വികസന സെമിനാര്‍: പരിപാടിയില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കും
പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ടി.പി രാമകൃഷ്ണന്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കുന്ന പേരാമ്പ്ര വികസന മിഷന്‍ വികസന സെമിനാര്‍, കോടിക്കണക്കിന് രൂപ അഴിമതി നടത്തി വിജിലന്‍സ് അന്വേഷണം നേരിടുന്ന സുഭിക്ഷ ആജീവനാന്ത ചെയര്‍മാന്‍ എം. കുഞ്ഞമ്മദിനെ വെളള പൂശാനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വികസനത്തില്‍ രാഷട്രീയമില്ലെന്ന പ്രഖ്യാപനവും എല്ലാ വിഭാഗം ജനങ്ങളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് വികസന സെമിനാര്‍ സംഘടിപ്പിക്കുമെന്ന് പറഞ്ഞ മന്ത്രി രാമകൃഷ്ണന്‍ പേരാമ്പ്ര അസംബ്ലി നിയോജക മണ്ഡലം ഉള്‍പ്പെടുന്ന വടകര പാര്‍ലമെന്റംഗമെന്ന നിലയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ സെമിനാറില്‍ ക്ഷണിക്കാത്തത് തികഞ്ഞ അവഗണനയാണ്.
ഇത് ഇടുങ്ങിയ രാഷ്ട്രീയ ചിന്തയാണെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച സി.പി.എം പ്രതിനിധികള്‍ മണ്ഡലത്തേയും ജനങ്ങളേയും മറന്നതിന് ഇത്തവണ തെരഞ്ഞെടുപ്പില്‍ ഏറെ വിയര്‍ത്തിരുന്നു.
ദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ പേരില്‍ ആരംഭിച്ച സുഭിക്ഷയുടെ ഫണ്ടുകള്‍ മുഴുവന്‍ അടിച്ചു മാറ്റിയശേഷം പ്രൈവറ്റ് കമ്പനിയാക്കി തദ്ദേശസ്ഥാപനങ്ങള്‍ക്കോ സര്‍ക്കാറിനോ ജനപ്രതിനിധികള്‍ക്കോ യാതൊരു നിയന്ത്രണവും ഇല്ലാത്ത സുഭിക്ഷക്ക് സംസ്ഥാന സര്‍ക്കാറിന്റെ ആനുകൂല്യം നല്‍കാനാണ് ധനമന്ത്രി തോമസ് ഐസക് സെമിനാറില്‍ പങ്കെടുക്കുന്നതെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഡി.സി.സി സെക്രട്ടറിമാരായ ഇ.അശോകന്‍, മുനീര്‍ എരവത്ത്,ഇ.വി രാമചന്ദ്രന്‍,സത്യന്‍ കടിയങ്ങാട്,
കെ.കെ വിനോദന്‍, ബ്ലോക്ക് പ്രസിഡന്റുമാരായ രാജന്‍ മരുതേരി,കെ.പി . വേണുഗോപാല്‍ വി ആലീസ് മാത്യു,ജിതേഷ് മുതുകാട്,മിനി വട്ടക്കണ്ടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."