സൂക്ഷിക്കുക; ഈ പാനീയങ്ങള്‍ ആളെ കൊല്ലും
പെപ്‌സി, കോള തുടങ്ങിയവയില്‍ വിഷാംശമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പെപ്‌സി, കൊക്കകോള, മൗണ്ടെയ്ന്‍ ഡ്യൂ, സ്‌പ്രൈറ്റ്, സെവന്‍ അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളില്‍ വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്.
ലെഡ്ഡ്, ക്രോമിയം, കാഡ്മിയം തുടങ്ങി ശരീരത്തിന് അതീവഹാനികരമായ അഞ്ചുതരത്തിലുള്ള വിഷാംശങ്ങള്‍ ഈ പാനീയങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് (ഡി.ടി.എ.ബി) നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
മൗണ്ടന്‍ ഡ്യൂവും സെവന്‍നപ്പും പെപ്‌സികോയുടെയും സ്‌പ്രൈറ്റ് കൊക്കക്കോളയുടെയും ഉല്‍പ്പന്നങ്ങളാണ്.
കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടത്തിയ പഠനത്തിന്റെ ഫലം അടുത്തിടെയാണ് ഡി.ടി.എ.ബി ഹെല്‍ത്ത് സര്‍വിസ് ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ ജഗദീഷ് പ്രസാദിന് സമര്‍പ്പിച്ചത്. വിഷാംശത്തിന്റെ അളവ് മുറിയിലെ ചൂട് കൂടുന്നതിനനുസരിച്ച് വര്‍ധിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി.
ഡി.ടി.എ.ബിയുടെ നിര്‍ദേശപ്രകാരം കൊല്‍ക്കത്തയിലുള്ള ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂൂട്ട് ഓഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്തിലാണ് പരിശോധന നടത്തിയത്.
ഓരോ ബ്രാന്‍ഡ് ശീതളപാനീയത്തിന്റെയും നാലു ബോട്ടിലുകള്‍ വീതമെടുത്തായിരുന്നു പരിശോധന. ശീതളപാനീയങ്ങളില്‍ കുറഞ്ഞ അളവില്‍ പോലും ലോഹങ്ങള്‍ അനുവദനീയമല്ല.
എന്നാല്‍ ലിറ്ററില്‍ 0.029, 0.011, 0.0026, 0.009 എന്നിങ്ങനെയാണ് ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. കുപ്പിയിലടയ്ക്കുമ്പോള്‍ ഇതിന്റെ തോത് ഉയരുകയും ചെയ്യും. ചൂടുള്ള കാലാവസ്ഥയില്‍ ഇത് അതിനേക്കാള്‍ ഉയരുന്നതായും കണ്ടെത്തി. ലെഡ്, കാഡ്മിയം എന്നീ ലോഹങ്ങളെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന 10 രാസവസ്തുക്കളിലാണ് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) ഉള്‍പ്പെടുത്തിയത്.
ലെഡിന്റെ അംശം ശരീരത്തില്‍ പ്രവേശിക്കുന്നത് കുട്ടികളെയാണ് അതിവേഗത്തില്‍ ബാധിക്കുകയെന്ന് ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നു. തലച്ചോറിനെയാണ് ഇത് ബാധിക്കുക. പാനീയങ്ങളുടെ ഉപയോഗം കടുത്ത മാനസിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പു നല്‍കുന്നു. കാഡ്മിയം പ്രധാനമായും വൃക്കകളെയാണ് ബാധിക്കുക.
അതേസയം, പഠനറിപ്പോര്‍ട്ട് ലഭിക്കാതെ പ്രതികരിക്കാന്‍ സാധിക്കില്ലെന്ന് പെപ്‌സിയുടെ ഇന്ത്യയിലെ വക്താവ് പറഞ്ഞു. പഠനറിപ്പോര്‍ട്ടിനോട് കൊക്കകോളയും പെറ്റ് കണ്ടെയ്‌നര്‍ നിര്‍മാതാക്കളുടെ അസോസിയേഷനും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."