ചെറുതുരുത്തി കോര്‍ണേഷന്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടിയിട്ട് അഞ്ചു വര്‍ഷം ലക്ഷങ്ങള്‍ വിലയുള്ള യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു
ചെറുതുരുത്തി: വ്യാപാര മേഖലയില്‍ സജീവമായിരുന്ന കോര്‍ണേഷന്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷം അഞ്ചായിട്ടും മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല.
നൂറുകണക്കിനു പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിരുന്ന മാര്‍ക്കറ്റ് തൃശൂര്‍, പാലക്കാട് ജില്ലകളുടെ അതിര്‍ത്തിയില്‍ ഭാരതപ്പുഴയുടെ തീരത്താണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതു തന്നെയാണ് ഈ മാര്‍ക്കറ്റിന്റെ ശാപവും. മാര്‍ക്കറ്റില്‍ നിന്നു മലിനജലം ഭാരതപ്പുഴയിലേക്ക് ഒഴുക്കുകയാണെന്നും ശാസ്ത്രീയമായ സംസ്‌കരണത്തിനു മാര്‍ഗമില്ലാത്തതിനാല്‍ മാലിന്യം പക്ഷികളും മറ്റും കിണറുകളിലും ജലാശയങ്ങളിലും കൊണ്ടിടുകയാണെന്നും നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പരാതിയുമായി രംഗത്തെത്തിയതോടെയാണ് മാര്‍ക്കറ്റ് അടച്ചുപൂട്ടിയത്.
എന്നാല്‍, നാട്ടുകാരുടെ പരാതി അധികൃതര്‍ പരിഗണിയ്ക്കാതായതോടെ വ്യവഹാര നടപടികളിലേക്കു വഴിമാറി കേസ് ഹൈക്കോടതിയിലും എത്തി. തുടര്‍ന്ന് മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കിയതിനുശേഷം മാത്രം മാര്‍ക്കറ്റ് തുറന്നാല്‍ മതിയെന്നും അതുവരെ അടച്ചിടണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.
പിന്നീട് പഞ്ചായത്തിലെ വെട്ടിക്കാട്ടിരിയിലേക്കു മാര്‍ക്കറ്റ് മാറ്റുകയും ചെയ്തു. കോടതി നിര്‍ദേശപ്രകാരം ആധുനിക സൗകര്യങ്ങളോടെയുള്ള പ്ലാന്റ് സജ്ജമാക്കി മാര്‍ക്കറ്റ് വീണ്ടും തുറക്കുമെന്നായിരുന്നു പഞ്ചായത്ത് ഭരണസമിതിയുടെ പ്രഖ്യാപനം. ഇതിന്റെ അടിസ്ഥാനത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സജ്ജമാക്കിയെങ്കിലും മാര്‍ക്കറ്റ് തുറക്കാന്‍ ഒരു നടപടിയുമായില്ല. മാലിന്യ പ്ലാന്റിന്റെ ഭാഗമായി മൂന്നു കിണറുകള്‍ മാലിന്യം ശേഖരിക്കുന്നതിനും നാലെണ്ണം വെള്ളം ശുദ്ധീകരിക്കുന്നതിനും വേണ്ടി സ്ഥാപിച്ചു. ഈ കിണറുകളും മറ്റു ഉപകരണങ്ങളുമെല്ലാം ഇപ്പോള്‍ ഉപയോഗശൂന്യമായി നശിച്ചുകൊണ്ടിരിക്കുകയാണ്. മാര്‍ക്കറ്റ് തുറക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതി പ്രകടിപ്പിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."