പെരിനാടു കലാവേദി പുരസ്‌കാര വിതരണം 11ന്
കൊല്ലം: ജില്ലാ പഞ്ചായത്ത് പ്രഥമ പ്രസിഡന്റായിരുന്ന ആര്‍.കെ നാരായണപിള്ളയുടെ സ്മരണാര്‍ഥം പെരിനാടു കലാവേദി ഏര്‍പ്പെടുത്തിയ മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിനുള്ള ആര്‍.കെ നാരായണപിള്ള പുരസ്‌കാരം കൊല്ലം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ജഗദമ്മ ടീച്ചറും കൊല്ലം ജില്ല കൗണ്‍സില്‍ വൈസ്പ്രസിഡന്റും പ്രശസ്ത കാഥികനുമായിരുന്ന കടവൂര്‍ ബാലന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം കേരളശബ്ദം മാനേജിങ് എഡിറ്ററും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ബി.എ രാജാകൃഷ്ണനും അര്‍ഹമായതായി പെരിനാട് കലാവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തൃക്കടവൂര്‍ പഞ്ചായത്തിലെ പ്രഥമ പ്രസിഡന്റും പെരിനാടു സി.കെ.പി ബാങ്കിന്റെ ആദ്യകാല പ്രസിഡന്റും അധ്യാപകനുമായിരുന്ന സി.കെ ഗോവിന്ദപിള്ളയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ കൊല്ലം കോര്‍പറേഷനിലെ മികച്ച കൗണ്‍സിലര്‍ക്കുള്ള സി.കെ ഗോവിന്ദപിള്ള പുരസ്‌കാരം തങ്കശ്ശേരി ഡിവിഷന്‍ കൗണ്‍സിലറായ ഡോ. ഉദയാ സുകുമാരനും നല്‍കും.
കലാവേദി വാര്‍ഷികവും നവരാത്രി മഹോത്സവവും ഒക്‌ടോബര്‍ 9നു വൈകീട്ടു 6നു മന്ത്രി മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. ഒക്‌ടോബര്‍ 10നു നാടോടി നൃത്ത മത്സരം നടക്കും. ഒക്‌ടോബര്‍ 11നു രാവിലെ 7നു വസന്തകുമാര്‍ സാംബശിവന്‍ കുട്ടികള്‍ക്കു ആദ്യാക്ഷരം കുറിക്കും. വൈകിട്ട് 6നു കലാവേദി പ്രസിഡന്റ് ആര്‍ സജികുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ വച്ചു പുരസ്‌കാര വിതരണവും സമ്മേളന ഉദ്ഘാടനവും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിക്കും. മേയര്‍ വി രാജേന്ദ്രബാബു മുഖ്യാതിഥി ആയിരിക്കും. ടി ആര്‍ സന്തോഷ് കുമാര്‍, ബി അനില്‍ കുമാര്‍, മോഹന്‍ എന്നിവര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പെരിനാടു കലാവേദി പ്രസിഡന്റ് ആര്‍ സജീവ് കുമാര്‍, സെക്രട്ടറി കെ.എസ് സജി, ചെയര്‍മാന്‍ സി മോഹനചന്ദ്രന്‍പിള്ള, ജനറല്‍ കണ്‍വീനര്‍ വിമല്‍കുമാര്‍, കണ്‍വീനര്‍ പി.ആര്‍ ബിജു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."