തൊടുപുഴയെ നടുക്കിയ കവര്‍ച്ച; പ്രതികളെല്ലാം പിടിയില്‍
തൊടുപുഴ: തൊടുപുഴയെ നടുക്കിയ കവര്‍ച്ച കേസിലെ മുഴുവന്‍ പ്രതികളെയും ഒരുമാസം പിന്നിടും മുന്‍പെ പിടികൂടിയത് പൊലിസിനെ സംബന്ധിച്ചിടത്തോളം അഭിമാന നേട്ടം. കവര്‍ച്ചയ്ക്കു ശേഷം ഒഡീഷയിലേക്ക് മുങ്ങിയ പ്രതികളെ കണ്ടെണ്ടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടണ്ടി വന്നു. പ്രതികളെ ഇന്നലെ തൊടുപുഴയില്‍ എത്തിച്ചു.
തൊടുപുഴ സി.ഐ എന്‍. ജി ശ്രീമോന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഒഡീഷ റായ്ഗഡ് ജില്ലയിലെ മുനിഗുഡ റെയില്‍വേ കോളനി സ്വദേശികളായ ചിങ്കു കര്‍ക്കരിയ(21), രമേശ് ചിച്ചുവാള്‍(23) എന്നിവരെ പിടികൂടിയത്. മുനിഗുഡയില്‍ നിന്നും 140 കിലോമീറ്റര്‍ അകലെ വനപ്രദേശത്തുളള മാവോയിസ്റ്റ് കേന്ദ്രമായ തിക്രിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കൂട്ടുപ്രതികളായ ഒഡീഷ ഹനുമന്ത്പൂര്‍ സ്വദേശി രാജ്കുമാര്‍ പത്ര(19)യും പതിനേഴുകാരനും രണ്ടാഴ്ച മുമ്പ് പിടിയിലായിരുന്നു.
കഴിഞ്ഞ മാസം 13ന് പുലര്‍ച്ചെയാണ് തൊടുപുഴ നഗരത്തെ ഞെട്ടിച്ച കവര്‍ച്ച അരങ്ങേറിയത്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം കൃഷ്ണവിലാസത്തില്‍ കെ ബാലചന്ദ്രന്റെ വീട്ടില്‍ എത്തിയ നാലംഗസംഘം അദ്ദേഹത്തെയും ഭാര്യ ശ്രീജയെയും അക്രമിച്ച് വായില്‍ തുണി കുത്തിത്തിരുകി ബന്ദികളാക്കി. തുടര്‍ന്ന് ബാലചന്ദ്രന്റെ പെട്രോള്‍ പമ്പിലെ കലക്ഷന്‍ തുകയായ 170000 രൂപ, രണ്ടു മൊബൈല്‍ ഫോണ്‍, സ്വര്‍ണമാല, രണ്ടു വള, ഐ പാഡ് എന്നിവ കവര്‍ന്നു. 30000 രൂപയും ഐപാഡും ബാലചന്ദ്രന്റെ മാലയും ശ്രീജയുടെ വളകളും മൊബൈല്‍ ഫോണും മുഖ്യപ്രതികളില്‍ നിന്നും കണ്ടെടുത്തു. ബാലചന്ദ്രന്റെ മൊബൈല്‍ ഫോണ്‍ നേരത്തെ പിടിയിലായവരില്‍ നിന്നും കണ്ടെടുത്തിരുന്നു. ബാക്കി പണം പ്രതികള്‍ വീതം വെച്ചെടുത്തു. ഇന്നലെ ഉച്ചയോടെ ബാലചന്ദ്രന്റെ വീട്ടിലെത്തിച്ച പ്രതികളെ അവര്‍ തിരിച്ചറിഞ്ഞു.
പ്രതികള്‍ സിം കാര്‍ഡ് മാറ്റി ഉപയോഗിച്ചിരുന്ന ബാലചന്ദ്രന്റെ മൊബൈല്‍ ഫോണാണ് പൊലിസിനെ തുണച്ചത്. മുമ്പ് പിടിയിലായവരെ തെരഞ്ഞ് ഒറീസയിലെത്തിയ പൊലിസ് സംഘം രമേശിന്റെയും ചിങ്കുവിന്റെയും നീക്കങ്ങള്‍ പ്രദേശവാസികളടങ്ങുന്ന വില്ലേജ് പൊലിസിന്റെ സഹായത്തോടെ നിരീക്ഷിച്ചിരുന്നു. അവരില്‍ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് ഒഡീഷയിലെത്തിയ രണ്ടാം സംഘത്തിന് മുഖ്യപ്രതികളെ കുടുക്കാനായത്.
കവര്‍ച്ചക്ക് ശേഷം ജ്യോതി ബസാറിന് മുന്‍വശത്തു നിന്നും ഓട്ടോറിക്ഷ വിളിച്ച നാലംഗ സംഘം മൂവാറ്റുപുഴയിലെത്തി. പിന്നീട് സുല്‍ത്താന്‍ ബത്തേരി ബസില്‍ പെരുമ്പാവൂരിലും. അവിടെ നിന്നും ടാക്‌സി കാര്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് ഓട്ടോയില്‍ എറണാകുളത്തെത്തി കോയമ്പത്തൂര്‍ക്കു പോയി. അവിടെ നിന്നും കുറേ സാധങ്ങള്‍ വാങ്ങി. ഇതിന് ശേഷം ബസില്‍ ബാംഗ്ലൂര്‍ വഴി ഒഡീഷയിലെത്തി. 16ന് രാത്രി മുനിഗുഡയിലെത്തിയ സംഘം പണം വീതം വെച്ചു. 27000 രൂപ വീതം മറ്റുളളവര്‍ക്ക് നല്‍കിയ രമേശ് കുറച്ചു പണം അവരറിയാതെ കൈക്കലാക്കി. രാജ്കുമാറിന് ഒരു ഫോണും നല്‍കി.വീടിന് സമീപത്തെ തറയോട് നിര്‍മ്മാണകേന്ദ്രത്തില്‍ ജോലി ചെയ്തിരുന്നവരാണ് ചിങ്കുവും രമേശും. ഒരു മോഷണത്തെ തുടര്‍ന്നാണ് ഇവരെ ഇവിടെ നിന്നും പിരിച്ചുവിട്ടത്.
ചിങ്കു പുല്ലുവഴിയിലെ ഒരു മില്ലിലും രമേശ് കുമാരമംഗലത്തെ ടയര്‍ കടയിലും ജോലി ചെയ്യുകയായിരുന്നു പിന്നീട്. ഇവരാണ് കവര്‍ച്ചയുടെ ആസൂത്രകര്‍. ക്രിമിനല്‍ പശ്ചാത്തലമുളള കുടുംബത്തില്‍പ്പെട്ടവരാണ് സംഘത്തിലെ എല്ലാവരുമെന്ന് സി.ഐ പറഞ്ഞു. മുനിഗുഡ വഴി കടന്നു പോകുന്ന തീവണ്ടിയില്‍ ഓടിക്കയറി കവര്‍ച്ച നടത്തുന്നില്‍ വിദഗ്ധരാണ് ഇവരില്‍ പലരും. രാജ്കുമാര്‍ പത്ര ഹനുമന്തപ്പൂര്‍ പൊലിസ് സ്‌റ്റേഷനിലെ ക്രിമിനല്‍ പട്ടികയിലുണ്ട്. മാവോവാദി ഭീഷണി മൂലം ബി.എസ്.എഫ് കാവലിലാണ് ഇവിടെ പൊലിസ് സ്‌റ്റേഷനുകള്‍. പൊലിസ് ജീപ്പില്‍ പൊലിസ് ബോര്‍ഡുമില്ല.
ഐ.പി.സി 394ാം വകുപ്പാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം, 10 വര്‍ഷം വരെ കഠിനതടവും പിഴയും എന്നിവയിലൊന്ന് ലഭിക്കാന്‍ സാധ്യതയുളള വകുപ്പാണിത്. സി.ഐക്ക് പുറമെ സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരാായ എന്‍. ഷാനവാസ്, എ.എച്ച് ഉബൈസ്, ഡിവൈ.എസ്.പി എന്‍.എന്‍ പ്രസാദിന്റെ കീഴിലുളള ഷാഡോ സ്‌ക്വാഡിലെ എസ്.ഐ ടി.ആര്‍ രാജന്‍, ടി.എം സുനില്‍ എന്നിവരും പ്രത്യേക സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."