ഈ അനുഭവം നിങ്ങളുടെ മനഃസാക്ഷി വിലയിരുത്തട്ടെ
കശ്മിര്‍ അതിര്‍ത്തിയിലെ സംഘര്‍ഷം മുറ്റിനില്‍ക്കുന്ന വാര്‍ത്തകള്‍ നിറഞ്ഞ പത്രത്താളുകളിലൊന്നില്‍ കഴിഞ്ഞദിവസം ഒറ്റക്കോളത്തില്‍ ചെറിയതലക്കെട്ടില്‍ ഒരു വാര്‍ത്ത വന്നിരുന്നു. അധികമാരും ആ വാര്‍ത്ത ശ്രദ്ധിച്ചിരിക്കാനിടയില്ല. കാരണം, വാര്‍ത്തയുടെയും തലക്കെട്ടിന്റെയും വലിപ്പത്തില്‍ അതു തീരെ ചെറിയവാര്‍ത്തയായിരുന്നു.
എങ്കിലും മനുഷ്യത്വം വറ്റിപ്പോയിട്ടില്ലാത്തവരുടെ മനസ്സില്‍ പതിയണമെന്ന ആഗ്രഹത്തോടെ ആ വാര്‍ത്തയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ. അതിര്‍ത്തി കടന്നെത്തിയ ഒരു ബാലനെ ഇന്ത്യന്‍ പട്ടാളം കണ്ടെത്തി തിരിച്ചയച്ചതായിരുന്നു വാര്‍ത്ത. പാക് അധിനിവേശ കശ്മിരില്‍നിന്നാണ് അവന്‍ വന്നത്. അവന്റെ പ്രായം പത്തുവയസ്. പേരെന്തെന്നു വാര്‍ത്തയിലില്ല. അതിവിടെ പ്രസക്തവുമല്ല.
ആ കുട്ടി തീവ്രവാദിയാണെന്നോ തീവ്രവാദികളുടെ മറയാണെന്നോ വാര്‍ത്തയില്‍ പറയുന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഹിലരി ക്ലിന്റന്‍ 'ഭയക്കുന്ന'പോലെ പാകിസ്താന്റെ 'ആണവായുധച്ചാവേറാ'ണെന്നും പട്ടാളം കണ്ടെത്തിയിട്ടില്ല. ആ കുട്ടിയെ ചോദ്യം ചെയ്ത അതിര്‍ത്തിസേനയ്ക്കു ബോധ്യപ്പെട്ട ഒരു കാര്യമുണ്ടായിരുന്നു, കുടിവെള്ളം തേടിയുള്ള അലച്ചിലിനിടയിലാണ് അവന്‍ അറിയാതെ അതിര്‍ത്തി ഭേദിച്ചുപോയത്.
ഈ വാര്‍ത്തയെ പ്രസക്തമാക്കുന്ന വാചകവും അതാണ്. പാകിസ്താന്റെ അധികാരപരിധിയില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരില്‍ ഒരാളായ ആ കശ്മിരിബാലന്‍ കുടിവെള്ളം തേടി അലയുകയായിരുന്നു. കാതങ്ങളോളമുള്ള യാത്രയ്ക്കിടയില്‍ അവന്റെ മനസ്സില്‍ പാകിസ്താനോ ഇന്ത്യയോ, ഈ രാജ്യങ്ങള്‍ക്കിടയില്‍ കീറിമുറിക്കപ്പെട്ട തന്റെ നാടിന്റെ നെഞ്ചിലൂടെ നിര്‍മിക്കപ്പെട്ട അതിര്‍ത്തിയോ ഒന്നുമുണ്ടായിരിക്കാന്‍ സാധ്യതയില്ല. അവന്റെ മനസ്സ് തേടിക്കൊണ്ടിരുന്നതു വരളുന്ന തൊണ്ടയില്‍ ഈര്‍പ്പം പകരാന്‍ സഹായിക്കുന്ന ദാഹനീര്‍ മാത്രമായിരുന്നു.
(അതിര്‍ത്തി കയറ്റിവിടുംമുന്‍പ് ആ പയ്യനു പട്ടാളക്കാര്‍ കുടിനീരു നല്‍കിയിരുന്നോയെന്നു വാര്‍ത്തയിലില്ല. അങ്ങനെ ചെയ്തിട്ടുണ്ടാകുമെന്നു പ്രതീക്ഷിക്കാം.)
ഒറ്റപ്പെട്ട സംഭവം പെരുപ്പിച്ചു കാണിക്കാനല്ല ഇവിടെ ഇത്രയും കുറിച്ചത്. അതിര്‍ത്തിയില്‍ ആയുധങ്ങളുമായി തീവ്രവാദികള്‍ തുടര്‍ച്ചയായി നുഴഞ്ഞുകയറ്റം നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നതും അവര്‍ ഇന്ത്യയുടെ സൈനികത്താവളങ്ങളില്‍ മിന്നലാക്രമണം നടത്തുന്നുണ്ടെന്നതും യാഥാര്‍ഥ്യമാണ്. ജീവന്‍ പണയംവച്ചാണു ജവാന്മാര്‍ അതിര്‍ത്തികാക്കുന്നതെന്നതും യാഥാര്‍ഥ്യം.
പക്ഷേ, അതിനപ്പുറത്തൊരു യാഥാര്‍ഥ്യമില്ലേ. കശ്മിര്‍ അതിര്‍ത്തിപ്രദേശത്തുള്ളവരുടെ ദുരന്തപൂര്‍ണവും ദയനീയവുമായ ജീവിതയാഥാര്‍ഥ്യം! തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് ഏഴുപതിറ്റാണ്ടായി ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുകയാണവര്‍. അതിര്‍ത്തിപ്രദേശത്തുനിന്ന് ഏറെ അകലെ സുരക്ഷിതപ്രദേശങ്ങളിലെ ശീതളച്ഛായയിലിരുന്നു വാര്‍ത്തവായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവര്‍ക്ക് കശ്മിര്‍ അതിര്‍ത്തിയിലെ ഏറ്റുമുട്ടലിന്റെയും ആക്രമണത്തിന്റെയും തിരിച്ചടിയുടെയും ഓരോ വാര്‍ത്തയും കൗതുകമുളവാക്കുന്നതോ രോമാഞ്ചമുണ്ടാക്കുന്നതോ ശത്രുവിനെതിരേയുള്ള രോഷം വര്‍ധിപ്പിക്കുന്നതോ ആണ്.
അതിര്‍ത്തിപ്രദേശത്തു കഴിയുന്നവന് അങ്ങനെയല്ല. അവിടെയുണ്ടാകുന്ന ഓരോ സ്‌ഫോടനവും ആക്രമണവും അവന്റെ ഉറക്കം കെടുത്തുന്നതാണ്. ഒന്നുകില്‍ ആ ആക്രമണം കവര്‍ന്നെടുക്കുന്നത് അവരുടെ ഉറ്റബന്ധുക്കളുടെയോ ഉറ്റമിത്രങ്ങളുടെയോ ജീവിതമായിരിക്കും. അതല്ലെങ്കില്‍, അവന്റെ നെഞ്ചിന്‍കൂടു തകര്‍ക്കുന്നതായിരിക്കും. അതൊന്നും സംഭവിച്ചില്ലെങ്കില്‍ അക്രമത്തിന്റെ അടിവേരുതേടിയുള്ള അധികാരികളുടെ നെട്ടോട്ടത്തിന്റെ ചൂടുംചൂരും അനുഭവിക്കാന്‍ അവര്‍ വിധിക്കപ്പെടും.
അതിര്‍ത്തിക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ള കശ്മിരികളുടെ ജീവിതദുരിതത്തെ നിസ്സംഗതയോടെ കാണുന്ന നമ്മള്‍ ഓര്‍ക്കേണ്ട ഒരു യാഥാര്‍ഥ്യമുണ്ട്. ഒരു കാലത്ത് ഭൂമിയിലെ സ്വര്‍ഗമെന്നു വാഴ്ത്തപ്പെട്ട സ്ഥലമായിരുന്നു അവരുടെ നാട്. രാജഭരണത്തിന്റേതായ തിക്താനുഭവങ്ങളുണ്ടായിരുന്നെങ്കിലും അവര്‍ക്കിടയില്‍ സാമുദായികമായ അതിര്‍ത്തിരേഖയും ശത്രുതയും ഉണ്ടായിരുന്നതേയില്ല. അവരുടെ ജീവിതം ദാല്‍ തടാകംപോലെ സ്ഫടികനിര്‍മലമായിരുന്നു. കശ്മിരിലെവിടെയും അവര്‍ക്കു സ്വതന്ത്രമായി സഞ്ചരിക്കാമായിരുന്നു.
വടക്കുകിഴക്കന്‍ പ്രവിശ്യയില്‍നിന്ന് കശ്മിരില്‍ ആദ്യമായി പഠാന്‍ ഗോത്രക്കാരുടെ പടയോട്ടം നടക്കുകയും കശ്മിരിന്റെ നല്ലൊരു ഭാഗവും പാക് അധീനതയിലാകുകയും അതു പിടിച്ചെടക്കാന്‍ ഇന്ത്യന്‍പട്ടാളം പോരാട്ടം നടത്തുകയും ചെയ്ത കാലം മുതല്‍ തുടങ്ങിയതാണ് കശ്മിരികളുടെ ദുരിതകാലം. പട്ടാളങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനിടയില്‍ എവിടെയും ചവിട്ടിമെതിക്കപ്പെടുന്നത് തദ്ദേശീയരുടെ ജീവിതമായിരുക്കും. കശ്മിരികളെ സംബന്ധിച്ചിടത്തോളം 1948 ആദ്യത്തില്‍ ആരംഭിച്ചതാണ് ആ ദുരന്തവും ദുരിതവും.
പഞ്ചാബിലും ബംഗാളിലും വിഭജനകാലത്തുണ്ടായ ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും തീവ്രതയറിയാന്‍ ചരിത്രത്താളുകള്‍ മനസ്സിരുത്തി വായിച്ചാല്‍ മതി. അവിഭക്തഇന്ത്യയുടെ ഭൂപടത്തിനു കിഴക്കും പടിഞ്ഞാറുമായി ഓരോ അതിര്‍ത്തിരേഖ വരയ്ക്കാന്‍ അധികാരികള്‍ക്കു വേണ്ടിവന്നതു കുറഞ്ഞസമയം മാത്രമായിരുന്നുവെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. പക്ഷേ, ഈ വരയില്‍ പൊലിഞ്ഞത് ഇരുപതുലക്ഷത്തോളം ജീവിതങ്ങളായിരുന്നു. അതിലുമെത്രയോ ലക്ഷം പേരുടെ ദുരിതജീവിതത്തിനും ആ വര നിമിത്തമായി. അതിര്‍ത്തികള്‍ക്ക് അപ്പുറവും ഇപ്പുറവുമൊക്കെയുള്ള സാധാരണക്കാരുടെ അനുഭവം ഒന്നാണെന്നു നാം ഓര്‍ത്തേ മതിയാകൂ.
വിഭജനകാലത്തെ കലാപത്തിനിടയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട യുവതികളെ ബന്ധുക്കള്‍ക്ക് അടുത്തേയ്ക്കു തിരിച്ചെത്തിക്കാന്‍ ഇരുരാജ്യങ്ങളും സഹകരിച്ച് ഒരു പദ്ധതി തയാറാക്കിയിരുന്നു. പതിനായിരക്കണക്കിനു യുവതികളെ ഇങ്ങനെ മോചിപ്പിച്ചു ബന്ധുക്കള്‍ക്കടുത്തെത്തിച്ചു. 'ശത്രു'വിന്റെ കാമവെറിക്കിരയായെന്ന കാരണത്താല്‍ അവരില്‍ മിക്കവരെയും സ്വീകരിക്കാന്‍ ആത്മാഭിമാനികളായ ബന്ധുക്കള്‍ തയാറല്ലായിരുന്നു. അങ്ങനെ അവരില്‍ ബഹുഭൂരിപക്ഷവും തെരുവിലേയ്ക്ക് എറിയപ്പെട്ടു.
വിഭജനശേഷമുണ്ടായ കൈയ്യൂക്കിന് ഇരയായ സ്ത്രീകളില്‍ ചിലര്‍ പില്‍ക്കാലത്തു തങ്ങളെ രക്ഷിക്കാനെത്തിയ ഉദ്യോഗസ്ഥരോടു ചോദിച്ച ചോദ്യം ചരിത്രത്താളുകളില്‍ മായാതെയുണ്ട്: ''ഞങ്ങളുടെ മാനം രക്ഷിക്കാന്‍ അന്നു കഴിയാത്ത നിങ്ങള്‍ ഇപ്പോള്‍ എന്തു രക്ഷിക്കാനാണു വന്നിരിക്കുന്നത്'' എന്നായിരുന്നു ചോദ്യം.
അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തുമുള്ളവന്റെ മനസ്സ് തിരിച്ചറിയാന്‍ വിഭജനത്തിന്റെ പൂര്‍വകാലാനുഭവങ്ങളെങ്കിലും നമ്മെ സഹായിക്കേണ്ടതല്ലേ. അങ്ങനെ സംഭവിക്കുമ്പോള്‍ വരണ്ട തൊണ്ടയുമായി നടന്നുനടന്ന് അതിര്‍ത്തി ഭേദിച്ചുപോയ ആ ബാലനും അതുപോലെ അതിര്‍ത്തിയില്‍ ദുരിതവും ദുരന്തവും അനുഭവിക്കുന്ന ലക്ഷക്കണക്കിനു പാവങ്ങളും നമുക്കു പ്രിയപ്പെട്ടവരായിത്തീരും.ഇതു കുറിച്ചതിന് ആരെങ്കിലും ദേശവിരുദ്ധനെന്നു കുറ്റപ്പെടുത്തുമോ എന്നറിയില്ല.
മനുഷ്യത്വമില്ലാത്തവനെന്നു സ്വന്തം മനഃസാക്ഷി പറയില്ലെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."