അഴിയൂരില്‍ സമാധാനം നിലനിര്‍ത്താന്‍ ജനകീയ കൂട്ടായ്മ
വടകര: നിരന്തരം അക്രമങ്ങള്‍ നടക്കുന്ന അഴിയൂര്‍ പഞ്ചായത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ജനകീയ പങ്കാളിത്തത്തോടെ വിവിധ പരിപാടികള്‍ നടപ്പാക്കാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. ഉമേഷ് കുമാറിന്റെ നേതൃത്വത്തില്‍ ചോമ്പാല പൊലിസ് സ്റ്റേഷനില്‍ നടന്ന യോഗത്തിലാണ് തീരുമാനം. രാത്രി പത്തിനു ശേഷം കടകള്‍ തുറന്നുപ്രവര്‍ത്തിക്കേണ്ടതില്ല. പൊതുസ്ഥലങ്ങളില്‍ മദ്യപാനം, ലഹരിവസ്തുക്കളുടെ വില്‍പന എന്നിവ പൂര്‍ണമായും ഇല്ലാതാക്കും. ഇതിനായി റസിഡന്‍സ് അസോസിയേഷന്‍, കച്ചവടസ്ഥാപനങ്ങള്‍, മറ്റു കൂട്ടായ്മകള്‍ എന്നിവരുടെ സഹായം ഉപയോഗപ്പെടുത്തും. രാത്രി അസമയങ്ങളില്‍ അനാവശ്യമായി സംഘം ചേര്‍ന്ന് ഇരിക്കുന്നത് ഒഴിവാക്കും.
ക്ലീന്‍ അഴിയൂരിന്റെ ഭാഗമായി രാഷ്ട്രീയ സംഘടനകള്‍, പൊതുജനങ്ങള്‍, പൊലിസ് എന്നിവയുടെ കൂട്ടായ്മയില്‍ അനാവശ്യ കൊടിതോരണങ്ങളും ചുവരെഴുത്തും നീക്കംചെയ്യും. അപകടങ്ങള്‍ പതിയിരിക്കുന്ന ദേശീയപാതയിലെ മൂന്നു ടൗണുകളില്‍ കച്ചവടക്കാര്‍, െ്രെഡവര്‍മാര്‍, സന്നദ്ധസംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രഥമ ശൂശ്രൂഷാ പരിശീലനം നല്‍കും എന്നീ കാര്യങ്ങള്‍ തീരുമാനിച്ചു. ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാട് ഒരുസംഘടനകളും എടുക്കരുതെന്ന് യോഗത്തില്‍ സി.ഐ ഉമേഷ് കുമാര്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പി.ടി അയ്യൂബ് അധ്യക്ഷനായി. എസ്.ഐ. എന്‍ പ്രജീഷ്, മധു കുറുപ്പത്ത്, എം.പി ബാബു, ഹാരിസ് മുക്കാളി, സാലിം അഴിയൂര്‍, കെ.വി രാജന്‍, വേണുനാഥ്, ബാബു പറമ്പത്ത്, കൈപ്പാട്ടില്‍ ശ്രീധരന്‍, വി.പി.പ്രകാശന്‍, ടി.സി രാമചന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."