തൊടുപുഴ നഗരസഭാ യോഗത്തില്‍ സംഘര്‍ഷം
തൊടുപുഴ: കൗണ്‍സില്‍ അംഗീകരിച്ച നഗരസഭയുടെ വാര്‍ഷിക പദ്ധതി നിര്‍ദേശങ്ങളില്‍ അട്ടിമറി നടന്നതായുള്ള ആരോപണ പ്രത്യാരോപണങ്ങളെ തുടര്‍ന്നു കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചു. വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍ വന്‍ അഴിമതിക്കു കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപണവുമായി ഭരണപക്ഷാംഗം തന്നെ എത്തിയതോടെ യോഗം സംഘര്‍ഷഭരിതമായി. ഇതിനിടെ, കൗണ്‍സിലില്‍ തീരുമാനിച്ച പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വാക്കൗട്ട് നടത്തി.
നഗരസഭയിലെ വാര്‍ഷിക പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് ആര്‍ ഹരിയാണ് ആദ്യം രംഗത്തെത്തിയത്. കൗണ്‍സില്‍ അംഗീകരിച്ച നഗരസഭയുടെ വാര്‍ഷിക പദ്ധതി നിര്‍ദേശങ്ങള്‍ ആരുടെ നിര്‍ദേശ പ്രകാരമാണ് മാറ്റി മറിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കണമെന്ന് ഹരി ആവശ്യപ്പെട്ടു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരട് പദ്ധതി തയ്യാറാക്കിയാണു കഴിഞ്ഞ ഏഴിനു ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചത്. ഒന്‍പതിന് രാവിലെ മുതല്‍ വൈകീട്ടു വരെ പദ്ധതി നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. പി.എം.എവൈ പദ്ധതി തുകയായ 70 ലക്ഷം രൂപ 50 ലക്ഷമായി കുറയ്ക്കുകയും ബാക്കിയുള്ള 20 ലക്ഷം രൂപയില്‍ 15 ലക്ഷം വെങ്ങല്ലൂര്‍ സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിനും അഞ്ചു ലക്ഷം രൂപ വാംബെ പദ്ധതിയുടെ ഗഡുക്കള്‍ നല്‍കുന്നതിനും ഭേദഗതി വരുത്തി. കൂടാതെ ഹാര്‍വെസ്റ്റര്‍ ആന്‍ഡ് ഡ്രില്ലര്‍ പദ്ധതി ഉപേക്ഷിച്ച് പകരം അതേ ഉല്‍പാദന മേഖലയില്‍ അനുയോജ്യമായ മറ്റു പദ്ധതികള്‍ രൂപീകരിക്കുന്നതിനും ഭേദഗതി വരുത്തിയിരുന്നു. ഈ രണ്ടു ഭേദഗതികള്‍ മാത്രം വരുത്തിയ സാഹചര്യത്തില്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് ആരാണ് പദ്ധതി നിര്‍ദേശത്തില്‍ വെള്ളം ചേര്‍ത്തതെന്ന് വ്യക്തമാക്കണമെന്ന് ഹരി ആവശ്യപ്പെട്ടു. ഇതിനു പിന്തുണയായി എല്‍.ഡി.എഫ് കൗണ്‍സിലര്‍ രാജീവ് പുഷ്പാംഗദനും രംഗത്തെത്തി.
ഇതിനിടെ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറിനു പിന്തുണയുമായി മുന്‍ ചെയര്‍മാനും ലീഗ് അംഗവുമായ എ.എം ഹാരിദ് എഴുന്നേറ്റു. ചെയ്ത പദ്ധതികള്‍ രേഖയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നാണ് ചെയര്‍പേഴ്‌സണ്‍ പരിശോധിച്ചതെന്നും അതില്‍ അപാതകയില്ലെന്നും ഹാരിദ് പറഞ്ഞു. ലീഗ് അംഗം അഡ്വ. സി.കെ ജാഫറും ചെയര്‍പേഴ്‌സണെ പിന്തുണച്ചു. ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ പിന്നീട് തന്റെ ഭാഗം വിശദീകരിച്ചു. ചില അവശ്യ പദ്ധതികള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കൗണ്‍സില്‍ കൂടാന്‍ സമയമില്ലാത്തതിനാല്‍ എല്ലാ കൗണ്‍സിലര്‍മാരേയും വിളിച്ചറിയിക്കുകയും ചെയ്തു. എന്നാല്‍ അവസാനം കൗണ്‍സില്‍ അംഗീകരിച്ച പദ്ധതികള്‍ മാത്രമാണ് അയച്ചത്.
ഇതിനിടെ അപ്രതീക്ഷിതമായി യു.ഡി.എഫ് കൗണ്‍സിലര്‍ എം.കെ ഷാഹുല്‍ ഹമീദ് വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍ക്കെതിരെ ആരോപണമായി എത്തിയത് വീണ്ടും ബഹളത്തിനിടയായി. തന്റെ എന്ത് പ്രവര്‍ത്തനങ്ങളും ഏത് ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാമെന്നും ടി.കെ സുധാകരന്‍ നായര്‍ പറഞ്ഞതോടെയാണു ബഹളം അടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."