തെരുവുനായ വന്ധ്യംകരണത്തിന് ഇന്നു തുടക്കം
മലയിന്‍കീഴ്: പഞ്ചായത്തില്‍ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള നടപടികള്‍ക്കു ഇന്ന് തുടക്കമാകും. പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന സംഘടനയുമായി ചേര്‍ന്നാണു പദ്ധതി നടപ്പാക്കുന്നത്.
സംഘടനയിലെ പ്രവര്‍ത്തകര്‍ തെരുവുനായ്ക്കളെ പിടികൂടിയാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നത്. തുടര്‍ന്നു മൂന്നു ദിവസം വെറ്ററിനറി കേന്ദ്രത്തില്‍ സൂക്ഷിക്കും. ഇതുകഴിഞ്ഞു പിടിച്ച സ്ഥലത്തുതന്നെ തിരികെ കൊണ്ടുവിടും. പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്, വെറ്ററിനറി സര്ജന്, പഞ്ചായത്ത് സെക്രട്ടറി, പീപ്പിള്‍ ഫോര്‍ അനിമല്‍സ് പ്രതിനിധി എന്നിവരുള്‍പ്പെട്ട മോണിട്ടറിങ് സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ ഇതിനായി ഒരു ലക്ഷംരൂപ പഞ്ചായത്ത് തനതു ഫണ്ടില്‍നിന്നു വിനിയോഗിക്കും. പദ്ധതി വിജയിക്കുന്നതനുസരിച്ചു കൂടുതല്‍ തുക അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വളര്‍ത്തുനായ്ക്കള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പു ക്യാംപുകളും സംഘടിപ്പിക്കും.
ലഭ്യമായ കണക്കനുസരിച്ചു പഞ്ചായത്തില്‍ 3029 നായ്ക്കളാണുള്ളത്. ഇതില്‍ തെരുവുനായ്ക്കളുടെ എണ്ണം കൃത്യമായി നിശ്ചയിക്കാനായിട്ടില്ല. പ്രതിരോധ കുത്തിവയ്പ് എടുത്തതിന്റെ രേഖയും അപേക്ഷയും നല്കിയാല് വളര്‍ത്തുനായ്ക്കള്‍ക്കു ലൈസന്‍സ് പഞ്ചായത്തില്‍നിന്നു ലഭ്യമാകും. ലൈസന്‍സ് ഇല്ലാത്ത നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."