HOME
DETAILS
MAL
ബിന്ദുക്കളില്‍ വിടരുന്നത് യൂസുഫിന്റെ ചിത്രവിസ്മയം
backup
May 10 2016 | 21:05 PM
വടകര: ബിന്ദുക്കള്‍ കൊണ്ടു ചിത്രവിസ്മയം തീര്‍ക്കുകയാണ് വടകരയ്ക്കടുത്ത് മയ്യന്നൂരിലെ ഓട്ടോ ഡ്രൈവറായ യൂസുഫ്. ചിത്രകല ഔപചാരികമായി പഠിക്കാതെ തന്നെ അധികമാരും കൈവച്ചിട്ടില്ലാത്ത കുത്തുകളിലൂടെയുള്ള ചിത്രരചനാ സങ്കേതത്തില്‍ വിരിഞ്ഞത് ഒട്ടേറെ ചിത്രങ്ങളാണ്. ആ ശേഖരത്തില്‍ കഴിഞ്ഞ ദിവസം വിടപറഞ്ഞ പ്രമുഖ സൂഫിവര്യനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷനുമായിരുന്ന ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാരുടെ ഒളിമങ്ങാത്ത ചിത്രവും ഉള്‍പ്പെടും.
വരകളില്ലാതെ, കുത്തുകള്‍ മാത്രമുള്ള മനോഹരമായ നിരവധി ചിത്രങ്ങള്‍ ഈ ഓട്ടോ ഡ്രൈവറുടെ വിരല്‍തുമ്പിലൂടെ കാന്‍വാസിലേക്കു പതിഞ്ഞിട്ടുണ്ട്. ബോള്‍പേന ഉപയോഗിച്ചാണു ചിത്രങ്ങള്‍ വരയ്ക്കുന്നത്. ഒരുചിത്രം പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും വേണ്ടിവരും. നൂറുകണക്കിനു കുത്തുകള്‍ ഉപയോഗിച്ചു രൂപപ്പെടുത്തുന്ന ഡോട്ട് ആര്‍ട്ടിന്റെ മറ്റൊരു പേരാണ് പോയന്റലിസം. ഏറെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമുള്ള ഒരു മാധ്യമം കൂടിയാണിത്.
ചെറുപ്പം മുതലേ വരയില്‍ അതീവ തല്‍പരനായിരുന്ന യൂസുഫ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണു വരയിലെ സാങ്കേതികതകള്‍ മനസിലാക്കുന്നത്. പ്രവാസിയായ ബക്കര്‍ തൃശ്ശൂരാണ് യൂസുഫിന്റെ വരയിലെ ഗുരു. പകല്‍ സമയങ്ങളില്‍ ഓട്ടോ ഓടിച്ച് ജീവിതോപാധി കണ്ടെത്തുന്ന യൂസുഫ് രാത്രി വൈകുവോളം ചിത്രരചനയിലേര്‍പ്പെടുന്നു.
സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്താനും വളര്‍ന്നുവരുന്ന തലമുറക്കു പരിശീലനം നല്‍കാനും ഈ യുവാവിന് ആഗ്രഹമുണ്ട്. ഒന്തംപറമ്പത്ത് കുഞ്ഞമ്മദിന്റെയും ആയിഷയുടെയും നാലു മക്കളില്‍ മൂന്നാമനാണ് യൂസുഫ്. കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും ഈ കലാപ്രതിഭയുടെ പ്രയാണത്തില്‍ ഒപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."