മന്‍മോഹന്‍ സിങ്ങിന്റെ കാലത്തും മിന്നലാക്രമണം നടന്നു
ആക്രമണം നടന്നതിന്റെ രേഖകള്‍ പുറത്ത്
ന്യൂഡല്‍ഹി: 2011ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരി െ ക്ക യു.പി.എ സര്‍ക്കാരും പാകിസ്താന്‍ അതിര്‍ത്തി കടന്ന് മിന്നലാക്രമണം (സര്‍ജിക്കല്‍ അറ്റാക്ക്) നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. എ.കെ ആന്റണി പ്രതിരോധവകുപ്പ് കൈകാര്യം ചെയ്യവെ നടന്ന ഓപ്പറേഷന്‍ ജിഞ്ചര്‍ എന്നു വിശേഷിപ്പിക്കപ്പെട്ട സൈനിക നടപടിയുടെ രേഖകള്‍ പുറത്തുവന്നു. കഴിഞ്ഞയാഴ്ച പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം സംബന്ധിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ വിശദീകരണത്തില്‍ പ്രതിപക്ഷവും വിദേശ മാധ്യമങ്ങളും സംശയം പ്രകടിപ്പിച്ചുവരുന്നതിനിടെയാണ് യു.പി.എ സര്‍ക്കാരിന്റെ കാലത്തു നടന്ന മിന്നലാക്രമണത്തിന്റെ രേഖകള്‍ ഒരു ഇംഗ്ലീഷ് പത്രം പുറത്തുവിട്ടത്. സൈനികനടപടിയും അതിന്റെ ദൃശ്യങ്ങളും ഫോട്ടോകളും തങ്ങളുടെ കൈവശമുണ്ടെന്നും പത്രം അവകാശപ്പെട്ടു.
2011 ജൂലൈ 30ന് കശ്മീരിലെ കുപ്‌വാര സൈനിക ക്യാംപിനു നേരെ പാകിസ്താന്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ഹവില്‍ദാര്‍ ജെയ്പാല്‍ സിങ് അധികാരി, ലാന്‍സ് നായിക് ദേവേന്ദര്‍ സിങ് എന്നിവര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇന്ത്യ മിന്നലാക്രമണം നടത്തിയത്.
ആഗസ്ത് 29നു പുലര്‍ച്ചെ മൂന്നിന് നിയന്ത്രണ രേഖ കടന്ന 25 അംഗ ഇന്ത്യന്‍ സൈന്യം ഒരു മണിക്കൂറിനുള്ളില്‍ ചൗക്ലിയിലെ പാക് പോസ്റ്റുകള്‍ക്ക് സമീപമെത്തി. ശക്തമായ തിരിച്ചടിയില്‍ സുബേദാര്‍ പര്‍വേഷ്, ഹവില്‍ദാര്‍ അഫ്താബ്, നായ്ക് ഇമ്രാന്‍ എന്നിവര്‍ ഉള്‍പ്പടെ എട്ട് പാക് സൈനികര്‍ കൊല്ലപ്പെടുകയും ഇവരുടെ ആയുധങ്ങളും തിരിച്ചറിയല്‍ രേഖകളും ശേഖരിച്ചു മടങ്ങുകയും ചെയ്തു.
45 മിനിറ്റായിരുന്നു സൈനികനടപടി നീണ്ടുനിന്നത്. ഇവരുടെ മൃതദേഹങ്ങളുടെ ഫോട്ടോ എടുത്ത് ഇന്ത്യന്‍ സൈന്യം സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മേജര്‍ ജനറല്‍ എസ്.കെ ചക്രവര്‍ത്തിയായിരുന്നു മിന്നലാക്രമണം ആസൂത്രണംചെയ്തത്. മിന്നലാക്രമണം അദ്ദേഹം സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായില്ലെന്നും വാര്‍ത്തയിലുണ്ട്.
യു.പി.എ സര്‍ക്കാരിന്റെ കാലത്തും മിന്നലാക്രമണം നടത്തിയതായി എന്‍.സി.പി ദേശീയ അധ്യക്ഷനും മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ അംഗവുമായിരുന്ന ശരത് പവാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."