മുഞ്ഞ ബാധയില്‍ നെല്‍വയലുകള്‍; കൃഷിഭവനുകള്‍ നോക്കുകുത്തിയാകുന്നു
ആലപ്പുഴ: കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ നെല്‍വയലുകളില്‍ മുഞ്ഞബാധ കാരണം ഹെക്ടര്‍കണക്കിന് നെല്‍ക്കൃഷി നശിച്ചു. 300 ഹെക്ടറിലെ കൃഷി പൂര്‍ണമായും 125 ഹെക്ടറില്‍ ഭാഗികമായും നശിച്ചതായാണ് കര്‍ഷക സംഘടനകള്‍ നല്‍കുന്ന കണക്ക്. പത്തുകോടിലധികം നഷ്ടമാണ് കണക്കാക്കുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് മുഞ്ഞബാധ പെരുകാന്‍ കാരണമാക്കിയതെന്ന് കര്‍ഷകര്‍ പറയുമ്പോള്‍ അമിതമായ കീടനാശിനി പ്രയോഗത്താല്‍ മിത്രകീടങ്ങള്‍ നശിച്ചത് മൂലമാണെന്ന വിലയിരുത്തലിലാണ് കൃഷി വകുപ്പ് .
എന്നാല്‍ മുഞ്ഞ ബാധ ആദ്യഘട്ടത്തില്‍ കണ്ടെത്തിയിരുന്നെങ്കില്‍ കൂടുതല്‍ പാടശേഖരങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാമായിരുന്നു. കുട്ടനാട്ടില്‍ രണ്ടാം കൃഷി വിളവെടുപ്പിന് സമയാമായെങ്കിലും ജാഗ്രതപുലര്‍ത്താന്‍ കൃഷിഭവനുകള്‍ക്ക് കഴിഞ്ഞില്ല. പാടശേഖരങ്ങളില്‍ ദിനംപ്രതി പരിശോധന നടത്തി നെല്‍ച്ചെടികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്ന രീതി ചിലയിടങ്ങളില്‍ മാത്രമാണ് കൃത്യമായി നടക്കുന്നത്. കുട്ടനാട്ടിലെ പകുതിയലധികം കൃഷിഭവനുകള്‍ പേരിന് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കൃഷി ഓഫിസര്‍മാരില്ലാത്ത സ്ഥലങ്ങളില്‍ കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശം കൊടുക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്.
വ്യാപകമായ മുഞ്ഞബാധക്ക് കാരണം അമിതമായ കീടനാശിനി പ്രയോഗമാണെന്ന് കൃഷിവകുപ്പ് വ്യക്തമാക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് ഇതിനെതിരേ വ്യക്തമായ അവബോധം നല്‍കാനും കീടനാശിനി കമ്പനികളെ നിയന്ത്രിക്കാനും അധികൃതര്‍ക്കാവുന്നില്ല.
അമിതമായ കീടനാശിനി പ്രയോഗം സംബന്ധിച്ച് കാര്‍ഷിക സര്‍വകലാശാല പരിശോധന നടത്തുമെന്നതും പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നു. കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞമാന്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി മുഞ്ഞബാധയെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ബേബിപാറക്കാടന്‍ പറയുന്നു. അതേ സമയം നഷ്ടം നേരിട്ട കര്‍ഷര്‍ക്ക് പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിക്കുമെന്ന് കൃഷി വകുപ്പ് അറിയിച്ചിട്ടുണ്ട്.
സമഗ്ര കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി തയാറാക്കാന്‍ മൂന്നു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും കാലതാമസം വരുത്താതെ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കഴിഞ്ഞ തവണയുണ്ടായ കാലവര്‍ഷക്കെടുതിയില്‍ സ്വകാര്യകമ്പനികള്‍ ഇന്‍ഷുറന്‍സ് തുക അനുവദിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയത് നിരവധി കര്‍ഷകരെ വലച്ചതായി പരാതിയുണ്ട്. മുഞ്ഞബാധമൂലം കൃഷി നശിച്ചവരുടെ പട്ടിക കൊയ്ത്തിനു മുമ്പ് തയാറാക്കണമെന്നാണ് കൃഷിവകുപ്പ് നിര്‍ദേശം.
കാരണം കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥയിലെ വ്യതിയാനമാണു രോഗത്തിന്റെ വ്യാപനത്തിനു പ്രധാനകാരണമെന്നു കാര്‍ഷിക വിദഗ്ധര്‍ പറയുന്നു. കൂടുതല്‍ വിത്തുപയോഗിച്ചതു മൂലം ഞാറു തിങ്ങിനില്‍ക്കുന്ന സ്ഥലങ്ങളിലാണു രോഗബാധ കൂടുതലായി കണ്ടെത്തിയത്. മുഞ്ഞ രോഗലക്ഷണം കാണുന്ന സ്ഥലങ്ങളിലെ ചെടികള്‍ നീക്കം ചെയ്താല്‍ രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ സഹായിക്കും. രോഗബാധയുള്ള ചെടികള്‍ നിലനിര്‍ത്തിയാല്‍ അവയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന രോഗകാരിയായ കുമിളിന്റെ വിത്തുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ച് രോഗതീവ്രത വര്‍ധിക്കും. രാസനിയന്ത്രണം ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഹെക്‌സാകോണാസോള്‍ അടങ്ങിയ കുമിള്‍നാശിനി ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു മില്ലി എന്ന തോതില്‍ കലര്‍ത്തി തളിക്കണമെന്നും കുട്ടനാട്ടില്‍ മുഞ്ഞബാധ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."