തുറക്കുളം മാര്‍ക്കറ്റ് റോഡും പരിസര പ്രദേശങ്ങളും മാലിന്യ കൂമ്പാരം: നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍
കുന്നംകുളം: കുന്നംകുളം നിര്‍ദിഷ്ട ബസ് സ്റ്റാന്റിനു സമീപത്തെ തുറക്കുളം മാര്‍ക്കറ്റ് റോഡിനു നടുവിലും പരിസര പ്രദേശങ്ങളും മാലിന്യങ്ങളും കുന്നുകൂടുന്നു. മാലിന്യ നിക്ഷേപം മൂലം നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ മാര്‍ക്കറ്റ് റോഡിലൂടെയുളള യാത്ര ദുരിതമായി. റോഡിനു നടുവിലും ഇരുവശത്തുമായി ദിനംപ്രതി വലിച്ചെറിയുന്ന മാലിന്യങ്ങളുടെ തോത് കൂടിവരികയാണ്. സമീപത്തെ മത്സ്യ- മാംസ മാര്‍ക്കറ്റുകളില്‍ നിന്ന് വലിച്ചെറിയുന്നവയാണ് ഇവ. മത്സ്യ- മാംസാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും നിക്ഷേപിച്ച് ഇവിടം മാലിന്യ കൂമ്പാരമായി മാറി. നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങളാണ് റോഡിലൂടെ കടന്നു പോകുന്നത്. ദീര്‍ഘദൂര ബസുകളും കണ്ടെയ്‌നര്‍ ലോറികളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നു പോകുന്നത്. പ്ലാസ്റ്റിക്ക് കവറുകളില്‍ നിക്ഷേപിക്കുന്ന മാലിന്യ ങ്ങള്‍ മൃഗങ്ങളും പക്ഷികളും കൊത്തി വലിച്ച് റോഡിനു നടുവിലേക്കും മറ്റു പ്രദേശങ്ങളിലേക്കും എത്തിക്കുന്നു. വന്‍തോതില്‍ മേഖലയില്‍ മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ തെരുവു നായ്ക്കളുടെ ശല്യവും രൂക്ഷമായിരിക്കയാണ്. മേഖലയിലൂടെ കടന്നു പോകുന്ന കാല്‍നട യാത്രക്കാര്‍ക്കും വാഹന യാത്രികര്‍ക്കും അസഹ്യമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. തീരെ ജനസാന്ദ്രതയില്ലാത്ത പ്രദേശമായതിനാല്‍ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത കൂടി വരികയാണ്. പ്രദേശത്ത് ആള്‍താമസം ഇല്ലാത്തതിനാല്‍ ഏതു സമയത്തും ആളുകളെത്തി മാലിന്യം നിക്ഷേപിക്കുന്നു. സമീപത്തെ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും ദിനംപ്രതി വന്‍തോതിലാണ് മാലിന്യങ്ങള്‍ റോഡുകളിലേക്ക് വലിച്ചെറിയപ്പെടുന്നത്. വീടുകളില്‍ നിന്നും അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പതിവായിരിക്കുകയാണ്. നഗരസഭ ഇതിനെതിരെ നടപടിയൊന്നും എടുത്തിട്ടില്ല. ആരോഗ്യ വിഭാഗവും പ്രദേശത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. എത്രയും പെട്ടെന്ന് ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."