സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ സ്‌ഫോടനം; 29 വിമതര്‍ കൊല്ലപ്പെട്ടു
ദമാസ്‌കസ്: സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ ബോംബ് സ്‌ഫോടനത്തില്‍ 29 വിമത പോരാളികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ മോണിറ്ററിങ് വിഭാഗം ഇന്റര്‍നാഷനല്‍ വാച്ച്‌ഡോഗാണു വാര്‍ത്ത പുറത്തുവിട്ടത്.
പടിഞ്ഞാറന്‍ അലെപ്പോയില്‍ ആത്മെ അതിര്‍ത്തിയിലാണു സ്‌ഫോടനമുണ്ടായത്. ഐ.എസിനെതിരേയുള്ള നീക്കത്തില്‍ തുര്‍ക്കി സര്‍ക്കാര്‍ സഹായിക്കുന്ന ഫൈലാഖുശ്ശാം എന്ന വിമതസംഘത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്കു കുറുകെ സിറിയന്‍ സര്‍ക്കാര്‍ അതിര്‍ത്തി മുറിച്ചതിനാല്‍ ഇരുഭാഗങ്ങളിലുമായി ഒറ്റപ്പെട്ട നിലയിലായിരുന്നു. ഇതേ തുടര്‍ന്നു വിവിധ ആവശ്യങ്ങള്‍ക്കായി അതിര്‍ത്തികള്‍ക്കിടയില്‍ അങ്ങോട്ടുമിങ്ങോട്ടും ഇവര്‍ സഞ്ചരിക്കുന്നതു പതിവാണ്. അതിനിടയിലാണ് ബോംബ് സ്‌ഫോടനമുണ്ടായതെന്നാണു വിവരം. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.
സംഭവം ചാവേര്‍ ആക്രമണമാണോ വിദൂര നിയന്ത്രിത ബോംബ് സ്‌ഫോടനമാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മാരകപ്രഹര ശേഷിയുള്ള ബോംബുകള്‍ അടങ്ങിയ ബാഗ് പൊട്ടിത്തെറിച്ചാണ് അപകടമെന്ന് സിറിയ ആസ്ഥാനമായുള്ള ഒരു വിഭാഗം പറഞ്ഞു. തുര്‍ക്കി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അനാത്തോളിയ ന്യൂസ് ഏജന്‍സിയും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെയും അതിര്‍ത്തിയില്‍ ഐ.എസ് ആക്രമണമുണ്ടായിരുന്നു. ഓഗസ്റ്റ് മധ്യത്തില്‍ ഇവിടെ 32 പേര്‍ മരിച്ച ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.
അതിനിടെ, ആലെപ്പോയില്‍ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രധാന കേന്ദ്രങ്ങളുടെ പകുതിയും കഴിഞ്ഞ ദിവസം സിറിയന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. വര്‍ഷങ്ങളായി സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും അധീനതയില്‍ വിഭജിച്ചുകിടന്നിരുന്ന ബുസ്താനുല്‍ ബാഷയിലാണു സൈനിക പോരാട്ടം നടക്കുന്നത്. ഏതാനും ആഴ്ചകളായി അലപ്പോയില്‍ വിമത സ്വാധീനത്തിലുള്ള കിഴക്കന്‍ പ്രദേശങ്ങളെ സര്‍ക്കാര്‍ സൈന്യം ചുറ്റിയിരിക്കുകയാണ്. നഗരം പൂര്‍ണമായി തിരിച്ചുപിടിക്കാനാണു സൈന്യത്തിന്റെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."