കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരെ വീണ്ടും കരിങ്കൊടി
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനു നേരെ കണ്ണൂരില്‍ വീണ്ടും കരിങ്കൊടി. പ്രതിഷേധിച്ച കെ.എസ്.യു നേതാവിനെ സി.പി.എം പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്നു മര്‍ദിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ ടൗണ്‍ സ്ക്വയറില്‍ കോര്‍പറേഷന്റെ സമഗ്ര വികസനപദ്ധതി പ്രഖ്യാപനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സദസിലിരുന്ന കെ.എസ്.യു ഇരിക്കൂര്‍ ബ്ലോക്ക് പ്രസിഡന്റ് ടി. അഭിജിത്ത് കരിങ്കൊടി കാണിച്ചത്. വന്‍ പൊലിസ് സന്നാഹം സ്ഥലത്തുള്ളപ്പോഴായിരുന്നു പ്രതിഷേധം. കൈയില്പിടിച്ച പത്രത്തിനുള്ളില്‍ കരുതിയ കരിങ്കൊടി അഭിജിത്ത് മുദ്രാവാക്യം വിളികളോടെ എടുത്തുയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പൊലിസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ സംഭവസ്ഥലത്തുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ അഭിജിത്തിനെ കൂട്ടംചേര്‍ന്ന് മര്‍ദിച്ചവശനാക്കുകയായിരുന്നു. ഇതിനിടെ വളപട്ടണം സി.ഐ ടി.കെ രത്നകുമാറിനും പൊലിസുകാര്‍ക്കും മര്‍ദനമേറ്റു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഇതേസ്ഥലത്ത് കണ്ണൂര്‍ ദസറ ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴും മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു. ഇന്നലെ പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലിസ് സന്നാഹത്തോടൊപ്പം സി.പി.എം പ്രവര്‍ത്തകരും പരിപാടി സ്ഥലത്ത് എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."