്‍ ഒപ്പിടാന്‍ തയാറാവാതെ പിന്‍മാറി. ഇഴഞ്ഞു നീങ്ങിയ നെല്ലുസംഭരണം വേഗത്തിലാക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇടപെട്ടു പ്രശ്‌ന പരിഹാരം ഉണ്ടാക്കിയിരുന്നു. സെപ്തംമ്പര്‍ 22 മുതല്‍ ആരംഭിക്കേണ്ടിയിരുന്നതാണു നെല്ലുസംഭരണം. സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍ക്കു കിലോ ഗ്രാമിന് 21.50 രൂപ നിരക്കില്‍ വില നല്‍കി സംഭരിക്കാനാണു തീരുമാനിച്ചിരുന്നത്. സംഭരിക്കുന്ന നെല്ല് മില്ലുകളില്‍ കൊടുത്ത് അരിയാക്കി മാറ്റുകയും കേന്ദ്ര സര്‍ക്കാരിന്റെ അരിവിഹിതത്തില്‍ പെടുത്തി പൊതുവിതരണ ശ്രൃംഖലയിലൂടെ വിതരണം ചെയ്യുകയും ചെയ്യുന്ന പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം കിലോ ഗ്രാമിന് 14.10 രൂപയാണ്. സംസ്ഥാന ബോണസ് ആയി 7.40 രൂപയും നല്‍കും. ഇതിനു വേണ്ടി കൈകാര്യ ചെലവായി മില്ലുടമകള്‍ക്ക് ക്വിന്റലിന് 138 രൂപ നല്‍കിയിരുന്നതു കഴിഞ്ഞ സര്‍ക്കാര്‍ 190 രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം മന്ത്രിസഭാ ഉപസമിതിയുടെ പരിശോധന വിഷയത്തില്‍ ഉള്‍പ്പെട്ടതോടെ മില്ലുടമകള്‍ക്കു പണം ലഭിച്ചിരുന്നില്ല. ഈ വിഷയത്തില്‍ മൂന്നു തവണ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. മില്ലുടമകള്‍ ഉന്നയിച്ച മറ്റു വിഷയങ്ങള്‍ പഠിക്കാന്‍ കര്‍ഷകരുടെയും മില്ലുടമകളുടെയും സര്‍ക്കാരിന്റേയും ഫുഡ്‌കോര്‍പ്പറേഷന്റേയും അടക്കം പ്രതിനിധികളെ ഉല്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റി മൂന്നു മാസത്തിനുള്ളില്‍ റിപോര്‍ട്ട് നല്‍കണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായിരുന്നു. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച മുതല്‍ സ്വകാര്യ മില്ലുടമകള്‍ നെല്ല് സംഭരണം തുടങ്ങുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് സപ്ലൈകോയും സ്വകാര്യമില്ലുടമകള്‍ തമ്മിലുള്ള തര്‍ക്കം പുതിയ പ്രതിസന്ധി സൃഷ്്ടിച്ചത്.
സ്വകാര്യ മില്ലുകാര്‍ സംഭരിക്കുന്ന നെല്ല് സൂക്ഷിക്കേണ്ടത് ഗുണനിലവാരമുള്ള ചാക്കിലാവണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. 350 ഗ്രാം തൂക്കമുള്ള ചാക്കിനു പകരമായി 650 ഗ്രാം തൂക്കമുള്ള ചാക്ക് ഉപയോഗിക്കണമെന്ന നിര്‍ദേശമാണ് സപ്ലൈകോ നല്‍കിയത്. ഇത് അംഗീകരിക്കാന്‍ മില്ലുടമകള്‍ തയ്യാറാകാതെ വന്നതാണ് പുതിയ പ്രതിസന്ധിക്കു കാരണം. ചാക്കിന്റെ ഗുണനിലവാരത്തെ ചൊല്ലി തര്‍ക്കം ശക്തമായതോടെ സപ്ലൈകോയുമായി കരാര്‍ ഒപ്പിടാതെ സ്വകാര്യ മില്ലുടമകള്‍ നെല്ലുസംഭരണത്തില്‍ നിന്നു പിന്‍മാറി. നെല്ലുസംഭരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ചാക്കിന്റെ ഗുണനിലവാരം സംബന്ധിച്ചു തീരുമാനം ഒന്നും എടുത്തിരുന്നില്ലെന്നാണ് മില്ലുടമകള്‍ വ്യക്തമാക്കുന്നത്. നെല്ലു സംഭരണത്തിലെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള വിദഗ്ധ സമിതിയുടെ റിപോര്‍ട്ട് പ്രകാരമുള്ള പരിഷ്‌കാരങ്ങള്‍ പിന്നീട് നടപ്പാക്കാമെന്നായിരുന്നു തീരുമാനമെന്നും മില്ലുടമകള്‍ പറയുന്നു. എന്നാല്‍ എഫ്്.സി.ഐയുടെ മാനദണ്ഡം അനുസരിച്ചാണ് ചാക്കിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതെന്ന് സപ്ലൈകോ അധികൃതര്‍ പറയുന്നത്. തര്‍ക്കത്തിലൂടെ നെല്ലുസംഭരണം പതിവു പോലെ വൈകിപ്പിക്കാനുള്ള തന്ത്രമാണ് മില്ലുടമകള്‍ പയറ്റുന്നത്. സംഭരണം പ്രതിസന്ധിയിലാകുന്നതോടെ കുറഞ്ഞ വിലയ്ക്ക് നെല്ലു വിറ്റഴിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കാനുള്ള സാഹചര്യം സൃഷ്്ടിക്കുകയാണ് മില്ലുടമകള്‍ ചെയ്യുന്നത്. ഇതിന് സപ്ലൈകോ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."