HOME
DETAILS
MAL
പ്ലാറ്റിനി പടിയിറങ്ങി
backup
May 10 2016 | 07:05 AM
പാരിസ്: എല്ലാ വഴികളും അടഞ്ഞതോടെ മിഷേല്‍ പ്ലാറ്റിനി യുവേഫയുടെ അധ്യക്ഷ പദവിയൊഴിഞ്ഞു. സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്നു ഫിഫ അച്ചടക്ക സമിതിയേര്‍പ്പെടുത്തിയ വിലക്കിനെതിരേ പ്ലാറ്റിനി നല്‍കിയ അപ്പീല്‍ തള്ളിയതോടെയാണ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്.
ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് കായിക തര്‍ക്ക പരിഹാര കോടതിയെയാണ് പ്ലാറ്റിനി സമീപിച്ചത്. എന്നാല്‍ പ്ലാറ്റിനിയുടെ എതിര്‍ വാദങ്ങള്‍ക്ക് നിയമ സാധുതയില്ലെന്നു വ്യക്തമാക്കിയാണ് കോടതി അപ്പീല്‍ തള്ളിയത്.
അതേസമയം നേരത്തെ ഫിഫ പ്ലാറ്റിനിക്ക് ഏര്‍പ്പെടുത്തിയ ആറു വര്‍ഷത്തെ വിലക്കിനും പിഴ ശിക്ഷയ്ക്കും ഇളവു നല്‍കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ആറു വര്‍ഷത്തെ വിലക്ക് നാല് വര്‍ഷമായും പിഴയായ എണ്‍പതിനായിരം സ്വിസ് ഫ്രാങ്ക് അറുപതിനായിരമായും കുറയ്ക്കുമെന്ന ഏക ആശ്വാസമാണ് അദ്ദേഹത്തിനു ലഭിക്കുന്നത്.
കോടതി തീരുമാനം നീതി നിഷേധമാണെന്നു പ്ലാറ്റിനി പ്രതികരിച്ചു. ഇപ്പോള്‍ പ്രസിഡന്റു സ്ഥാനത്തു നിന്നു രാജി വയ്ക്കുകയാണ്.
കോടതിയുടെ ഈ വിധിക്കെതിരേ പോരാടി നിരപരാധിത്വം തെളിയിക്കും. വിലക്കുകള്‍ ഏര്‍പ്പെടുത്തി ദീര്‍ഘനാളത്തേക്കു തന്നെ തടഞ്ഞു വയ്ക്കാന്‍ സാധിക്കില്ല. അടുത്ത ഫിഫ തെരഞ്ഞടുപ്പില്‍ മത്സരിക്കമെന്നും പ്ലാറ്റിനി പറഞ്ഞു.
2007 മുതല്‍ യുവേഫയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച പ്ലാറ്റിനി ലോക കായിക മേഖലയിലെ അതികായരില്‍ ഒരാളായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ സമീപ കാലത്ത് ഫിഫയുമായി ബന്ധപ്പെട്ട് പുറത്തു വന്ന വന്‍ സാമ്പത്തിക ഇടപാടുകളില്‍ മുന്‍ ഫിഫ പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്റര്‍ക്കൊപ്പം പ്ലാറ്റിനിക്കും ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ അദ്ദേഹത്തിന്റെ സല്‍പ്പേരിനു കളങ്കമേറ്റു. ബ്ലാറ്ററുടെ പിന്‍ഗാമിയായി ഫിഫയുടെ അധ്യക്ഷ പദവിയിലേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് പ്ലാറ്റിനിയായിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കവേയാണ് സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തായത്. 1999 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ ഫിഫയുടെ ഉപദേശകനായി സേവനമനുഷ്ഠിച്ചതിനു അന്നു പ്രസിഡന്റായിരുന്ന ബ്ലാറ്ററില്‍ നിന്നു പതിമൂന്നരക്കോടി രൂപ കൈപ്പറ്റിയെന്ന കേസിലാണ് ഫിഫ അച്ചടക്ക സമിതി പ്ലാറ്റിനിക്കു വിലക്കേര്‍പ്പെടുത്തിയത്.
സെപ് ബ്ലാറ്റര്‍ക്കെതിരേയും സമിതി നടപടികള്‍ സ്വീകരിച്ചിരുന്നു. വിലക്കിന്റെ കാലത്ത് ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനങ്ങളിലും പ്ലാറ്റിനിക്കു ഇടപെടാന്‍ സാധിക്കില്ല എന്നതിനാല്‍ വരാനിരിക്കുന്ന യൂറോ കപ്പിന്റെ സംഘാടനത്തില്‍ പ്ലാറ്റിനിയുടെ സാന്നിധ്യമുണ്ടാകില്ലെന്നുറപ്പായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."