ലോകമാനസികാരോഗ്യ ദിനം: ജില്ലാതല ഉദ്ഘാടനം ഇന്ന്
നിലമ്പൂര്‍: ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബര്‍ 10നോടനുബന്ധിച്ചു ജില്ലാതല ഉദ്ഘാടനം ഇന്നു വൈകുന്നേരം 5.30നു ചന്തക്കുന്നിലെ നിലമ്പൂര്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കില്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനോടനുബന്ധിച്ചു നടക്കുന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യും. നിലമ്പൂര്‍ നഗരസഭാ ചെയര്പേഴ്സന് പത്മിനി ഗോപിനാഥ് അധ്യക്ഷയാകും.
കോഴിക്കോട് ഗവ. മെഡിക്കല്‍ ഹോസ്പിറ്റല്‍ സൈക്കാര്‍ട്ടിസ്റ്റ് ഡോ. എന്‍ കെ അബ്ദു സാദിഖ്, കോഴിക്കോട് ഇംഹാന്‍സ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് മുഹമ്മദ് സാബിഹ് എന്നിവര്‍ ക്ലാസെടുക്കും.
മലപ്പുറം ഇനിഷേറ്റീവ് ഇന്‍ കമ്യൂണിറ്റി സൈക്കാട്രി എന്ന സന്നദ്ധ സംഘടന ജില്ലയിലെ പാലിയേറ്റീവ് ക്ലിനിക്കുകളുടെ സഹായത്തോടെ കഴിഞ്ഞ 11 വര്‍ഷമായി മാനസിക രോഗികള്‍ക്കു പരിചരണം നല്കി വരുന്നതായി എം.ഐ.സി.പി ജില്ലാ സെക്രട്ടറി കെ.എം ബഷീര്‍ പറഞ്ഞു. സംഘടനയിലെ അംഗങ്ങളായ 30 ഓളം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകള്‍ മുഖേന ആയിരക്കണക്കിനു രോഗികള്‍ക്കു തുടര്‍പരിചരണം നല്‍കാനും അവരെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനും കഴിഞ്ഞു. ജില്ലയില്‍ 52 ഗവ. ആരോഗ്യ കേന്ദ്രങ്ങളിലും 37 പാലിയേറ്റീവ് കെയറുകളിലുമായി അയ്യായിരത്തിലധികം മാനസിക രോഗികള്‍ക്കു തുടര്‍ചികിത്സ നല്കിവരുന്നു. ഒരുമാസം ഡോക്ടര്‍മാരുടെ ഫീസിനും മരുന്നിനുമായി മൂന്നു ലക്ഷത്തോളം രൂപയാണു സംഘടന ചെലവഴിക്കുന്നത്.
ഉദാരമതികളുടെ സഹായത്തോടെയാണു സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം നടന്നുവരുന്നതെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കെ.എം ബഷീറിനു പുറമെ പുലത്ത് ഉണ്ണി മൊയ്തീന്, ഉസ്മാന് അലി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."