ഗാന്ധിയന്‍ സോഷ്യലിസത്തെയും ഗ്രാമസ്വരാജിനെയും തിരിച്ചറിയാത്തത് പരാജയം: ഡോ. കെ.പി ശങ്കരന്‍
കൊച്ചി: ഗാന്ധിജി മുന്നോട്ടു വച്ച സോഷ്യലിസ്റ്റ്, ഗ്രാമസ്വരാജ് ആശയങ്ങളെ വേണ്ട വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ സമൂഹത്തിന് കഴിയാത്തത് പരാജയമാണെന്ന് ന്യൂദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ മുന്‍ അസോഷ്യേറ്റ് പ്രൊഫസര്‍ ഡോ. കെ.പി ശങ്കരന്‍. രാഷ്ട്രപിതാവെന്ന് വാഴ്ത്തുമ്പോഴും ഇന്നത്തെ തലത്തിലുള്ള രാഷ്ട്രസങ്കല്‍പ്പമായിരുന്നില്ല ഗാന്ധിജിയുടേതെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗാന്ധിജയന്തി വാരാഘോഷത്തിന് സമാപനം കുറിച്ച് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധിയന്‍ ചിന്ത, പുനരലോകനം സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗാന്ധി യൂത്ത് ഫെലോഷിപ്പ് ദേശീയ കണ്‍വീനര്‍ രമേശ്ചന്ദ്ര ശര്‍മ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്നിരുന്നെങ്കില്‍ സാമ്പത്തിക, സാമൂഹിക അസമത്വങ്ങള്‍ ഇന്നത്തെ തോതില്‍ വളരുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 18 വയസിന് മുകളിലുള്ളവര്‍ ലിംഗവ്യത്യാസമില്ലാതെ അംഗങ്ങളാകുകയും വികസനപ്രക്രിയയില്‍ സജീവ പങ്കു വഹിക്കുകയും ചെയ്യുന്ന ഗ്രാമസഭകളാണ് ഗ്രാമസ്വരാജിന്റെ അടിസ്ഥാന ഘടകമായി ഗാന്ധിജി നിര്‍ദേശിച്ചതെന്നും ശര്‍മ ചൂണ്ടിക്കാട്ടി.
ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ അധ്യക്ഷത വഹിച്ചു. കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.എന്‍. ഗിരി, ജനറല്‍ സെക്രട്ടറി വി.ഡി. മജീന്ദ്രന്‍, പി.ഐ. ശങ്കരനാരായണന്‍, ടി.എന്‍. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ചര്‍ച്ചയില്‍ സുരേഷ് വര്‍മ്മ, ഷംസു യാക്കൂബ്, ഡോ. ജലജ ആചാര്യ, ഉഷകുമാരി, ജലീല്‍ താനത്ത്, വി.പി. സന്തോഷ്, ടി.എന്‍. പ്രതാപന്‍, എം.എം. സക്കീര്‍ഹുസൈന്‍, ഗോപിനാഥന്‍ നായര്‍, പി.എം ഹനീഫ്, ഡി.ജെ കുഞ്ഞുകുഞ്ഞ്, സിജി മരട്, അഭിലാഷ് തോപ്പില്‍, സലിം ഷുക്കൂര്‍, അഡ്വ. ഉഷ ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."