ആളിയാര്‍: തമിഴ്‌നാട് കൈവിട്ട കളിക്ക്; നിസ്സംഗതയില്‍ കേരളം
പാലക്കാട്: 58 വര്‍ഷം പിന്നിട്ടിട്ടും പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പുതുക്കാത്ത നടപടിക്കെതിരേ പ്രതികരിക്കാത്ത കേരളാധികൃതരുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് കൂടുതല്‍ നടപടികളുമായി തമിഴ്‌നാട് സര്‍ക്കാര്‍.
തമിഴ്‌നാടിപ്പോള്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചു നിരവധി കനാലുകളും സ്പില്‍വേകളും നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന് വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് കഴിഞ്ഞദിവസം തമിഴ്‌നാട് ജലസേചന വകുപ്പ് ഉന്നതഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആളിയാറില്‍ നിന്നും കേരളത്തിലേക്ക് വെള്ളം തുറന്നുവിടുന്ന ഷട്ടറുകളും അടച്ചു. ഇതോടെ കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളംപോലും ലഭിക്കില്ലെന്ന സാഹചര്യമാണിപ്പോഴുള്ളത്.
ഈ മാസം ജോയിന്റ് വാട്ടര്‍ റെഗുലേഷന്‍ ബോര്‍ഡ് യോഗം കൂടാന്‍ കേരളം ആവശ്യപെട്ടിട്ടുണ്ടെങ്കിലും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അസുഖകാരണം പറഞ്ഞു ഒഴിഞ്ഞുമാറാനാണ് സാധ്യത.
പദ്ധതിയുടെ ഭാഗമായി ഒന്‍പത് ഡാമുകള്‍ തമിഴ്‌നാട് പണിതിട്ടുണ്ട്. അപ്പര്‍ നീരാര്‍, ലോവര്‍ നീരാര്‍, ഷോളയാര്‍, പറമ്പിക്കുളം ഡാം, തൂണക്കടവ്, പെരുവാരിപ്പള്ളം, ആളിയാര്‍, അപ്പര്‍ ആളിയാര്‍, തിരുമൂര്‍ത്തി ഡാം എന്നിവയിലെ വെള്ളം തമിഴ്‌നാടാണ് ഉപയോഗിക്കുന്നത്.
പെരിയാര്‍ നദീതടത്തിലെ നീരാര്‍ വിയറിലെ വെള്ളം ഒക്ടോബര്‍ ഒന്നുമുതല്‍ ജനുവരി ഒന്നുവരെ കേരളത്തിലേക്ക് തുറന്നുവിടണമെന്ന വ്യവസ്ഥയും തമിഴ്‌നാട് ലംഘിച്ചു. സെപ്റ്റംബറില്‍ കേരളാ ഷോളയാറിലേക്ക് വെള്ളം നല്‍കണമെങ്കിലും അതും കിട്ടിയിട്ടില്ല. ലോവര്‍ നീരാറിന്റെ വൃഷ്ട്ടി പ്രദേശത്തെ ജലവും പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം ഡാമുകളിലെ വെള്ളവും ഉള്‍പ്പെടെ 16.5 ടി.എം.സി വെള്ളം ഓരോവര്‍ഷവും തമിഴ്‌നാടിന് ഉപയോഗിക്കാനേ കരാറില്‍ പറയുന്നുള്ളൂ. ബാക്കി അധികജലം ചിറ്റൂര്‍ പ്രദേശത്തെ ജലസേചനത്തിനും ചാലക്കുടി നദീതടത്തിലേക്കും തുറന്നുവിടണം.
ഇപ്പോള്‍ തമിഴ്‌നാട് ഒരുതുള്ളി വെള്ളംപോലും പാഴാക്കാതെ കോണ്ടൂര്‍ക്കനാല്‍ വഴി കടത്തിക്കൊണ്ടുപോയി തിരുമൂര്‍ത്തിഡാമില്‍ ശേഖരിച്ച് ദളി മെയിന്‍ കനാല്‍ വഴി തിരിച്ചുകൊണ്ടുപോവുകയാണ്.
പറമ്പികുളത്തെ മൂന്ന് ഡാമുകളിലെ വെള്ളം വൈദ്യുതി ഉല്‍പാദിപ്പിച്ച ശേഷം പറമ്പിക്കുളം ഫീഡര്‍ കനാല്‍ വഴി ആളിയാര്‍ ഡാമില്‍ എത്തിക്കണം എന്ന വ്യവസ്ഥക്ക് വിരുദ്ധമായി കോണ്ടൂര്‍ കനാല്‍ വഴി കൊണ്ടുപോവുന്നുവെന്ന് നിയമസഭാ അഡ്‌ഹോക് കമ്മിറ്റി കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട.് 1994 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കണ്ടിട്ടില്ല.
കര്‍ണാടകക്കെതിരേ വെള്ളത്തിനായി നിയമയുദ്ധം നടത്തുന്ന തമിഴ്‌നാട് കേരളത്തോട് വെള്ളത്തിന്റെ കാര്യത്തില്‍ അവഗണ കാട്ടുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."