അല്‍പ്പം വൈകിപ്പോയി സര്‍... ഇപ്പോള്‍ ഇവിടെ ശവങ്ങളേയുള്ളൂ...
പാലക്കാട്: ബ്രൂസിലോസിസ് രോഗംബാധിച്ച തിരുവിഴാംകുന്ന് കന്നുകാലി ഫാമിലെ മൃഗങ്ങള്‍ക്കുവേണ്ടി ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു.
എന്നാല്‍, പ്രധാനമന്ത്രിയുടെ ഇടപെടലിന്റെ ആനുകൂല്യം ലഭിക്കുംമുന്‍പേ തിരുവിഴാംകുന്ന് ഫാമില്‍ മൃഗങ്ങളുടെ ദയാവധം നടന്നുകഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ അഞ്ചാം തിയതിയാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് ഇക്കാര്യത്തിലുള്ള ഫയല്‍ സെക്രട്ടേറിയറ്റിലെത്തിയത്. എന്നാല്‍, കഴിഞ്ഞ രണ്ടാം തിയതി തന്നെ കന്നുകാലികളെ ദയാവധത്തിന് വിധേയമാക്കിയിരുന്നു. ഈ മാസം ഒന്നിന് ഞായര്‍പ്രഭാതത്തില്‍ ഫാമിലെ രോഗംബാധിച്ച മൃഗങ്ങളെക്കുറിച്ച് കവര്‍ സ്‌റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. 'സുപ്രഭാത'ത്തെ ഉദ്ധരിച്ചാണ് സംസ്ഥാന സര്‍ക്കാരിനോട് വിഷയത്തില്‍ ഇടപെട്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്. 'സര്‍...ഞങ്ങളെ കൊല്ലാതിരുന്നുകൂടെ?' എന്നായിരുന്നു 'സുപ്രഭാതം' പ്രസിദ്ധീകരിച്ച സ്റ്റോറിയുടെ തലക്കെട്ട്.
അതേസമയം, പ്രധാനമന്ത്രിയുടെ ഇടപെടലിന്റെ ഗുണം അനുഭവിക്കാന്‍ മൃഗങ്ങള്‍ക്ക് സാധിക്കാത്തതിന്റെ വേദനയിലാണ് ഫാമിലെ ഒരുവിഭാഗം ജീവനക്കാര്‍. ഫാമിലെ 92 കന്നുകാലികള്‍ക്കാണ് മാരക രോഗബാധയേറ്റിരുന്നത്. രണ്ടുവര്‍ഷം മുന്‍പ് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയതെങ്കിലും നടപടിയെടുക്കാതെ ഫാം അധികൃതര്‍ ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.
ഇതേക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തതും 'സുപ്രഭാതം' ആയിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്, മൃഗസംരക്ഷണ നിയമങ്ങള്‍ക്കു വിധേയമായി രോഗബാധയേറ്റ പശുക്കളെ ദയാവധം നടത്തണമെന്ന് നിര്‍ദേശിച്ചു.
രോഗബാധയുള്ള കന്നുകാലികളെ തൃശ്ശൂര്‍ മണ്ണുത്തിയിലെ വെറ്ററിനറി സര്‍വകലാശാലാ ആസ്ഥാനത്ത് എത്തിച്ച് ദയാവധം നടത്താനായിരുന്നു അധികൃതര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, രോഗബാധയുള്ള മൃഗങ്ങളെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുമ്പോള്‍, രോഗാണുക്കള്‍ മറ്റിടങ്ങളിലേക്ക് പടരാന്‍ സാധ്യതയുള്ളതിനാല്‍ കന്നുകാലികളെ പാലക്കാട്ടു നിന്ന് തൃശ്ശൂരിലേക്കു കൊണ്ടുവരുന്നത് തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് സര്‍ക്കാരിനും മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിക്കും കത്തുനല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് കന്നുകാലികളെ തൃശ്ശൂരിലെത്തിച്ച് ദയാവധം നടത്തുന്നതില്‍ നിന്ന് സര്‍വകലാശാലാ അധികൃതര്‍ പിന്‍മാറിയത്.
തുടര്‍ന്ന് നടന്ന ഉന്നതതലയോഗത്തിലാണ് തിരുവിഴാംകുന്ന് ഫാമില്‍തന്നെ ദയാവധം നടത്താന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."