തോപ്രാംകുടി അപകടത്തില്‍ മാത്യുവിന് എല്ലാം നഷ്ടമായി
കാഞ്ഞിരപ്പള്ളി: തോപ്രാംകുടി മുരിക്കാശേരിയിലുണ്ടായ വാഹനാപകടം കൊച്ചുപറമ്പില്‍ വീട്ടിലെ മാത്യുവിന് ഇനി അനാഥത്വം. അപകടത്തില്‍ മാത്യുവിന്റെ ഭാര്യയും, മകനും മകളും കൊച്ചുമകനുമാണു മരിച്ചത്. കുടുംബാംഗങ്ങള്‍ ഒന്നിച്ച് അണക്കരയിലുള്ള ധ്യാനകേന്ദ്രത്തിലും ബന്ധുവിന്റെ വീട്ടിലും പോയി മടങ്ങുന്ന വഴിയായിരുന്നു ദുരന്തം. മകന്‍ ഷാജു തലേദിവസം അണക്കരയിലേയ്ക്കു പോയിരുന്നു. റേഷന്‍ കട അടച്ചിടാന്‍ കഴിയാത്തതിനാലാണ് മാത്യു ഇവര്‍ക്കൊപ്പം പോകാതിരുന്നത്.
കുടുംബാംഗങ്ങള്‍ ഒരുമിച്ച് ഇന്നലെ രാവിലെ ഏഴു മണിയോടെയാണു യാത്രതിരിച്ചത്. രാവിലെ ചാനല്‍ ഫ്‌ളാഷുകളില്‍ അഞ്ചു പേര്‍ മരിച്ച വാര്‍ത്ത പരന്നപ്പോള്‍ ആരാണെന്നറിയാന്‍ കാഞ്ഞിരപ്പള്ളിക്കാര്‍ ആശങ്കാകുലരായിരുന്നു. സ്റ്റാന്റിനു സമീപത്തെ റേഷന്‍ വ്യാപാരിയായ മാത്യുവിന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടുവെന്ന് മാധ്യമങ്ങളില്‍ നിന്നറിഞ്ഞ നാട്ടുകാര്‍ കടയ്ക്കു മുന്നില്‍ തടിച്ചു കൂടി. അപ്പോഴും മരണവാര്‍ത്ത അറിയാതെ അപകടത്തെ കുറിച്ച് ബന്ധുക്കളോട് ഫോണില്‍ ആരായുകയായിരുന്നു മാത്യു. ഒടുവില്‍ പൊലിസും അടുത്ത ബന്ധുക്കളുമെത്തി മരണ വിവരം അറിയിച്ചതോടെ മാത്യു മാനസികമായി തകര്‍ന്നു പോയി.
അയല്‍വാസികളോടു യാത്രപറഞ്ഞ പോയ കുടുംബത്തിലെ പ്രിയപ്പെട്ടവരുടെ ദുരന്തവാര്‍ത്ത മാത്യുവിനോടൊപ്പം നാടിനെയാകെ കണ്ണീരിലാഴ്ത്തി. മരണവാര്‍ത്തയറിഞ്ഞു കൊച്ചുപറമ്പില്‍ വീട്ടുമുറ്റത്തേയ്ക്കു നാടൊന്നാകെ എത്തി. സ്‌നേഹനിധികളായ കൊച്ചുപറമ്പില്‍ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ അയല്‍വാസികള്‍ വേദനയോടെ പങ്കുവച്ചു. ആരോടും പരിഭവവും പിണക്കവുമില്ലാത്ത നാട്ടുകാര്‍ക്ക് ഏറെ സഹായം ചെയ്യുന്നവരായിരുന്നു. ഇവരെന്നു പറയുമ്പോള്‍ അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. അപകടത്തില്‍ മരിച്ച ഇവാനെന്ന ഒന്നരവയസുകാരന്‍ ബന്ധുക്കള്‍ക്കെന്ന പോലെ അയല്‍ക്കാര്‍കാകെ ഓമനയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."