ഇ.പിക്കെതിരേ പടയൊരുക്കം: കണ്ണൂര്‍ സി.പി.എമ്മില്‍ ഉരുള്‍പൊട്ടല്‍
കണ്ണൂര്‍: ബന്ധുനിയമനത്തില്‍ ആടിയുലഞ്ഞ് കണ്ണൂരിലെ സി.പി.എം. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗികവിഭാഗത്തിലുണ്ടായ ഉരുള്‍പൊട്ടല്‍ കേരളത്തിലെ ഏറ്റവും ശക്തമായ സംഘടനാ സംവിധാനമുള്ള കണ്ണൂരിലെ സി.പി. എമ്മില്‍ വ്യക്തമായ ചേരിതിരിവ് തീര്‍ത്തിരിക്കുകയാണ്. മുന്‍ ആരോഗ്യ മന്ത്രികൂടിയായ പി.കെ ശ്രീമതി എം.പി തന്റെ മരുമകളെ പേഴ്‌സനല്‍ സ്റ്റാഫായി നിയമിച്ചത് അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അനുമതിയോടെയാണെന്നു വ്യക്തമാക്കി ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് വിവാദം ആളിക്കത്തിച്ചിരിക്കുന്നത്.
ഒരുമണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ശ്രീമതിയുടെ മരുമകളുടെ നിയമനം താന്‍ അറിഞ്ഞിട്ടില്ലെന്നും മക്കള്‍ നിയമനം ഗൗരവകരമായി കാണുന്നുവെന്നും പാര്‍ട്ടി വേദികളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രകമ്മിറ്റിയംഗത്തിന് മറുപടിയായി പി.ബി അംഗം കൂടിയായ മുഖ്യമന്ത്രി പരസ്യമായി തുറന്നടിച്ചത് കണ്ണൂരിലെ ഉരുള്‍പൊട്ടലിന്റെ ആഴം വ്യക്തമാക്കിയിരിക്കുകയാണ്.
വ്യവസായ വകുപ്പില്‍ ഇ.പി ജയരാജന്‍ ബന്ധുവായ പി.കെ ശ്രീമതിയുടെ മകനെ നിയമിച്ചതാണ് വിവാദത്തിനു തുടക്കമിട്ടതെങ്കിലും കണ്ണൂര്‍ പാര്‍ട്ടിയില്‍ നേരത്തെയുണ്ടായ കടുത്തഭിന്നതയാണ് ഇപ്പോഴത്തെ ചേരിപ്പോരിനുകാരണം. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജന്‍, പി.കെ ശ്രീമതി എന്നിവര്‍ക്കെതിരേ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള ഒരുവിഭാഗം നേതാക്കള്‍ ശക്തമായി രംഗത്തുവന്നതിനുപിന്നില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വവുമായും ബന്ധമുണ്ട്. പി.കെ ശ്രീമതിയെ കണ്ണൂരിലെ സ്ഥാനാര്‍ഥിയായി ഇ.പി ഏകപക്ഷീയമായി തീരുമാനിച്ചത് കണ്ണൂരിലെ ഒരുവിഭാഗം നേതാക്കള്‍ക്ക് ദഹിച്ചിരുന്നില്ല. ഇ.പി ചില വ്യവസായികളുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ രാജേഷ് നമ്പ്യാരുമായി നടത്തിയ കൂട്ടുകച്ചവടവും അന്നേ പാര്‍ട്ടിയില്‍ വിവാദമായിരുന്നു. എന്നാല്‍ സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ അതീവവിശ്വസ്തരില്‍ ഒരാളെന്നു അറിയപ്പെട്ടിരുന്ന ഇ.പിക്കെതിരേ പരസ്യയുദ്ധത്തിന് ആരും തുനിഞ്ഞില്ല. ഇപ്പോള്‍ മൊറാഴ ലോക്കല്‍കമ്മിറ്റി തന്നെ ഇ.പിക്കെതിരേ ജില്ലാകമ്മിറ്റിക്കു പരാതി നല്‍കിയത് ചില ഉന്നത നേതാക്കളുടെ ഇടപെടല്‍ കാരണമാണെന്ന സൂചനയുണ്ട്.
സഹോദരന്‍ ഭാര്‍ഗവന്റെ മകന്റെ ഭാര്യ ദീപ്തി നിശാന്തിനെ കേരള സിറാമിക്‌സില്‍ ജനറല്‍ മാനേജരാക്കി നിയമിച്ചതാണ് മൊറാഴ ലോക്കല്‍ കമ്മിറ്റിയെ പ്രകോപിപ്പിച്ചത്. ഇതിനുസമാനമായി കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പിണറായി വിഭാഗത്തിലെ മറ്റൊരു കേന്ദ്രകമ്മിറ്റിയംഗമായ മന്ത്രി കെ.കെ ഷൈലജയുടെ മകനും മകന്റെ ഭാര്യയ്ക്കും കണ്ണൂര്‍ വിമാനത്താവളത്തിലെ സാങ്കേതിക വിഭാഗത്തില്‍ ഉന്നത ജോലി നല്‍കിയതും വിവാദമായിട്ടുണ്ട്.
പതിനാലിന് ചേരുന്ന പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെടുക്കുന്ന നിലപാട് കണ്ണൂര്‍ പാര്‍ട്ടിക്കും നിര്‍ണായകമായേക്കും. നേരത്തെ ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ കോടിയേരിയും ഇ.പിയും വിരുദ്ധധ്രുവത്തിലായിരുന്നു. പിണറായിയുടെ വിശ്വസ്തരാവാന്‍ മത്സരിച്ചിരുന്ന രണ്ടുപേരും വി.എസ് വിരുദ്ധ പോരാട്ടത്തില്‍ പിണറായിയുടെ ഒപ്പമുണ്ടായിരുന്നുവെങ്കിലും പിന്നീടകന്നു. ബന്ധു നിയമനത്തിന്റെ പേരില്‍ ഇ.പിയെ ശാസിച്ച പിണറായി വിജയനു പിന്തുണകൊടുത്ത്,നിയമനങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് തുറന്നുപറഞ്ഞ കോടിയേരി ഇ.പിക്കെതിരേയുള്ള നീക്കങ്ങള്‍ കടുപ്പിക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."