മികച്ച തുടക്കമിട്ട് ഇന്ത്യ
ഇന്‍ഡോര്‍: റണ്‍സ് വരള്‍ച്ചയ്ക്ക് വിരാമമിട്ട് നായകന് വിരാട് കോഹ്ലി സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റു നഷ്ടത്തില്‍ 267 റണ്‍സ് എന്ന നിലയില്‍. 191 പന്തുകള്‍ നേരിട്ട് കോഹ്ലി പത്തു ബൗണ്ടറികളുടെ അകമ്പടിയോടെ 103 റണ്‍സെടുത്ത് പുറത്താകാതെ നില്ക്കുന്നു. 79 റണ്‍സുമായി അജിന്‍ക്യ രഹാനെയാണ് നായകനു കൂട്ടായി ക്രീസിലുള്ളത്.
ടെസ്റ്റില്‍ 13ാം സെഞ്ച്വറി കുറിച്ച കോഹ്ലി 2013 ഫെബ്രുവരിയിലാണ് അവസാനമായി ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. അര്‍ധ സെഞ്ച്വറി നേടിയ രഹാനെയാകട്ടെ ടെസ്റ്റ് ക്രിക്കറ്റില്‍ 2000 റണ്‍സ് എന്ന നേട്ടം പിന്നിട്ടു. കോഹ്ലി- രഹാനെ സഖ്യം പിരിയാത്ത നാലാം വിക്കറ്റില്‍ 167 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ടോസ് നേടി ഇന്ത്യന്‍ നായകന് ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ഓപണര്‍ റോളിലേക്ക് തിരിച്ചെത്തിയ ഗൗതം ഗംഭീര്‍ മുരളി വിജയിക്കൊപ്പം ഇന്നിങ്സ് തുറന്നു. മികച്ച തുടക്കമാണ് ഇരുവരും ചേര്‍ന്നു നല്‍കിയത്. എന്നാല്‍ പത്തു റണ്‍സുമായി വിജയ് മടങ്ങി. പിന്നീട് ചേതേശ്വര്‍ പൂജരയും ഗംഭീറും ചേര്‍ന്ന സഖ്യം സ്കോര്‍ ചലിപ്പിച്ചു. 53 പന്തില്‍ 29 റണ്‍സെടുത്ത് നില്‍ക്കെ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി ഗംഭീര്‍ പുറത്തായി.
ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയ ഗംഭീര്‍ മികച്ച തുടക്കത്തോടെ മുന്നേറിയെങ്കിലും വലിയ സ്കോറിലെത്താന്‍ സാധിച്ചില്ല. രണ്ടു സിക്സും മൂന്നും ഫോറുമടക്കം ക്ഷണത്തില്‍ റണ്‍സ് വാരാന്‍ അദ്ദേഹത്തിനു സാധിച്ചെങ്കിലും അധികം നീണ്ടുനിന്നില്ല. ചേതേശ്വര്‍ പൂജാര- കോഹ്ലിയുമായി ചേര്‍ന്ന് പിന്നീട് ഇന്നിങ്സ് നേരെയാക്കി. 108 പന്തില്‍ 41 റണ്‍സെടുത്ത പൂജാരയെ മിച്ചല്‍ സാന്റ്നറാണ് പുറത്താക്കിയത്.
കിവികള്‍ക്കായി ട്രെന്റ് ബോള്‍ട്ട്, ജീതന്‍ പട്ടേല്‍, സാന്റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."