നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വേദനരഹിത പ്രസവ യൂനിറ്റ് തുടങ്ങി
നിലമ്പൂര്‍: സര്‍ക്കാര്‍ തലത്തില്‍ മലബാറിലെ ആദ്യ വേദന രഹിത പ്രസവ യൂനിറ്റിനു നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ തുടക്കമായി. ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം സെറീന മുഹമ്മദാലി ഗൈനക്കോളജിയുടെ ചുമതലയുള്ള ഡോ. ലക്ഷ്മി രാജ്‌മോഹന്‍ മെഷീന്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
ഓക്‌സിജന്‍, നൈട്രസ് ഓക്‌സൈഡ് വാതക മിശ്രിതം മാസ്‌ക് ഉപയോഗിച്ചു ശ്വസനം നടത്തിയാണു വേദനക്കു ശമനമുണ്ടാക്കുന്നത്. ഇതിനായി നാല് സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തി. സിലിണ്ടറില്‍ നിന്ന് ഓക്‌സിജന്‍ നല്‍കുന്നതുപോലെ മാസ്‌ക് ഘടിപ്പിച്ചു വാതകം ശ്വസിക്കും. സാധാരണ പ്രസവങ്ങള്‍ക്കാണു സംവിധാനം ഉപയോഗപ്പെടുത്തുക. വേദന വര്‍ധിക്കുമ്പോള്‍ ഗര്‍ഭിണി തന്നെ മാസ്‌ക് ധരിച്ചു വാതകം ശ്വസിച്ചു തുടങ്ങും. വേദന കുറയുമ്പോള്‍ മാസ്‌ക് സ്വയം മാറ്റുകയും ചെയ്യും.
600രൂപയാണ് ഒരു പ്രസവത്തിന് ഈടാക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ 2000 മുതല്‍ 5000 രൂപവരെ ഇതിനു ചെലവ്. ആശുപത്രി വികസന ഫണ്ടില്‍ നിന്നാണു 92000 രൂപ ചെലവഴിച്ചു നാലു സിലിണ്ടറുകളടങ്ങുന്ന യൂനിറ്റ് ആരംഭിച്ചത്. നിലമ്പൂരിലേതുള്‍പ്പെട്ട കേരളത്തില്‍ നാലു സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. നിലവില്‍ സംസ്ഥാനത്ത് കൊല്ലം, പുനലൂര്‍, തിരുവല്ല എന്നിവിടങ്ങളിലാണു വേദനരഹിത പ്രസവ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. വേദനയില്‍ 80ശതമാനം കുറവ് വരുമെന്ന് ഡോക്ടര്‍ പറഞ്ഞു. പ്രത്യേക പരിശീലനം നേടിയ ഗൈനക്കോളജിസ്റ്റുമാര്‍, നഴ്‌സുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ക്ലിനികിന്റെ പ്രവര്‍ത്തനം. ചടങ്ങില്‍ ആര്‍ എം ഒ ഡോ. മുനീര്‍. നഴ്‌സിങ് സൂപ്രണ്ട് കെ. ജെ ലിസി, ഡോ. കൊച്ചുറാണി, എന്‍. അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."