ഗനി അഹമ്മദ് നിഗം പൂനെ എഫ്.സിയില്‍
പാറക്കടവ്: പുറമേരി കടത്തനാട് രാജ ഫുട്ബോള്‍ അക്കാദമിയുടെ മിന്നുംതാരം ഗനി അഹമ്മദ് നിഗം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ പൂനെ എഫ്.സിയില്‍ ഇടംനേടി. അണ്ടര്‍-19 ഐ ലീഗ് ടീമിലാണ് നാദാപുരം പുളിക്കൂല്‍ സ്വദേശിയായ ഗനി ഇടം നേടിയത്. കോഴിക്കോട് ഫറൂഖ് കോളജില്‍ നടന്ന സെലക്ഷന് ക്യാംപില്‍ കേരളത്തില്‍ നിന്ന് ആറുപേര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതില്‍ ഗനി അഹമ്മദ് നിഗം മാത്രമാണ് പൂനെ ടീമിലെത്തിയത്.
ഒട്ടേറെ രാജ്യാന്തര മത്സരങ്ങളില്‍ കളിച്ച ഗനി പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂളില്‍ ഒളിംപ്യന്‍ റഹ്മാന് മെമ്മോറിയല്‍ അക്കാദമിയില്‍ എട്ടാം വയസിലാണ് പരിശീലനം തുടങ്ങിയത്. 2012ല്‍ അണ്ടര്‍-14ല്‍ കേരള ടീമിനു വേണ്ടി ബൂട്ടണിഞ്ഞു. ഡല്‍ഹിയില്‍ നടന്ന സുബ്രതോ മുഖര്‍ജി ചാംപ്യന്‍ഷിപ്പില്‍ ബ്രസീല്‍ സ്കൂള്‍ ടീമിനെതിരേ ഏഴു ഗോള്‍ നേടി ഇന്ത്യയുടെ ടോപ്പ് സ്കോററായിരുന്നു. 2015ല്‍ ഓള് ഇന്ത്യ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റില്‍ മലപ്പുറം എം.എസ്.പി സ്കൂളിന് ചാംപ്യന്‍ഷിപ്പ് നേടി കൊടുക്കുകയും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനുമായി.
കടത്തനാട് രാജ ഫുട്ബോള്‍ അക്കാദമി കോച്ചുമാരായ അഡി. എസ്.ഐ സി. സുരേന്ദ്രന്, എം.കെ പ്രദീപ് എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലനം നേടിയത്. സുബ്രതോ കപ്പില്‍ മലപ്പുറം എം.എസ്.പിയിലെ കോച്ച് ബിനോയ് പരിശീലകനായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 180പേര് കടത്തനാട് ഫുട്ബോള്‍ അക്കാദമിയില്‍ പരിശീലനം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."