അശാസ്ത്രീയമായ റോഡ് തലപ്പുഴ-മാനന്തവാടി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
തലപ്പുഴ: അശാസ്ത്രീയ റോഡ് നിര്‍മാണത്തെ തുടര്‍ന്ന് തലപ്പുഴ-മാനന്തവാടി റൂട്ടില്‍ അപകടങ്ങള്‍ പതിവാകുന്നു. വളവുതിരിവുകള്‍ ഏറെയുള്ള റോഡില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി അപകടങ്ങളാണുണ്ടായത്. എന്നാല്‍ യാത്രക്കാര്‍ക്കു സാരമായ പരുക്കുകള്‍ ഏല്‍ക്കാത്തതിനാല്‍ ഈ അപകടങ്ങളൊന്നും വാര്‍ത്തയായില്ലെന്ന് മാത്രം. ഒരു കിലോമീറ്ററിനുള്ളില്‍ രണ്ടു ബൈക്കപകടങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നത്.
വ്യാഴാഴ്ച കമ്പിപ്പാലത്തിനടുത്തുവച്ച് ബൈക്കും കാറുമായി കൂട്ടിയിടിച്ച് കല്‍പ്പറ്റ സ്വദേശി റിനോക്ക് പരുക്കേറ്റിരുന്നു. ഇന്നലെ രാവിലെ സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്തേക്കു നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു തലപ്പുഴ സ്വദേശി സിറാജിനും പരുക്കേറ്റു. ഇവര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.
മഴയും ഒപ്പമെത്തുന്ന കോടയുമാണ് ഇവിടെ അപകടങ്ങള്‍ വര്‍ധിപ്പിക്കാനുള്ള കാരണങ്ങള്‌ലൊന്ന്. കനത്ത മഴയുള്ള സമയങ്ങളില്‍ റോഡിലൂടെ വാഹനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നത്. എന്‍ജിനീയറിങ് കോളജിന്റെ മുന്‍ഭാഗത്തു പുഴയിലേക്ക് ഒരു വാഹനം മറിഞ്ഞത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. എസ് വളവിനടുത്ത് വയലിലേക്കും വാഹനം മറിഞ്ഞിരുന്നു. സമീപത്തെ കടയിലേക്കു വാഹനം ഇടിച്ചുകയറിയും വീട്ടുമുറ്റത്തേക്കു നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറിയും ഈയിടെ നടന്ന അപകടങ്ങളാണ്.
റോഡിനു ഇരുവശങ്ങളിലുമുണ്ടായിരുന്ന വരയെല്ലാം കഴിഞ്ഞ റോഡ് റിപ്പയിറിങ്ങിന് ശേഷം മാഞ്ഞുപോയിരുന്നു. ഇത് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ തയാറാവാത്തതാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. അപകടങ്ങള്‍ സംഭവിച്ച വാഹനങ്ങള്‍ മിക്കതും അന്യജില്ലകളില്‍ നിന്നെത്തുന്നവയാണ്. ഇവര്‍ക്കു റോഡിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടാവാറില്ല. അതിനാല്‍ പലരും റോഡരികിലെ വരകള്‍ നോക്കിയാവും വാഹനമോടിക്കുക. എന്നാല്‍ ഈ ഭാഗങ്ങളിലെ വരകള്‍ മാഞ്ഞുപോയതും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്.
വാളാട്, ആലാറ്റില്‍, കണ്ണൂര്‍, തലശ്ശേരി, കാസര്‍കോട്, മക്കിമല ഭാഗങ്ങളിലേക്കായി നൂറുകണക്കിനു ബസും ആയിരക്കണക്കിനു മറ്റു വാഹനങ്ങളും കടന്നുപോകുന്ന മാനന്തവാടി-തലപ്പുഴ റോഡ് ലവലൈസ് ചെയ്ത് രണ്ടു വര്‍ഷത്തോളമായെങ്കിലും ചില ഭാഗങ്ങളില്‍ ടാറിങ് പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. കാണിയാരം ടൗണ്‍ മുതല്‍ തെടങ്ങഴിക്കുന്ന് അമ്പലം വരെയുള്ള യാത്ര ഏറെ ദുഷ്‌കരമാണ്.
ലവലൈസ് ചെയ്ത പല ഭാഗങ്ങളിലും ഗര്‍ത്തങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്. വിലപ്പെട്ട ജീവനുകള്‍ പൊലിയുന്നതിനു മുന്‍പ് ആവശ്യമായ ഇടപെടലുകള്‍ ബന്ധപ്പെട്ടവര്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."