സാമൂഹ്യ ഡയാലിസിസ് സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി: കുറഞ്ഞചിലവില്‍ ഡയാലിസിസ് സൗകര്യം ലഭ്യമാക്കുന്ന 'സാമൂഹ്യ ഡയാലിസിസ് സെന്റര്‍' മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഉദ്ഘാടനം ചെയ്യും. എളമക്കര സാമൂഹ്യ ക്ഷേമ സഹകരണസംഘം കലൂര്‍ കറുകപ്പിള്ളിയിലാണ് സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്.ഷാന്‍ഗ്രില ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന് എം.എല്‍.എ അധ്യക്ഷത വഹിക്കും.
മുന്‍ എം.പി പി.രാജീവ്, അഡ്വ.എം.അനില്‍കുമാര്‍,സഹകരണ ജോയിന്റ് രജിസ്ട്രാര്‍ സി.കെ.ഗിരി എന്നിവര്‍ സംബന്ധിക്കും. വിദഗ്ധ നെഫ്രോളജിസ്റ്റിന്റെയും ടെക്നീഷ്യന്‍സിന്റെയും നഴ്സുമാരുടെയും സഹായത്തോടെ തുടക്കത്തില്‍ ദിവസവും ആറ് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ഇപ്പോള്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്നതെന്ന് സംഘം പ്രസിഡന്റ് അഡ്വ.കെ.വി.പ്രഭാകരമാരാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന അര്‍ഹരായ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സഹായം നല്‍കും.എന്നാല്‍ ആനുകൂല്യം ദുരുപയോഗം ചെയ്യാതിരിക്കാന്‍ പരിശോധനയിലൂടെയായിരിക്കും അര്‍ഹരായവരെ കണ്ടെത്തുക. രോഗികള്‍ കൂടിവരുന്നതനുസരിച്ച് കൂടുതല്‍ ഡയാലിസിസിനുള്ള സൗകര്യം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച സെന്ററില്‍ ആധുനിക സൗകര്യങ്ങളെല്ലാം സംഘം ഒരുക്കിയിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ സഹകരണമേഖലയില്‍ ആരംഭിക്കുന്ന ആദ്യത്തെ ഡയാലിസിസ് യൂനിറ്റാണ് സാമൂഹ്യ ഡയാലിസിസ് സെന്റര്‍.കുറഞ്ഞ നിരക്കില്‍ ആംബുലന്‍സ് സര്‍വ്വീസ്, 40ശതമാനം വരെ വിലക്കുറവ് ലഭിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍,40ശതമാനം ഡിസ്ക്കൗണ്ടോടെ അത്യാധുനിക ക്ലിനിക്കല്‍ ലബോറട്ടറി,സൗജന്യ ഡോക്ടര്‍ സേവനം, മരണാനന്തര ചിലവുകള്‍ നിര്‍വ്വഹിക്കാന്‍ 15000 രൂപ തുടങ്ങിയ സഹായങ്ങളും സംഘം നല്‍കിവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."