മഞ്ഞള്‍ കൃഷിയില്‍ ജൈവ മാതൃകയുമായി കാട്ടകത്ത് സലീം
പുത്തന്‍ചിറ: മഞ്ഞള്‍ കൃഷിയില്‍ ജൈവ മാതൃക തീര്‍ത്ത് വള്ളിവട്ടം സ്വദേശി കാട്ടകത്ത് മുഹമ്മദ് സലീം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇദ്ദേഹം സ്വന്തമായുള്ള അഞ്ചേക്കര്‍ ഭൂമിയിലാണ് മഞ്ഞള്‍, വാഴ, കൊള്ളി വിവിധ പച്ചക്കറികള്‍ എന്നിവ കൃഷിചെയ്തു വരുന്നത്.
രാസവളങ്ങളും മാരകവിഷമുള്ള കീടനാശിനികളും ഉപയോഗിക്കാതെ ലാഭകരമായി കൃഷി നടത്താന്‍ കഴിയില്ലെന്ന മിഥ്യാ ധാരണ തിരുത്തികൊണ്ടാണ് ഇദ്ദേഹം കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി കാര്‍ഷിക മേഖലയില്‍ വിജയഗാഥരചിക്കുന്നത്. ജൈവ വളവും ജൈവ കീടനാശിനികളും മാത്രം ഉപയോഗിച്ചുള്ള കൃഷിയില്‍ നിന്ന് മികച്ച വിളവും ലാഭവും ലഭിക്കുമെന്ന വസ്തുത അനുഭവത്തിന്റെ വെളിച്ചത്തിലാണ് സലീം സാക്ഷ്യപ്പെടുത്തുന്നത്. രണ്ട് ഏക്കര്‍ ഭൂമിയിലാണ് ഇപ്പോള്‍ മഞ്ഞള്‍ കൃഷി നടത്തുന്നത്. കൃഷിക്കാവശ്യമായ ജൈവ വളം നാല് നിര്‍മാണ യൂണിറ്റുകള്‍ വഴി സ്വയം നിര്‍മിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്.
ഇത് വഴി കൃഷി ചിലവ് വളരെ കുറക്കാനും സാധിക്കുമെന്ന് മാത്രമല്ല വാഴകൃഷി വിളവെടുപ്പിന് ശേഷം വാഴത്തണ്ടുകള്‍ ജൈവ വളം നിര്‍മാണത്തിനായുള്ള അസംസ്‌കൃത വസ്തുവായി ഉപയോഗപ്പെടുത്താനും കഴിയും. 20 അടി നീളവും 5 അടി വീതിയും 2 അടി ആഴവുമുള്ള ജൈവ വളം നിര്‍മാണ യൂണിറ്റുകളാണ് ഇദ്ദേഹത്തിന്റേത്. വിളവെടുപ്പ് കഴിഞ്ഞ ശേഷം വാഴത്തണ്ടുകള്‍ മുറിച്ച് അറകളില്‍ നിക്ഷേപിക്കുകയും കൂടെ ആഫ്രിക്കന്‍ മണ്ണിരകളെ ഇടുകയും ചെയ്തുകൊണ്ടാണ് 40 ദിവസം കൊണ്ട് ഇദ്ദേഹം ജൈവ വളം നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം മഞ്ഞള്‍ കൃഷിയില്‍ നിന്ന് റെക്കോഡ് വിളവാണ് ഇദ്ദേഹത്തിന് ലഭിച്ചത്. പൂര്‍ണമായും ജൈവ രീതിയില്‍ പ്രകൃതിയോടിണങ്ങിയ കൃഷി നടത്തുന്ന സലീമിന്റെ കൃഷിയിടം സന്ദര്‍ശിക്കാനും ജൈവ കൃഷി രീതികള്‍ പഠിക്കാനുമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ എത്തുന്നുണ്ട്.
ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സിനിമ താരങ്ങളായ ശ്രീനിവാസനും സലീംകുമാറും ഒരു വര്‍ഷം മുന്‍പ് ഇദ്ദേഹത്തിന്റെ കൃഷിയിടം കാണാനെത്തിയിരുന്നു. രാസവളങ്ങളും മാരക കീടനാശിനികളും ഉപയോഗിച്ചുള്ള ആര്‍ത്തിപൂണ്ട ചൂഷണാധിഷ്ടിതമായ കൃഷി രീതികള്‍ക്കെതിരെയുള്ള ചെറുത്ത് നില്‍പ്പ് എന്ന നിലയില്‍ ഒരു പതിറ്റാണ്ടിലേറെയായി ജൈവ രീതിയില്‍ കൃഷി നടത്തി വരുന്ന സലീമിന് പ്രോത്സാഹനമായി അവാര്‍ഡുകളും ലഭിച്ചു. സ്വദേശമായ വള്ളിവട്ടം ഉള്‍പ്പെടുന്ന വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് 2010 ല്‍ സലീമിന് ലഭിച്ചു. കൂടാതെ ആത്മ പുരസ്‌കാരവും വനമിത്ര അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തി.
ഒരാളുടെ കൃഷിയിടത്തില്‍ നിന്നൊരു ഫലം ഒരു മനുഷ്യനോ പക്ഷിയോ തിന്നാല്‍ അത് പ്രതിഫലാര്‍ഹമായ പുണ്യമായി അല്ലാഹു സ്വീകരിക്കുന്നതാണെന്ന പ്രവാചകാധ്യാപനമാണ് കൃഷിയെ സ്‌നേഹിക്കാന്‍ സലീമിന് പ്രചോദനം നല്‍കിയത്. വെള്ളാങ്കല്ലൂരിന് ജൈവ പഞ്ചായത്ത് എന്ന ബഹുമതി നേടിയെടുക്കുന്നതില്‍ കാട്ടകത്ത് സലീമിന് വലിയ പങ്ക് വഹിക്കാന്‍ സാധിച്ചത് അഭിമാനാര്‍ഹമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."