കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രതിഷേധസമരം തുടരുന്നു
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആരംഭിച്ച സമരത്തെത്തുടര്‍ന്നു സര്‍വിസുകള്‍ ഭാഗികമായി മുടങ്ങി.
തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് യൂനിറ്റില്‍ മാത്രമാണ് സമരം. ജില്ലയിലെ മറ്റു യൂനിറ്റുകളില്‍ ശമ്പളം വിതരണം ചെയ്തു. ജോലിയില്‍ കയറാതെയും നിരാഹാരസമരം നടത്തിയുമാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. ചില ജീവനക്കാര്‍ ജോലിക്കു കയറാതെ അവധിയില്‍ പ്രവേശിച്ചു. എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിക്ക് 93 ഡിപ്പോകളും അഞ്ച് റീജിയണല്‍ വര്‍ക്ക്‌ഷോപ്പുമാണുള്ളത്. ഇതില്‍ 32 ഡിപ്പോകളില്‍ മാത്രമാണു ശമ്പളം വിതരണം ചെയ്തത്. എല്ലാ മാസവും അവസാന പ്രവൃത്തിദിനത്തില്‍ ശമ്പളം നല്‍കുന്ന പതിവാണു തെറ്റിയത്. ശമ്പളവിതരണത്തിനായി കെ.എസ്.ആര്‍.ടി.സിയുടെ കൈവശം 22 കോടി രൂപ മാത്രമാണുണ്ടായിരുന്നത്. ഈ തുക വിതരണം ചെയ്യാന്‍ തിങ്കളാഴ്ച നിര്‍ദേശിച്ചിരുന്നു. മറ്റു ഡിപ്പോകളിലെ ജീവനക്കാര്‍ക്കും ശമ്പളം നല്‍കണമെങ്കില്‍ 50 കോടി രൂപ വേണ്ടിവരും. എം.ഡി.യും ജനറര്‍ മാനേജരും സ്ഥാനമൊഴിഞ്ഞതിനാല്‍ ശമ്പളത്തിനുള്ള തുക കണ്ടെത്തേണ്ട ചുമതല കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കാണ്.
15നു വിതരണം ചെയ്യേണ്ട പെന്‍ഷനായി 27.5 കോടി രൂപയാണ് വേണ്ടിവരുക. എന്നാല്‍ പതിവുപോലെ വിവിധ ധനകാര്യസ്ഥാപനങ്ങളെ വായ്പയ്ക്കായി സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വരുമാനമാകട്ടെ ദിനംപ്രതി അഞ്ചേമുക്കാല്‍ കോടി രൂപയില്‍ നിന്നു നാലേകാല്‍ കോടിയായി കുറയുകയും ചെയ്തു. പ്രതിമാസ നഷ്ടം 110 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി 2823.42 കോടി രൂപയുടെ ബാധ്യതയാണ് കെ.എസ്.ആര്‍ടി.സിക്കുള്ളത്. 548 കോടി രൂപ സര്‍ക്കാര്‍ വായ്പയുമുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച എം.ഡിയേയും ജനറല്‍ മാനേജരേയും കഴിഞ്ഞ ദിവസമാണു മാറ്റിയത്. പകരം എം.ജി രാജമാണിക്യത്തെ എം.ഡി.യായി നിയമിച്ചു. അദ്ദേഹമാകട്ടെ ഇതുവരെ സ്ഥാനമേറ്റിട്ടില്ല.
മുന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ആന്റണി ചാക്കോയെ തല്‍സ്ഥാനത്തു നിന്നു മാറ്റുമെന്നു കഴിഞ്ഞ ഒരുമാസമായി സര്‍ക്കാര്‍ പറയുന്നുണ്ടായിരുന്നു. ഒടുവില്‍ അടുത്തിടെ ആന്റണി ചാക്കോയെ മാറ്റുകയും ചെയ്തു. പുറത്തുപോകുമെന്ന് ഉറപ്പായതോടെ പുതുതായി നിയമിതനായ എം.ഡിക്ക് പണികൊടുക്കാനാണു മുന്‍ മാനേജിങ് ഡയറക്ടര്‍ ശമ്പള വിതരണത്തില്‍ അനാസ്ഥ കാട്ടിയതെന്നും ഇതിനകം ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."