വൈദ്യുതി ഉല്‍പാദനം വെട്ടിക്കുറച്ചു: ഉപഭോഗത്തിന്റെ 75 ശതമാനവും കേന്ദ്രപൂളില്‍ നിന്ന്
തൊടുപുഴ: ഊര്‍ജപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ആഭ്യന്തര ജലവൈദ്യുതി ഉല്‍പാദനം വെട്ടിക്കുറച്ചു. തുലാമഴ വൈകുന്ന സാഹചര്യത്തില്‍ കരുതല്‍ ശേഖരത്തില്‍ കൂടുതല്‍ വയ്ക്കാതിരിക്കാനാണ് ജലവൈദ്യുതി ഉല്‍പാദനം വെട്ടിക്കുറച്ചത്.
ഇന്നലത്തെ ഉപഭോഗത്തിന്റെ 75 ശതമാനത്തില്‍ അധികവും കേന്ദ്രപൂളില്‍ നിന്നായിരുന്നു. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണെന്ന് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ ഇന്നലെ വെളിപ്പെടുത്തിയിട്ടുണ്ട്. 61.9615 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 7.4526 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ആഭ്യന്തര ഉല്‍പാദനം. 61.5695 ദശലക്ഷം യൂനിറ്റും കേന്ദ്രപൂളില്‍ നിന്നായിരുന്നു. ഇതില്‍ 6.609 ദശലക്ഷം യൂനിറ്റാണ് ജലവൈദ്യുതി. ഇടുക്കി ഒഴിച്ചുള്ള പദ്ധതികളില്‍ ഒരു ദശലക്ഷം യൂനിറ്റില്‍ താഴെയായിരുന്നു ഉല്‍പാദനം.
സംസ്ഥാനത്തെ പദ്ധതി പ്രദേശങ്ങളിലൊന്നും ഇന്നലെ മഴ പെയ്തിട്ടില്ല. അണക്കെട്ടുകളിലേയ്ക്കുള്ള നീരൊഴുക്ക് നാമമാത്രമായി. 5.337 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് ഇന്നലെ അണക്കെട്ടുകളിലേയ്ക്ക് ഒഴുകിയെത്തിയത്. 2205.114 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് എല്ലാ സംഭരണികളിലുമായി അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 273.96 ദശലക്ഷം യൂനിറ്റ് കുറവാണിത്. ഇത് സംഭരണശേഷിയുടെ 53 ശതമാനമാണ്. ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയിലെ ഇന്നലത്തെ ജലനിരപ്പ് 716.134 മീറ്ററാണ്. ഇത് സംഭരണശേഷിയുടെ 45 ശതമാനമാണ്. ഈ വര്‍ഷം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ശേഷിയുടെ 50 ശതമാനം കടന്നിട്ടില്ല. പമ്പ- 58 ശതമാനം, ഷോളയാര്‍ -82, ഇടമലയാര്‍- 58, കുണ്ടള- 49, മാട്ടുപ്പെട്ടി- 62, കുറ്റ്യാടി- 63, ആനയിറങ്കല്‍- 30, നേര്യമംഗലം- 63, പൊരിങ്ങല്‍- 42, പൊന്മുടി- 43 ശതമാനം എന്നിങ്ങനെയാണ് മറ്റു പ്രധാന സംഭരണികളിലെ ജലനിരപ്പ്.
മഴയുടെ കുറവ് ഇക്കൊല്ലം മുന്‍വര്‍ഷത്തേക്കാള്‍ ശക്തമായ ഊര്‍ജപ്രതിസന്ധിക്കിടയാക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് മഴയുടെ അളവില്‍ 40 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വൈദ്യുതോല്‍പാദനം വര്‍ധിപ്പിക്കാന്‍ കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. മണ്‍സൂണ്‍ കേരളത്തിന് ശുഭസൂചനയല്ല നല്‍കിയത്. തുലാമഴയിലാണ് അവശേഷിക്കുന്ന പ്രതീക്ഷയെങ്കിലും കാര്യങ്ങള്‍ ശുഭകരമല്ല. 1500 കോടി മുതല്‍ 2200 കോടി വരെ യൂനിറ്റാണ് ഓരോ വര്‍ഷവും സംസ്ഥാനത്തിന് ആവശ്യമായി വരുന്നത്.
വിവിധ പദ്ധതികളില്‍നിന്നുള്ള ഉല്‍പാദനം 600 - 700 കോടി യൂനിറ്റ് മാത്രമാണ്. സോളാര്‍, വിന്‍ഡ് പദ്ധതികളില്‍നിന്നും അഞ്ച് ശതമാനത്തില്‍ താഴെയാണ് വൈദ്യുതി ലഭിക്കുന്നത്. ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നു വകുപ്പു മന്ത്രി ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അവശ്യഘട്ടം വന്നാല്‍ പുനഃപരിശോധിക്കേണ്ട അവസ്ഥയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."