സമ്പൂര്‍ണ ഒ.ഡി.എഫ് പദവിയിലേക്ക് എറണാകുളം
കൊച്ചി: തുറസായ സ്ഥലങ്ങള്‍ മലവിസര്‍ജന രഹിതമാക്കുന്നതിനുള്ള ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ (ഒ.ഡി.എഫ്) പദ്ധതി ജില്ലയില്‍ അന്തിമഘട്ടത്തില്‍. 13ന് സമ്പൂര്‍ണ ഒ.ഡി.എഫ് പദവി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. മലയോര മേഖലയായ കുട്ടമ്പുഴ, തീരപ്രദേശമായ ചെല്ലാനം എന്നീ ഗ്രാമപഞ്ചായത്തുകളിലൊഴികെ എല്ലായിടത്തും പദ്ധതി ഇതിനകം ലക്ഷ്യത്തോടടുത്തു. കുട്ടമ്പുഴയിലും ചെല്ലാനത്തും ഒക്‌ടോബര്‍ 13നകം ശുചിമുറി നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് കലക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ളയുടെ നേതൃത്വത്തില്‍ തീവ്രശ്രമത്തിലാണ് അധികൃതര്‍. വിവിധ സന്നദ്ധ സംഘടനകളും ഇതിനായി രംഗത്തുണ്ട്.
തീരപ്രദേശമായ ചെല്ലാനം പഞ്ചായത്തില്‍ 650 ശൗചാലയങ്ങളാണ് നിര്‍മിക്കേണ്ടത്. വെള്ളക്കെട്ടിലാണ്ട ഈ മേഖലയില്‍ സര്‍ക്കാര്‍ ധനസഹായമായ 15,400 രൂപ കൊണ്ട് ശൗചാലയങ്ങള്‍ നിര്‍മിക്കാനാകില്ലെന്നതാണ് വെല്ലുവിളി. കലക്ടര്‍ ഇടപെട്ടതോടെ ഏറ്റവും ദുര്‍ഘടസ്ഥിതിയിലുള്ള 284 ശൗചാലയങ്ങള്‍ക്കായി 33500 രൂപ വരെ വിവിധ സ്രോതസുകളില്‍ നിന്നും കണ്ടെത്താനായി.
ഒക്‌ടോബര്‍ രണ്ടു വരെ പകുതിയോളം ശൗചാലങ്ങള്‍ക്കുള്ള കരാര്‍ മാത്രമാണ് ഗുണഭോക്താക്കളുമായി ഒപ്പുവയ്ക്കാന്‍ കഴിഞ്ഞിരുന്നതെങ്കില്‍ കഴിഞ്ഞ ഒരാഴ്ച്ചത്തെ പ്രവര്‍ത്തനം കൊണ്ട് മുഴുവന്‍ ശൗചാലയങ്ങള്‍ക്കും കരാറായതായി ശുചിത്വ മിഷന്റെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ സിജു തോമസ് പറഞ്ഞു. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജ്, പെരുമ്പാവൂര്‍ ജയ്ഭാരത് കോളേജ് എന്നിവിടങ്ങളിലെ വോളന്റിയര്‍മാരാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനത്തില്‍ ജില്ലാ ഭരണകൂടത്തിന് പിന്തുണ നല്‍കിയത്.
നേരിട്ട് ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ കഴിയാത്ത ഗുണഭോക്താക്കള്‍ക്ക് ജില്ലാ നിര്‍മിതി കേന്ദ്രം നിര്‍ദേശിക്കുന്ന ഏജന്‍സികള്‍ മുഖേന നിര്‍മിച്ചു നല്‍കുന്നതിനും കളക്ടറുടെ ഉത്തരവുണ്ട്. നൂറ് ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിന് സഹായവുമായി റോട്ടറി ക്ലബ്ബും മുന്നോട്ടു വന്നു. കൊച്ചി കപ്പല്‍ശാല പോലുള്ള സ്ഥാപനങ്ങളുടെ സാമൂഹ്യപ്രതിബദ്ധത ഫണ്ടില്‍ നിന്നുള്ള സഹായവും പദ്ധതി നടപ്പാക്കാന്‍ പ്രയോജനപ്പെടുത്തുന്നു. 150 ശൗചാലയങ്ങള്‍ ഇതിനകം പൂര്‍ത്തിയായതായും ബാക്കിയുള്ളവയും നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് പീതാംബരന്‍, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി എന്നിവര്‍ പറഞ്ഞു.
കുട്ടമ്പുഴ പഞ്ചായത്തില്‍ 738 ശൗചാലയങ്ങളാണ് ഒഡിഎഫ് പദ്ധതിയില്‍ നിര്‍മിക്കേണ്ടത്. 14 ആദിവാസി കോളനികളുള്ള പഞ്ചായത്തില്‍ 380 ശൗചാലയങ്ങള്‍ നിര്‍മിക്കേണ്ടത് അതീവ ദുര്‍ഘട പ്രദേശങ്ങളിലാണ്. ആദിവാസി വനസംരക്ഷണ സമിതികള്‍ക്ക് തുക മുന്‍കൂറായി നല്‍കിയാണ് ഇവിടെ ശൗചാലയ നിര്‍മാണം. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ടിമ്പിള്‍ മാഗി, ശുചിത്വ മിഷന്‍ കോ ഓഡിനേറ്റര്‍ സിജു തോമസ് എന്നിവര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഇവിടെ ക്യാമ്പ് ചെയ്ത് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നു. നെഹ്‌റു യുവകേന്ദ്ര, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള വോളന്റിയര്‍മാര്‍ ബോധവല്‍ക്കരണത്തിനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുമായി ഇവിടെ രംഗത്തുണ്ട്. ദുര്‍ഘടമല്ലാത്ത മേഖലകളില്‍ 338 ശൗചാലയങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഗോപി പറഞ്ഞു.
ജില്ലയില്‍ മൊത്തം 7808 ശൗചാലയങ്ങളാണ് ഒ.ഡി.എഫ് പദ്ധതിയില്‍ നിര്‍മിക്കേണ്ടത്. ഇതില്‍ 6088 ശുചിമുറികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായാണ് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. 14 ബ്ലോക്കു പഞ്ചായത്തുകളില്‍ അങ്കമാലി, പാമ്പാക്കുട, ഇടപ്പിള്ളി എന്നീ ബ്ലോക്കുകള്‍ സമ്പൂര്‍ണ്ണ ഒഡിഎഫ് ബ്ലോക്കുകളായി സ്വയം പ്രഖ്യാപിച്ചു. ആലങ്ങാട്, മൂവാറ്റുപുഴ, വടവുകോട്, വാഴക്കുളം എന്നീ ബ്ലോക്കുകളിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചു.
കൂവപ്പടി ബ്ലോക്കിലെ വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത്, കോതമംഗലം ബ്ലോക്കിലെ പിണ്ടിമന, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തുകളും മുളന്തുരുത്തി ബ്ലോക്കിലെ ഉദയംപേരൂര്‍, ചോറ്റാനിക്കര എന്നീ പഞ്ചായത്തുകളും പാറക്കടവ് ബ്ലോക്കിലെ പാറക്കടവ് ഗ്രാമപഞ്ചായത്തും പള്ളുരുത്തി ബ്ലോക്കിലെ ചെല്ലാനം, കുമ്പളം എന്നീ ഗ്രാമപഞ്ചായത്തുകളും, പറവൂര്‍ ബ്ലോക്കിലെ ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളും വൈപ്പിന്‍ ബ്ലോക്കിലെ എടവനക്കാട്, കുഴുപ്പിള്ളി, നായരമ്പലം എന്നീ പഞ്ചായത്തുകളുമാണ് പൊതു സ്ഥല മലവിസര്‍ജ്ജന രഹിത (ഒ.ഡി.എഫ്) പഞ്ചായത്ത് എന്ന നേട്ടം കൈവരിക്കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."